SignIn
Kerala Kaumudi Online
Saturday, 16 May 2026 6.21 AM IST

വിങ്ങിപ്പൊട്ടി നിതിൻരാജിന്റെ പിതാവ്: 'എന്റെ മോനെ കൊന്നവരെ കാണണ്ട "

nithin-raj

കണ്ണൂർ: മാനസികപീഡനത്തിനിരയായതിന് പിന്നാലെ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ച ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻരാജിന്റെ കുടുംബം ദുരന്തം നടന്ന അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെത്തി.പിതാവ് എൽ.വൈ.രാജൻ,​ സഹോദരി രാഖി, സഹോദരി ഭർത്താവ് അശോകൻ എന്നിവരടക്കമുള്ള കുടുംബം രാവിലെ പതിനൊന്നരയോടെയാണ് ക്യാമ്പസിലെത്തിയത്.

വാഹനത്തിൽ നിന്നിറങ്ങിയ രാജൻ വികാരാധീനനായി. ''എന്റെ മകൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. അവൻ ചങ്കുറപ്പുള്ളവനായിരുന്നു.എല്ലാവരുംകൂടി ഉപദ്രവിച്ച് തള്ളിയിട്ടു കൊന്നതാണ് ''-അദ്ദേഹം വിങ്ങിപ്പൊട്ടി.

നിതിൻ താമസിച്ച ഹോസ്റ്റൽ മുറിയും വീണുമരിച്ച സ്ഥലവും സന്ദർശിച്ച കുടുംബം കോളേജ് മാനേജ്‌മെന്റ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. ആരോപണ വിധേയരായ അദ്ധ്യാപകരെ അറസ്റ്റ് ചെയ്യാത്തതിലും പ്രിൻസിപ്പലിനെ പ്രതിചേർക്കാത്തതിലും രാജൻ രോഷം പ്രകടിപ്പിച്ചു. മകനെ കൊന്നവരെ കാണേണ്ടെന്നു പറഞ്ഞ് പ്രിൻസിപ്പലിനെ കാണാതെയാണ് കുടുംബം മടങ്ങിയത്.


കൊലപാതകമെന്ന് കുടുംബം; പ്രിൻസിപ്പലിനെ പ്രതിചേർക്കണമെന്ന് ആവശ്യം
നിതിന്റെ മരണം ആസൂത്രിതമായ കൊലപാതകമാണെന്ന് കുടുംബം ആരോപിച്ചു. ഡോ. റാമും ഡോ. സംഗീതയും ഒരുപോലെ കുറ്റക്കാരാണ്. പ്രിൻസിപ്പലിന്റെ മുറിയിൽ നടന്ന വിചാരണയ്ക്ക് ശേഷമാണ് നിതിൻ മരിച്ചതെന്ന് നിതിന്റെ സഹോദരി ഭർത്താവ് അശോകൻ പറഞ്ഞു. ലോൺ ആപ്പ് കേസ് ഉപയോഗിച്ച് നിതിനെ വ്യക്തിഹത്യ ചെയ്തതാണ് ദുരന്തത്തിന് വഴിവച്ചത്. കേസിൽ ജാതി അധിക്ഷേപം ഒഴിവാക്കാൻ ശ്രമം നടക്കുന്നതായും അശോകൻ ആരോപിച്ചു. പ്രിൻസിപ്പലിനെ പ്രതിചേർക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.

കേസിലെ ആരോപണ വിധേയരായ അദ്ധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്നാണ് കോടതി പരിഗണിക്കുന്നത്. പ്രതികളെ പിടികൂടാൻ വൈകുന്നതിൽ പ്രതിഷേധം ശക്തമായിരിക്കെയാണ് ജാമ്യാപേക്ഷ പരിഗണനയ്ക്ക് വരുന്നത്.


ദളിത് ലീഗ് പ്രതിഷേധത്തിൽ സംഘർഷം

നിതിൻരാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് ദളിത് ലീഗ് കോളേജ് ക്യാമ്പസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. മാനേജ്‌മെന്റ് നിയോഗിച്ച ബൗൺസർമാർ പ്രവർത്തകരെ തടഞ്ഞതും മർദ്ദിച്ചതുമാണ് സ്ഥിതി വഷളാക്കിയത്. ഇരുകൂട്ടരും ഏറ്റുമുട്ടിയതോടെ പൊലീസ് ഇടപെട്ട് സ്ഥിതി നിയന്ത്രണവിധേയമാക്കി. മറ്റ് പ്രതിഷേധ മാർച്ചുകൾ നടന്നപ്പോൾ ഇല്ലാതിരുന്ന ബൗൺസർമാരെ ദളിത് മാർച്ചിനെതിരെ നിയോഗിച്ചതിൽ അസ്വാഭാവികതയുണ്ടെന്ന് സമരക്കാർ ആരോപിച്ചു. ബൗൺസർമാർക്കെതിരെ എസ്.സി/എസ്.ടി ആക്ട് പ്രകാരം കേസ് ചുമത്തണമെന്ന് ദളിത് ലീഗ് ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NITHIN RAJ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA