SignIn
Kerala Kaumudi Online
Friday, 15 May 2026 8.32 PM IST

തിരഞ്ഞെടുപ്പ് വിജയം ശരിയായി പ്രവചിച്ചു, ജ്യോതിഷിക്ക് സർക്കാർ നിയമനം നൽകി വിജയ്

vijay

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ ജ്യോതിഷി രാധൻ പണ്ഡിറ്റിന് സർക്കാർ നിയമനം. മുഖ്യമന്ത്രിയുടെ ഒ എസ് ഡി (ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ‌)ആയാണ് നിയമനം നൽകിയത്. ഇതുസംബന്ധിച്ച് ഉത്തരവും പുറത്തിറങ്ങി. ഉത്തരവിൽ ജോലി എന്താണെന്നോ, ശമ്പളം എത്രയാണെന്നോ വ്യക്തമല്ല. ഇതെല്ലാം പിന്നീട് വ്യക്തമാക്കും എന്നാണ് വിശദീകരണം. മന്ത്രിസഭാ രൂപീകരണത്തിന് വിജയ് ഗവർണറെ കാണാൻ പോയപ്പോൾ രാധൻ പണ്ഡിറ്റും ഒപ്പമുണ്ടായിരുന്നു. വിജയ്‌യുടെ ജ്യോതിഷി എന്നതിനൊപ്പം ടിവികെയുടെ വക്താവുമാണ് ഇദ്ദേഹം.

വിജയ്‌യുടെ രാഷ്ട്രീയ വിജയം പ്രവചിച്ചതോടെയാണ് രാധൻ പണ്ഡി​റ്റ് കൂടുതൽ ശ്രദ്ധാകേന്ദ്രമായത്. വോട്ടെണ്ണുന്ന ദിവസം ടിവികെ ശക്തമായ പ്രകടനം കാഴ്ചവച്ച് മുന്നേറുന്ന വേളയിൽ വിജയ്‌യുടെ നീലങ്കരയിലെ വസതിയിൽ പൂച്ചെണ്ടും ഷാളുമായി ഇദ്ദേഹം എത്തിയിരുന്നു. എക്സിറ്റ് പോളുകൾ നടത്തിയ പ്രമുഖ ഏജൻസികളൊന്നും വിജയ്‌ക്ക് വിജയം പ്രവചിച്ചിരുന്നില്ല. എന്നാൽ ടിവികെ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് രാധൻ പണ്ഡി​റ്റ് പ്രവചിച്ചിരുന്നു. വിജയ്‌യുടേത് അതിശക്തമായ 'സുനാമി ജാതക'മാണെന്നും ടിവികെ 140 മുതൽ 170 വരെ സീ​റ്റുകൾ നേടി തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രവചനം. എം കെ സ്​റ്റാലിൻ വളരെ ബുദ്ധിമുട്ടേറിയ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അനുകൂല നക്ഷത്രങ്ങൾ ഉണ്ടായിരുന്നിട്ടും ഉദയനിധി സ്​റ്റാലിന് രാഷ്ട്രീയ രംഗത്ത് പരിമിതമായ ഉയർച്ച മാത്രമേ കാണാൻ കഴിയുന്നുള്ളൂ എന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ രാധൻ പണ്ഡി​റ്റ് പറഞ്ഞത് ഏറക്കുറെ പൂർണമായും ശരിയായി. സീറ്റുകളുടെ എണ്ണത്തിൽ മാത്രമാണ് അല്പം മാറ്റം ഉണ്ടായത്. വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ സമയം മാറ്റിയതും ഇദ്ദേഹത്തിന്റെ ഉപദേശപ്രകാരമാണത്രേ. ആദ്യം മേയ് 10 ന് വൈകുന്നേരം 3.45 നാണ് നിർദ്ദേശിച്ചിരുന്നത്. പിന്നീട് രാധൻ പണ്ഡി​റ്റിന്റെ ഉപദേശപ്രകാരം അത് രാവിലെ 10 മണിയിലേക്ക് മാ​റ്റുകയായിരുന്നു. ശുഭകരമായ 'മുഹൂർത്തം' എന്നുപറഞ്ഞായിരുന്നു സമയമാറ്റം.

സെലിബ്രിറ്റി ജ്യോതിഷിയാണ് താൻ എന്നാണ് റിക്കി രാധൻ പണ്ഡിറ്റ് എന്ന രാധൻ പണ്ഡിറ്റ് വെട്രി വേൽ സ്വയം അവകാശപ്പെടുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച ജ്യോതിഷി എന്നും ഇദ്ദേഹം സ്വയം അവകാശപ്പെടുന്നുണ്ട്. ജയലളിതയുമായി അടുപ്പമുണ്ടെന്നും തന്റെ ഉപദേശപ്രകാരം ജയലളിതയുടെ പേരിന്റെ അവസാന ഇംഗ്ലീഷ് അക്ഷരമാലയിലെ എ എന്ന അക്ഷരംകൂടി ചേർത്തതോടെ അവരുടെ കരിയർ കുതിച്ചുയർന്നു എന്നും ചില അഭിമുഖങ്ങളിൽ രാധൻ പണ്ഡിറ്റ് അവകാശപ്പെട്ടിട്ടുണ്ട്. വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ ടിവികെയുടെ പേരിന് പിന്നിലും താനാണെന്നാണ് ഇയാൾ അവകാശപ്പെടുന്നത്.

അതേസമയം, ജ്യാേതിഷിക്ക് സർക്കാർ നിയമം നൽകിയതിൽ വിജയ്‌ക്കെതിരെ ആക്ഷേപം ഉയരുന്നുണ്ട്. വിജയ് അധികാരമേറ്റമേഷം മൂന്ന് പ്രധാന നിയമനങ്ങളാണ് നടന്നത്.ഭരണത്തിൽ സഹായിക്കുന്നതിനായി രണ്ട് ഐഎഎസ് ഓഫീസർമാരെയാണ് ആദ്യം നിയമിച്ചത്. തുടർന്നായിരുന്നു രാധൻ പണ്ഡിറ്റിനെ നിമയിച്ചത്. സുപ്രധാന തസ്തികകൾ പലതിലും നിയമനം നടത്തുന്നതിനുമുമ്പ് ജ്യോതിഷിയെ നിയമിച്ചതാണ് ആക്ഷേപത്തിന് കാരണം.ജയലളിതയെപ്പോലെ തമിഴ്നാട്ടിലെ പല മുഖ്യമന്ത്രിമാർക്കും സ്വകാര്യ ജ്യോതിഷികൾ ഉണ്ടായിരുന്നു. എങ്കിലും അവരൊന്നും ജ്യോതിഷികളെ സർക്കാർ സർവീസിൽ നിയമിച്ചിരുന്നില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, VIJAY, TAMILNADU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360