SignIn
Kerala Kaumudi Online
Saturday, 16 May 2026 6.21 AM IST

'തൃശൂർ പൂരത്തിന്റെ കാര്യം ചർച്ചചെയ്യും'; അപകടത്തിൽ കേന്ദ്ര സംഘത്തിന്റെ  അന്വേഷണം ഉണ്ടാകുമെന്ന് സുരേഷ് ഗോപി

suresh-gopi

തൃശൂർ: മുണ്ടത്തിക്കോട് അപകടം നടന്ന സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. സ്‌ഫോടന സ്ഥലത്ത് നിലവിൽ ഫോറൻസിക് ഉദ്യോഗസ്ഥരും ഡോഗ് സ്ക്വാഡും പരിശോധന നടത്തിവരികയാണ്. കൂടുതൽ കഡാവർ നായകളെ എത്തിച്ച് പരിശോധന തുടരുമെന്നും സുരേഷ് ഗോപി അറിയിച്ചു.

'പ്രധാനമായും ഫോറൻസിക് പരിശോധനകൾക്കാണ് മുൻഗണന നൽകുന്നത്. അവിടെനിന്നും ആവശ്യമായ സാമ്പിളുകൾ ശേഖരിക്കേണ്ടതുണ്ട്. സ്‌ഫോടനം നടന്ന സ്ഥലത്ത് ഇനിയും പൊട്ടാത്ത സ്‌ഫോടക വസ്തുക്കൾ ഉണ്ടാകാനും സാദ്ധ്യതയുണ്ട്. അതീവ ജാഗ്രത പാലിക്കണം. നിലവിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ മറ്റ് നടപടികളുമായി മുന്നോട്ട് പോകുന്നതിന് ഹെെക്കോടതിയിൽ നിന്ന് അനുമതി തേടണം. അനുമതി വാങ്ങുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്. വിഷയത്തിൽ റിപ്പോർട്ട് ലഭിച്ചശേഷം മാത്രമേ കൂടുതൽ പ്രതികരണങ്ങൾ ഉണ്ടാവുകയുള്ളൂ. ദുരന്തം ബാധിച്ച കുടുംബങ്ങൾക്കും പ്രദേശവാസികൾക്കും ഒപ്പം നിൽക്കുക എന്നത് എല്ലാവരുടെയും ഉത്തരവാദിത്വമാണ്. പൂരപ്രേമികളും സാമൂഹ്യപ്രവർത്തകരും ഇതിനായി ഒത്തുചേർന്ന് പ്രവർത്തിക്കുന്നുണ്ട്'- സുരേഷ് ഗോപി വ്യക്തമാക്കി.

ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കളക്ടർ, കമ്മീഷണർ, ദേവസ്വങ്ങൾ എന്നിവരുമായി ചർച്ചകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം മന്ത്രി വി എൻ വാസവൻകൂടി എത്തിയതിന് ശേഷം ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സാന്നിദ്ധ്യത്തിലായിരിക്കും ഇതുസംബന്ധിച്ച അന്തിമ തീരുമാനങ്ങൾ കെെക്കൊള്ളുക. അപകടത്തിൽ കേന്ദ്ര സംഘത്തിന്റെ അന്വേഷണം ഉണ്ടാകുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

തൃശൂർ പൂരത്തിൽ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ഒരുക്കുന്ന മുണ്ടത്തിക്കോട് കുട്ടൻകുളത്തെ പടക്ക നിർമ്മാണ കേന്ദ്രത്തിലാണ് ഇന്നലെ വെെകിട്ട് ഉഗ്ര സ്ഫോടനം ഉണ്ടായത്. അപകടത്തിൽ 14 പേർ മരിച്ചു. ഇതിൽ ഒമ്പത് പേരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. ശേഷിക്കുന്നവയുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചു. 23 ശരീരഭാഗങ്ങളും തെരച്ചിലിൽ കണ്ടെത്തിയതായി ഫോറൻസിക് വിഭാഗം അറിയിച്ചു. ഇവയിൽ 11 ശരീരഭാഗങ്ങളുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി. ചികിത്സയിൽ കഴിയുന്ന 11 പേരിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്. ഇതിൽ രണ്ടുപേർ വെന്റിലേറ്ററിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SURESHGOPI, FIREWORKS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA