SignIn
Kerala Kaumudi Online
Tuesday, 19 May 2026 3.13 PM IST

സ്ത്രീകളുടെ സൗജന്യയാത്ര ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ, ലിമിറ്റഡ് സ്റ്റോപ്പ് ബസുകളിൽ? അധികവരുമാനത്തിലൂടെ ബാദ്ധ്യത കുറയ്ക്കാൻ നീക്കം

ksrtc

തിരുവനന്തപുരം: കെ എസ് ആർ ടി സിയിൽ ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ, ലിമിറ്റഡ് സ്റ്റോപ്പ് ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര നൽകാനാണ് സർക്കാർ ആലോചിക്കുന്നതെന്ന് റിപ്പോർട്ട്. ഇക്കാര്യത്തെക്കുറിച്ചടക്കം ചർച്ചചെയ്യാൻ ഉന്നത ഉദ്യോഗസ്ഥരുടെ യാേഗം വിളിച്ചിട്ടുണ്ട്. ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ, ലിമിറ്റഡ് സ്റ്റോപ്പ് ബസുകളിൽ സൗജന്യയാത്ര അനുവദിച്ചാൽ സർക്കാർ പ്രതിമാസം 60 കോടിയോളം രൂപ കെ എസ് ആർ ടി സിക്ക് നൽകേണ്ടിവരും എന്നാണ് കരുതുന്നത്. പ്രതിദിനം പന്ത്രണ്ടുലക്ഷത്തോളം സ്ത്രീകൾ കെ എസ് ആർ ടി സി ബസുകളിൽ യാത്രചെയ്യുന്നുണ്ട് എന്നാണ് കണക്ക്.

ഇപ്പോൾത്തന്നെ ശമ്പളമുൾപ്പെടെ നൽകാൻ സർക്കാർ സഹായം കെ എസ് ആർ ടി സിക്ക് നൽകുന്നുണ്ട്. സ്ഥാപനത്തിന് അധിക ബാദ്ധ്യതവരുത്താതെ എങ്ങനെ പദ്ധതി നടപ്പാക്കാം എന്ന ആലോചനയിലാണ് ബന്ധപ്പെട്ടവർ. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കെ എസ് ആർ ടി സിക്ക് അധികവരുമാനം കണ്ടെത്താനുള്ള ചില മാർഗങ്ങൾ നടപ്പാക്കിയിരുന്നു. ഇത്തരത്തിലുള്ള കൂടുതൽ മാർഗങ്ങൾ കണ്ടെത്തുകയോ, നടപ്പാക്കുന്നവ കൂടുതൽ കാര്യക്ഷമാക്കുകയോ ചെയ്ത് സൗജന്യയാത്രമൂലമുണ്ടാകുന്ന ബാദ്ധ്യത കുറയ്ക്കാനുളള വഴികളും ആലോചനയിലുണ്ടെന്നാണ് ലഭിക്കുന്ന സൂചനകൾ. എന്നാൽ ഇത് എത്രത്താേളം കാര്യക്ഷമമാകുമെന്ന് വ്യക്തമല്ല. ഇക്കാര്യത്തിലടക്കം കൂടുതൽ വ്യക്തതവരുത്താനാണ് തീരുമാനം നടപ്പാക്കുന്നത് അടുത്തമാസത്തേക്ക് നീട്ടിയതെന്നാണ് കരുതുന്നത്. ഇന്നലെ മുഖ്യമന്ത്രി വിഡി സതീശനാണ് സൗജന്യയാത്രാ പദ്ധതി അടുത്തമാസം 15 മുതൽ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത്.

അതേസമയം, സൗജന്യയാത്ര നടപ്പാക്കുന്നതിനെതിരെ സ്വകാര്യ ബസുകാർ രംഗത്തെത്തിയിട്ടുണ്ട്. പദ്ധതി നടപ്പാക്കിയാൽ സ്ത്രീകൾ യാത്രയ്ക്ക് പൂർണമായും കെ എസ് ആർ ടി സി ബസുകളെ ആശ്രയിക്കുമെന്നും സ്വകാര്യബസുകൾ സർവീസ് അവസാനിപ്പിക്കേണ്ടിവരുമെന്നുമാണ് അവർ ചൂണ്ടിക്കാണിക്കുന്നത്. ചർച്ചയിലൂടെ സ്വകാര്യബസുകാരുടെ ആശങ്ക പരിഹരിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. ഓട്ടോ, ടാക്സി തൊഴിലാളികളും കടുത്ത ആശങ്കയിലാണ്. തങ്ങളുടെ ജീവിതമാർഗം ഇല്ലാതാകുമോ എന്നാണ് അവർ ആശങ്കപ്പെടുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KSRTC, FREE TRAVEL FOR WOMEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA