SignIn
Kerala Kaumudi Online
Thursday, 21 May 2026 6.58 PM IST

ഇസ്രയേലിന് നേരെ ഡ്രോണുകളും മിസൈലുകളും തൊടുത്ത് ഇറാൻ; സംയമനം പാലിക്കണമെന്ന് ഐക്യരാഷ്‌ട്ര സഭ

iran

ടെൽ അവീവ്: ഇസ്രയേലിന് നേരെ ഡ്രോണുകളും മിസൈലുകളും തൊടുത്ത് ഇറാൻ. ഇരുന്നൂറോളം മിസൈലുകളും പത്ത് ഡ്രോണുകളും തകർത്തെന്ന് ഇസ്രയേൽ സ്ഥിരീകരിച്ചു. ഇന്ത്യൻ സമയം പുലർച്ചെ രണ്ട് മണിയോടെയാണ് ആക്രമണം തുടങ്ങിയത്.

ഏത് ആക്രമണവും നേരിടാൻ ഇസ്രയേൽ സജ്ജമാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു. ഇസ്രയേലിന്റെ രക്ഷയ്ക്ക് മിസൈൽവേധ സംവിധാനങ്ങളുള്ള രണ്ട് യു.എസ് യുദ്ധക്കപ്പലുകൾ കിഴക്കൻ മെഡിറ്ററേനിയനിൽ എത്തിയിട്ടുണ്ട്.

അതേസമയം, ഇസ്രയേലും ഇറാനും സംയമനം പാലിക്കണമെന്ന് ഐക്യരാഷ്‌ട്ര സഭ ആവശ്യപ്പെട്ടു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജോർദാനും ഇറാഖും ലെബനനും വ്യോമമേഖല അടച്ചു. ഇറാൻ - ഇസ്രയേൽ സംഘർഷത്തിൽ ഇന്ത്യ ആശങ്ക അറിയിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളിലുള്ള ഇന്ത്യക്കാരുമായി എംബസികൾ ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയിൽ നിന്നുള്ള എയർ ഇന്ത്യ അടക്കമുള്ള വിമാനങ്ങൾ ഇറാൻ വ്യോമപാത ഒഴിവാക്കിയായിരിക്കും സഞ്ചരിക്കുക.

കഴിഞ്ഞ ദിവസം യു എ ഇയിൽ നിന്ന് മുംബയിലേക്ക് വരുകയായിരുന്ന ഇസ്രയേലി ചരക്കുകപ്പൽ ഇറാൻ പിടിച്ചെടുത്തിരുന്നു. ഇസ്രയേലിലെ ശതകോടീശ്വരനായ ഇയാൽ ഓഫറിന്റെ ഉടമസ്ഥതയിലുള്ള സോഡിയാക് ഗ്രൂപ്പിന്റെ കപ്പലാണ് ഇറാൻ റെവല്യൂഷണറി ഗാർഡ്സ് (ഐ.ആർ.ജി.എസ്) പിടിച്ചെടുത്തത്.ഹോർമുസ് കടലിടുക്കിൽ വച്ചാണ് 'എം.എസ്.സി ഏരീസ്' എന്ന കണ്ടെയ്നർ കപ്പൽ വരുതിയിലാക്കിയത്. എമിറാത്തി തുറമുഖ നഗരമായ ഫുജൈറയ്ക്ക് സമീപത്തുവച്ച് ഹെലികോപ്ടറുകൾ വഴി കപ്പലിലേക്ക് സൈനികർ ഇറങ്ങുകയായിരുന്നു.

കപ്പൽ ഇറാൻ തീരത്തേക്ക് മാറ്റി. രണ്ടു മലയാളികൾ അടക്കം 17 ഇന്ത്യക്കാർ കപ്പലിലുണ്ട്. ഇവരുടെ സുരക്ഷ ഉറപ്പാക്കാനും മോചനം സാദ്ധ്യമാക്കാനും ഇന്ത്യ നയതന്ത്രതലത്തിൽ ഡൽഹിയിലും ടെഹ്റാനിലും അടിയന്തര ഇടപെടൽ തുടങ്ങി.

ഹമാസിനെതിരെ യുദ്ധം ചെയ്യുന്ന ഇസ്രയേൽ, രണ്ടാഴ്ച മുമ്പ് സിറിയയിലെ ഡമാസ്കസിൽ ഇറാന്റെ എംബസി മന്ദിരത്തിനുനേരെ വ്യോമാക്രമണം നടത്തിയിരുന്നു. രണ്ടു ജനറൽമാർ ഉൾപ്പെടെ ഏഴുപേർ കൊല്ലപ്പെട്ടതോടെ തിരിച്ചടിക്കുമെന്ന് ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനി മുന്നറിയിപ്പ് നൽകിയത് സ്ഥിതിഗതികൾ സങ്കീർണമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS, IRAN, ISRAEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360