SignIn
Kerala Kaumudi Online
Tuesday, 19 May 2026 5.31 PM IST

സി.പി.എം ജില്ലാ കമ്മിറ്റിയിൽ വി​മർശനം, എം.വി. ഗോവിന്ദൻ സ്ഥാനം ഒഴിയണം

കൊല്ലം: എം.വി. ഗോവിന്ദൻ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയണമെന്ന് തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ചേർന്ന സി.പി.എം ജില്ലാ കമ്മിറ്റി യോഗത്തിന്റെ ആദ്യദിനത്തിൽ ആവശ്യം. കഴിഞ്ഞ ദിവസം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലേതി​നു സമാനമായി​ പിണറായി വിജയനും എം.വി. ഗോവിന്ദനുമാണ് പരാജയത്തിന്റെ ഉത്തരവാദികളെന്ന വിമർശനവും ഉയർന്നു.

സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടായിരുന്നില്ല. സംസ്ഥാന സർക്കാരിന്റെ വികസന, ക്ഷേമ പ്രവർത്തനങ്ങളിൽ ജനങ്ങൾ തൃപ്തരായിരുന്നു. പക്ഷെ രണ്ട് നേതാക്കളുടെ പെരുമാറ്റത്തിനെതിരായ വിധിയെഴുത്താണ് ഉണ്ടായതെന്നും ചർച്ചയിൽ പങ്കെടുത്ത ഭൂരിഭാഗം ജില്ലാ കമ്മിറ്റി അംഗങ്ങളും തുറന്നടിച്ചു. എം.വി. ഗോവിന്ദൻ ഭാര്യയെ സ്ഥാനാർത്ഥിയാക്കിയതാണ് കണ്ണൂരിൽ വലിയ തിരിച്ചടി ഉണ്ടായതിന്റെ കാരണം. അത് മറ്റ് ജില്ലകളെയും ബാധിച്ചു. കീഴ് ഘടങ്ങളിലെ പ്രവർത്തകരോട് മാന്യമായി പെരുമാറണമെന്ന് ഉപദേശിക്കുന്ന നേതാക്കൾ മാദ്ധ്യമങ്ങൾക്ക് മുന്നിലും പൊതുവേദികളിലും അരോചകമായാണ് പെരുമാറുന്നത്.

പിണറായി വിജയനെതിരായ വിധിയെഴുത്താണെന്ന് ബോദ്ധ്യമായിട്ടും അദ്ദേഹത്തെ പ്രതിപക്ഷ നേതാവാക്കിയത് ജനവിധിയോടുള്ള വെല്ലുവിളിയാണെന്നും വിമർശനം ഉയർന്നു. തിരഞ്ഞെടുപ്പ് പരാജയങ്ങളുടെ പേരിൽ കീഴ്ഘടങ്ങളിലെ നിരവധി നേതാക്കൾക്കെതിരെ കഴിഞ്ഞകാലങ്ങളിൽ നടപടിയുണ്ടായിട്ടുണ്ട്. നിയമസഭ തിരഞ്ഞെടുപ്പിലെ പരാജയത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റിലെ മുഴുവൻ അംഗങ്ങൾക്കെതിരെയും നടപടി വേണം. നേതാക്കൾ സ്തുതിഗീതം പാടിയ സംസ്ഥാന സെക്രട്ടറിയേറ്റിനാണ് പരാജയത്തിന്റെ ഉത്തരവാദിത്വം. വിമർശിക്കുന്നവരെ പാർട്ടിയിൽ ഒതുക്കുന്ന സമീപനം തിരുത്തണം. ഇത്തരം ഒതുക്കലുകൾ കാരണം മേൽതട്ട് മുതൽ കീഴ്ത്തട്ട് വരെ അഭിപ്രായങ്ങൾ തുറന്നുപറയാൻ ഭയക്കുകയാണെന്നും വിമർശനം ഉയർന്നു.

ഓരോ മണ്ഡലത്തിലെയും തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തിയായിരുന്നു ചർച്ച. ന്യൂനപക്ഷങ്ങൾ കൂട്ടത്തോടെ യു.ഡി.എഫിന് വോട്ട് ചെയ്തു. ചിലയിടങ്ങളിൽ ഭൂരിപക്ഷത്തിലെ ചില സമുദായങ്ങളുടെ ധ്രുവീകരണവും ഉണ്ടായി. സാധാരണ ജില്ലാ കമ്മിറ്റി യോഗങ്ങളിൽ എല്ലാവർക്കും ചർച്ചയിൽ പങ്കെടുക്കാൻ സമയം കിട്ടാറില്ല. എന്നാൽ എല്ലാവരും ചർച്ചയിൽ പങ്കെടുക്കണമെന്ന ആമുഖത്തോടെയാണ് ഇന്നലെ യോഗം ആരംഭിച്ചത്. ഇന്നും ചർച്ച തുടരും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL