SignIn
Kerala Kaumudi Online
Friday, 15 May 2026 8.16 PM IST

വെനസ്വേലയിൽ അമേരിക്കൻ സൈന്യം നടത്തിയത് മികച്ച ഓപ്പറേഷൻ; പ്രശംസയുമായി ഡൊണാൾഡ് ട്രംപ്

trump

വാഷിംഗ്‌ടൺ: വെനസ്വേലിയൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടാൻ അമേരിക്കൻ സൈന്യം നടത്തിയ ദൗത്യത്തെ 'മികവുറ്റ ഓപ്പറേഷൻ' എന്ന് പ്രശംസിച്ച് ഡൊണാൾഡ് ട്രംപ്. ന്യൂയോർക്ക് ടൈംസിന് നൽകിയ ടെലിഫോൺ അഭിമുഖത്തിൽ സംസാരിച്ച ട്രംപ്, മികച്ച സൈനികരാണ് ദൗത്യത്തിൽ പങ്കെടുത്തതെന്ന് പ്രശംസിച്ചു.

ഈ ദൗത്യത്തിനായി കോൺഗ്രസിന്റെ അനുമതി തേടിയിരുന്നോയെന്നും വെനസ്വേലയുടെ ഭാവി ഇനി എന്തായിരിക്കും എന്നും മാദ്ധ്യമം ചോദിച്ചു. എന്നാൽ ഇക്കാര്യങ്ങൾ ഫ്ലോറിഡയിലെ മാർ-എ-ലാഗോയിൽ നടക്കുന്ന വാർത്താസമ്മേളനത്തിൽ വിശദീകരിക്കുമെന്നാണ് ട്രംപ് മറുപടി നൽകിയത്.

മഡൂറോയെയും ഭാര്യയെയും പിടികൂടി നാടുകടത്തിയെന്ന് ട്രംപ് പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ അമേരിക്കൻ സൈന്യം കരീബിയൻ മേഖലയിലേക്ക് വലിയ രീതിയിൽ സൈനിക വിന്യാസം നടത്തിയിരുന്നു. കൊളംബിയയിലെ ബോഗോട്ടയിലെ അമേരിക്കൻ എംബസി വെനസ്വേലയിലുള്ള തങ്ങളുടെ പൗരന്മാർക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2019 മുതൽ കാരക്കാസിലെ അമേരിക്കൻ എംബസിയുടെ പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ്.

വെനസ്വേലയിലെ വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് സർക്കാർ നിയന്ത്രണത്തിലുള്ള ടെലിവിഷനിൽ നടത്തിയ പ്രസംഗത്തിൽ, മഡൂറോയും ഭാര്യയും നിലവിൽ എവിടെയുണ്ടെന്ന് അറിയില്ലെന്നാണ് വ്യക്തമാക്കിയത്. മഡൂറോ ജീവനോടെയുണ്ടെന്നതിന് തെളിവ് നൽകണമെന്നും അവർ ട്രംപിനോട് ആവശ്യപ്പെട്ടു.

അമേരിക്കൻ അധിനിവേശത്തെ ചെറുക്കുമെന്ന് വെനസ്വേലൻ പ്രതിരോധമന്ത്രി വ്ളാഡിമർ പാഡ്രിനോ അറിയിച്ചു. അമേരിക്കൻ ആക്രമണങ്ങളിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു. ഇന്നു പുലർച്ചെയാണ് ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയിൽ അമേരിക്ക ശക്തമായ ആക്രമണം നടത്തിയത്. തലസ്ഥാനമായ കാരക്കാസിൽ ഉൾപ്പെടെ ഏഴ് സ്‌ഫോടനങ്ങൾ ഉണ്ടായെന്നാണ് റിപ്പോർട്ട്. സൈനിക സിവിലിയൻ കേന്ദ്രങ്ങൾക്കുനേരെയാണ് ആക്രമണമുണ്ടായത്. മയക്കുമരുന്ന് സംഘങ്ങൾക്ക് സംരക്ഷണം നൽകിയതിനാണ് ആക്രമണമെന്നാണ് അമേരിക്ക പറയുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, AMERICA, TRUMP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360