തൊടുപുഴ: ഇടവെട്ടി പഞ്ചായത്തിലേക്ക് പോകുന്ന തൊടുപുഴ നഗരസഭയുടെ ഭാഗമായ റോഡിനെ അധികൃതർ പാടെ അവഗണിച്ചതോടെ ദുരിതത്തിലായി യാത്രക്കാർ. തൊണ്ടിക്കുഴ ക്ഷേത്രത്തിന് സമീപത്ത് നിന്ന് ആരംഭിച്ച് മുതലക്കോടം കോണിക്കമാലിൽ ഭാഗത്തേക്ക് പോകുന്ന റോഡിന്റെ 200 മീറ്ററോളം ഭാഗമാണ് തകർന്ന് കിടക്കുന്നത്. പഞ്ചായത്തിന്റെ പേര് പറഞ്ഞ് റോഡിനെ അവഗണിക്കുന്ന നഗരസഭാ അധികൃതർക്കെതിരെ നാട്ടുകാർ പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ്. നഗരസഭയുടെ 14-ാം വാർഡും ഇടവെട്ടി പഞ്ചായത്തിന്റെ രണ്ടാം വാർഡും തമ്മിൽ അതിർത്തി പങ്കിടുന്ന സ്ഥലമാണിത്. പഞ്ചായത്തും നഗരസഭയും തമ്മിൽ അതിർത്തി വേർതിരിക്കുന്നത് ചെറിയ കൈത്തോടാണ്. ഇതിന് സമീപം വരെ വർഷങ്ങളെടുത്ത് ഘട്ടം ഘട്ടമായി പഞ്ചായത്ത് റോഡ് കോൺക്രീറ്റ് ചെയ്യുന്ന ജോലികൾ പൂർത്തിയാക്കിയിട്ടുണ്ട്. ഇവിടെ നിന്നുള്ള റോഡാണ് തകർന്ന് കിടക്കുന്നത്. ഏതാണ്ട് നൂറോളം വീടുകളാണ് ഈ മേഖലയിൽ പഞ്ചായത്തിലും നഗരസഭയിലുമുള്ളത്. ഇവർക്ക് തൊടുപുഴ നഗരത്തിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനുള്ള റോഡാണ് അവഗണനയിൽപ്പെട്ട് കിടക്കുന്നത്. റോഡിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ കാൽനട യാത്രക്കാർക്ക് നടക്കാൻ പോലും പറ്റാത്ത സാഹചര്യമാണ്.
നന്നാക്കിയിട്ട്
10 വർഷം
പത്ത് വർഷത്തിലേറെയായി ഈ വഴി നവീകരിച്ചിട്ടെന്ന് പ്രദേശവാസികൾ പറയുന്നു. റോഡാകെ തകർന്ന് ടാറിങ് കാണാൻ പോലുമില്ല. പലയിടത്തും ഉരുളൻ കല്ലുകൾ നിറഞ്ഞ് വാഹനങ്ങൾ പോകാൻ സാധിക്കാത്ത അവസ്ഥയാണ്. ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പരിക്കേൽക്കുന്നതും പതിവാണ്. മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് റോഡ് നവീകരണം പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |