SignIn
Kerala Kaumudi Online
Friday, 15 May 2026 8.16 PM IST

അഞ്ച് ലക്ഷത്തിന്റെ സ്വർണമടങ്ങിയ ബാഗ് കട്ടു, മോഷണമുതൽ മില്ലിലെ അരിപ്പെട്ടിയിൽ ഒളിപ്പിച്ചു, പിടിയിലായത് ഇങ്ങനെ

gold-theft

തിരുവനന്തപുരം: റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയുടെ അഞ്ചുലക്ഷം വില വരുന്ന സ്വർണമടങ്ങിയ ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ. കന്യാകുമാരി ഭൂതപ്പാണ്ടി സ്വദേശി ശ്യാം ക്രിസ്പിനാണ് (42) തിങ്കളാഴ്ച രാത്രിയോടെ തമ്പാനൂർ ബസ് സ്റ്റാൻഡ് പരിസരത്തു നിന്ന് പിടിയിലായത്.
കഴിഞ്ഞമാസം 25ന് തിരുവനന്തപുരം റെയിൽവേ സ്റ്റേഷന്റെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലായിരുന്നു മോഷണം. സംഭവശേഷം ഒളിവിൽ പോയ പ്രതിയെ ആർ.പി.എഫ് ക്രൈം ഇന്റലിജൻസും റെയിൽവേ പൊലീസും സംയുക്തമായാണ് വലയിലാക്കിയത്. മോഷണശേഷം പ്രതി തമ്പാനൂർ,കിഴക്കേകോട്ട,കരമന, അരിസ്റ്റോ എന്നിവിടങ്ങളിലൂടെ കടന്നുപോയതായി സി.സി ടിവി ദൃശ്യങ്ങളിൽ കണ്ടിരുന്നു. നിരീക്ഷണം തുടരുന്നതിനിടെ തിങ്കളാഴ്ച രാത്രി തമ്പാനൂർ ബസ് സ്റ്റാൻഡ് പരിസരത്ത് സംശയാസ്പദമായി കണ്ടയാളെക്കുറിച്ച് ആർ.പി.എഫ് ഉദ്യോഗസ്ഥർ തമ്പാനൂർ പൊലീസിന് വിവരം കൈമാറി.


അന്ന് മോഷണ ദൃശ്യങ്ങളിൽ പ്രതിയുടെ കൈവശമുണ്ടായിരുന്ന സമാനമായ ബാഗ് കണ്ടതോടെയാണ് ആർ.പി.എഫുകാരുടെ സംശയം ബലപ്പെട്ടത്. റെയിൽവേ പൊലീസ് ഉടൻ സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ നെടുമങ്ങാട് വാണ്ട എന്ന പ്രദേശത്തെ അരിമില്ലിന് സമീപത്തുള്ള പലകപ്പെട്ടിയിൽ മോഷണമുതൽ ഒളിപ്പിച്ചു വച്ചിരിക്കുന്നതായി ഇയാൾ മൊഴി നൽകി. പൊലീസ് പ്രതിയുമായി സ്ഥലത്തെത്തി മുഴുവൻ സ്വർണവും കണ്ടെടുത്തു. പ്രതിയെ റിമാൻഡ് ചെയ്തു.


ആർ.പി.എഫ് തിരുവനന്തപുരം ഡിവിഷണൽ കമ്മിഷണർ മുഹമ്മദ് ഹനീഫയുടെ നിർദ്ദേശപ്രകാരം ഇൻസ്പെക്ടർ ബി.എൽ.ബിനുകുമാർ,ക്രൈം ഇന്റലിജൻസ് ഇൻസ്പെക്ടർ ജിപിൻ.എ.ജെ, ജി.ആർ.പി ഇൻസ്പെക്ടർ സജിത്ത്കുമാർ,ജയൻ,ക്രൈം ഇന്റലിജൻസ് ഉദ്യോഗസ്ഥരായ പ്രെയ്സ് മാത്യു,അനൂബ്,ഫിലിപ്സ് ജോൺ, ജോസ്,ക്രൈം പ്രിവൻഷൻ ഉദ്യോഗസ്ഥരായ രജിത്ത്,അബ്ദുൾ സലാം,മനു,നിമോഷ്,സജീവ്,വിനോദ്, സി.പി.ഒമാരായ സരിൻ,അഖിൽ,ഗിരീഷ് എന്നിവർ ചേർന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

മദ്യപിക്കാൻ മോഷണം !

ജോലിക്കൊന്നും പോകാത്ത ഇയാൾ മദ്യപിക്കുന്നതിനാണ് മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ മറ്റു കേസുകളില്ല.
മദ്യത്തിനും മയക്കുമരുന്നിനും അടിമയായ പ്രതി വിവാഹിതനാണെങ്കിലും കുടുംബവുമായി യാതൊരു ബന്ധവുമില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, GOLD BAG, THEFT, RAILWAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY