
കൂട്ടത്തിലൊരാൾ ഒഴുക്കിൽപ്പെട്ട് മരണത്തിലേക്ക് അകന്നകന്നു പോകുന്നത് നിസ്സഹായതയോടെ കണ്ടുനിൽക്കേണ്ടി വരുന്നതു പോലൊരു ദുരവസ്ഥ, അപകടങ്ങളുമായി ബന്ധപ്പെട്ട് വേറെയുണ്ടാവില്ല! ഒഴുക്കുള്ള നദിയിലേക്ക് അപകടമറിയാതെ ഇറങ്ങുന്നവർ മാത്രമല്ല, അവരെ രക്ഷിക്കാൻ പിന്നാലെയിറങ്ങുന്നവരും ചിലപ്പോൾ അപകടത്തിൽപ്പെട്ടേക്കാം. നദികളും കായലും കുളങ്ങളും തോടുകളും വേണ്ടത്രയുള്ള സംസ്ഥാനത്ത് സ്വാഭാവികമായും മുങ്ങിമരണങ്ങളും അധികമായിരിക്കുമല്ലോ. കേരളത്തിലൊട്ടാകെ നദികളിലും കുളങ്ങളിലും മറ്റും ജീവൻ പൊലിയുന്നവരുടെ എണ്ണം പ്രതിവർഷം 900 മുതൽ ആയിരം വരെയാണെന്നാണ് ഏകദേശ കണക്ക്. തിരുവനന്തപുരം ജില്ലയിൽ മാത്രം 2019 മുതൽ കഴിഞ്ഞ വർഷം അവസാനം വരെ 352പേർ വിവിധ ജലസ്രോതസുകളിൽപ്പെട്ട് മരിച്ചിട്ടുണ്ടെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. അണക്കെട്ടുകളും നദീതീരങ്ങളും മറ്റും കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലാണ് മുങ്ങിമരണങ്ങളുടെ എണ്ണം കൂടുതലെന്ന് ജലദുരന്തങ്ങളുടെ വാർത്തകൾ ശ്രദ്ധിച്ചാൽത്തന്നെ മനസിലാകും.
തിരുവനന്തപുരത്ത് വ്യാഴാഴ്ച ഉച്ചയ്ക്ക് വാമനപുരം നദിയിൽ ഒഴുക്കിൽപ്പെട്ട ടെക്നോപാർക്ക്
ജീവനക്കാരിയായ മണക്കാട് സ്വദേശിനി പി. അനുപമ എന്ന യുവതിയെ മരണം കവർന്നത്, കാൽവഴുതി നദിയിൽ വീണ കൂട്ടുകാരി ശ്രുതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ്. കൂടെയുള്ളവർക്ക് ശ്രുതിയെ രക്ഷപ്പെടുത്താനായെങ്കിലും അനുപമ ഒഴുക്കിൽ മുങ്ങിത്താഴുകയായിരുന്നു. വിതുരയിലെ താവക്കലിലുള്ള ചെറിയ വെള്ളച്ചാട്ടം കാണാനെത്തിയ സംഘത്തിൽപ്പെട്ടവരായിരുന്നു ഇരുവരും. ഇതേ മേഖലയിൽത്തന്നെ, വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടിയിലേക്ക് പോകുംവഴിയുള്ള കല്ലാർ ആണ് മുങ്ങിമരണങ്ങൾ പതിവായ മറ്റൊരു അപകടകേന്ദ്രം. കരയിൽ നിൽക്കുമ്പോൾ ഒഴുക്കിന്റെ ശക്തിയോ, ഒഴുക്കിനടിയിലെ കയങ്ങളോ തിരിച്ചറിയാൻ കഴിയില്ലെന്നതാണ് മിക്കപ്പോഴും അപകടത്തിന് ഇടയാക്കുന്നത്. കല്ലാർ, അരുവിക്കര ഡാം, പൊഴിക്കര എന്നിവിടങ്ങൾ ഉൾപ്പെടെ 16 ജലസ്രോതസുകളെ അപകട മേഖലകളായി ജില്ലാ ഭരണകൂടം തന്നെ തിരിച്ചറിഞ്ഞ് മുന്നറിയിപ്പുകൾ നൽകിയിട്ടുള്ളതാണ്.
മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുക, നേരത്തേ അതേ സ്ഥലത്തുണ്ടായ മുങ്ങിമരണങ്ങളുടെ എണ്ണം രേഖപ്പെടുത്തിയ ജാഗ്രതാ ബോർഡുകൾ വയ്ക്കുക, ഒഴുക്കുള്ളിടത്തേക്ക് ഇറങ്ങുന്നത് തടയാൻ കമ്പിവേലി സ്ഥാപിക്കുക തുടങ്ങിയ കരുതൽ നടപടികളാണ് സാധാരണഗതിയിൽ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലുകളും പഞ്ചായത്തുകളും മറ്റും സ്വീകരിക്കുക. സന്ദർശകരുടെ തിരക്ക് കൂടുതലുള്ള സ്ഥലങ്ങളിൽ മാത്രമായിരിക്കും കാവലിന് ജീവനക്കാരോ, ലൈഫ് ഗാർഡുകളോ മറ്രോ ഉണ്ടാവുക. തീരങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ജാഗ്രതാ നിർദ്ദേശങ്ങൾ അവഗണിച്ചും, കമ്പിവേലി ചാടിക്കടന്നും മറ്റും നദിയിലേക്കും റിസർവോയറിലേക്കുമൊക്കെ ഇറങ്ങുന്ന ചെറുപ്പക്കാരാവും അധികവും അപകടത്തിൽപ്പെടുക. ഒപ്പമുള്ളവർ വിലക്കിയാലും അനുസരിക്കാതെ അമിതാവേശം കാണിച്ച് അപകടം ക്ഷണിച്ചുവരുത്തുന്നവരുടെ എണ്ണവും കുറവല്ല.
ശക്തമായ ഒഴുക്കിൽപ്പെട്ടാൽ നീന്തൽ നല്ല വശമുള്ളവർക്കു പോലും രക്ഷപ്പെടാൻ ബുദ്ധിമുട്ടാണെന്നിരിക്കെ, ടൂറിസ്റ്റുകളായും മറ്റും എത്തുന്നവരിൽ പലരും നീന്തൽ തീരെ അറിയാത്തവരായിരിക്കും. കഴിഞ്ഞ ദിവസം വാമനപുരം നദിയിലേക്ക് തെന്നിവീണ ശ്രുതിക്കോ, രക്ഷിക്കാനിറങ്ങി ജീവൻ നഷ്ടമായ അനുപമയ്ക്കോ നീന്തൽ വശമുണ്ടായിരുന്നില്ല. കേരളത്തിന്റെ പ്രത്യേക ഭൂപ്രകൃതി പരിഗണിച്ച് ജലസുരക്ഷ എന്നത് സ്കൂൾ സിലബസിൽ ഉൾപ്പെടുത്തുക മാത്രമല്ല, നീന്തൽ പരിശീലനം നിർബന്ധമാക്കുകയും വേണം. ഇക്കാര്യം എത്രയോ വർഷങ്ങളായി സർക്കാർ പറയുന്നുണ്ടെങ്കിലും നടപടികൾ മാത്രം ഉണ്ടാകുന്നില്ല. വിനോദസഞ്ചാര കേന്ദ്രങ്ങൾ കൂടിയായ നദീതീരങ്ങളിൽ, വെള്ളം അധികമുള്ള മാസങ്ങളിലെങ്കിലും കാവലിന് ജീവനക്കാരെ ഏർപ്പെടുത്തുകയും, ലൈഫ് ഗാർഡുകളെ നിയോഗിക്കുകയുമാണ് പരിഹാര മാർഗം. ദിവസങ്ങൾക്കു മുമ്പ് അധികാരമേറ്റ പുതിയ സർക്കാരെങ്കിലും ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധയും കരുതലും പുലർത്തേണ്ടതാണ്. സ്വന്തം ജീവനെ ഒഴുക്കിനു കൊടുക്കില്ലെന്ന് ഓരോരുത്തരും തീരുമാനിക്കുകയും വേണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |