SignIn
Kerala Kaumudi Online
Friday, 22 May 2026 3.43 AM IST

ചിരട്ട വില ആളുന്നു!

രണ്ടു വർഷത്തിനിടെ വില മൂന്നിരട്ടിയായി

കൊല്ലം: ചിരട്ടയ്ക്ക് വിപണിയിൽ വിലയേറ്റം. വീടുകളിൽ നിന്ന് ചിരട്ട വാങ്ങാനെത്തുന്ന സംഘങ്ങളുടെ എണ്ണവും കൂടി.

രണ്ടുവർഷം കൊണ്ട് ചിരട്ടയുടെ വില മൂന്നിരട്ടിയായി. നിലവിൽ കിലോയ്ക്ക് 32 മുതൽ 40 രൂപ വരെയുണ്ട്. ചിലയിടങ്ങളിൽ മൊത്തവ്യാപാരികൾ കിലോയ്ക്ക് 27-33 വരെയാണ് നൽകാറുള്ളത്. നാളികേരം കൊപ്ര ആക്കുന്നവർക്കും വെളിച്ചെണ്ണ എടുക്കുന്നവർക്കും അധിക വരുമാനവുമായി. തമിഴ്‌നാട്ടിൽ നിന്നും കർണാടകത്തിൽ നിന്നുമുള്ള മൊത്തക്കച്ചവടക്കാരാണ് ചെറുകിട കച്ചവടക്കാരിൽനിന്ന് ചിരട്ട ശേഖരിക്കുന്നത്. പാഴ്‌വസ്‌തുക്കൾ ശേഖരിക്കുന്നവർ പ്ലാസ്റ്റിക്കിനും കടലാസിനും മുമ്പേ ഇപ്പോൾ അന്വേഷിക്കുന്നതും ചിരട്ടയാണ്. സ്‌പൂണുകൾ, ബൗളുകൾ, ജ്വല്ലറികൾ എന്നിവയ്ക്ക് ആഗോളതലത്തിൽ പ്രചാരം വർദ്ധിച്ചതും ചിരട്ട കയറ്റുമതി കൂടിയതും വില വർദ്ധനവിന്റെ പ്രധാന കാരണമാണ്. കരിയായി ഉപയോഗിക്കാനും കരകൗശല വസ്തുക്കൾ, ആഭരണങ്ങൾ എന്നിവ നിർമിക്കാനുമാണ് ചിരട്ട കൂടുതലായി ഉപയോഗിക്കുന്നത്. വാട്ടർ പ്യൂരിഫയറിൽ വെള്ളം ശുദ്ധീകരിക്കാനും പ്ലൈവുഡ് മേഖലയിൽ മരത്തിനോടൊപ്പം കൂട്ടി ശക്തി വർദ്ധിപ്പിക്കാനും ചിരട്ടക്കരി ഉപയോഗിക്കുന്നുണ്ട്.

സ്വർണപ്പണിക്കും സൗന്ദര്യ വർദ്ധക വസ്തുക്കൾ നിർമ്മിക്കാനും ചെടികൾക്ക് വളമായും ചിരട്ടക്കരി ഉപയോഗിക്കും. ദീർഘനേരം കത്തുന്നതിനായി ചന്ദനത്തിരി നിർമാണത്തിൽ ചിരട്ടപ്പൊടിയും ഉപയോഗിക്കുന്നുണ്ട്. ഗ്യാസ് സിലിണ്ടർ ക്ഷാമത്തിൽ വലയുന്ന ഹോട്ടൽ വ്യാപാരികൾ വിറകുപയോഗം കൂട്ടിയതിനാൽ ചിരട്ടയെ ആശ്രയിക്കുന്നു. നിലവിൽ വിപണി വാണിരുന്ന തേങ്ങയുടെ വില ഇടിഞ്ഞിട്ടുണ്ട്. പച്ചത്തേങ്ങ കിലോഗ്രാമിന് 80- 90 രൂപ വരെയുണ്ടായിരുന്നത് 30- 35 വരെ താഴ്ന്നു. തമിഴ്നാട് ഉൾപ്പെടെയുള്ള ഇതരസംസ്ഥാനങ്ങളിൽ തേങ്ങ ഉത്പാദനം കൂടിയത് വിലയിടിവിന് കാരണമായി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL