SignIn
Kerala Kaumudi Online
Friday, 15 May 2026 3.14 PM IST

സഞ്ജുവിനെ  വീണ്ടും തഴയാൻ നീക്കം? രണ്ടാം വിക്കറ്റ് കീപ്പറായി ആ താരം തിരിച്ചെത്തിയേക്കും

sanju-samson

മുംബയ്: ലോകകപ്പിലും ഐപിഎല്ലിലും മിന്നും പ്രകടനം കാഴ്ചവച്ചിട്ടും മലയാളി താരം സഞ്ജു സാംസണ് ഇന്ത്യൻ ഏകദിന ടീമിൽ സ്ഥാനം ലഭിക്കാനിടയില്ലെന്ന് റിപ്പോർട്ടുകൾ. ഈ മാസം അവസാനം ആരംഭിക്കുന്ന അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ സഞ്ജുവിന് സ്ഥാനമില്ലെന്നാണ് സൂചന. പകരം ഇഷാൻ കിഷനെ ടീമിലേക്ക് തിരിച്ചുവിളിക്കാൻ സാദ്ധ്യതയുണ്ടെന്നും ബിസിസിഐയെ ഉദ്ധരിച്ചുകൊണ്ട് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

2026ലെ ഐസിസി ട്വന്റി-20 ലോകകപ്പിൽ ഇന്ത്യയുടെ ടോപ് സ്‌കോററായിരുന്നു സഞ്ജു. കൂടാതെ, ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനായി ഏറ്റവും കൂടുതൽ റൺസ് അടിച്ചുകൂട്ടിയതും മലയാളി താരം തന്നെ. ഇത്രയും മികച്ച ഫോമിലായിരുന്നിട്ടും ഏകദിന ടീമിൽ സഞ്ജുവിനെ പരിഗണിക്കാൻ സെലക്ഷൻ കമ്മിറ്റി മടിക്കുന്നത് എന്തുകൊണ്ടെന്നാണ് ആരാധകർ ചോദിക്കുന്നത്.

അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി മേയ് 19ന് ടീമിനെ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. ഏകദേശം രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇഷാൻ കിഷൻ ഏകദിന ടീമിലേക്ക് മടങ്ങിയെത്തുന്നത്. ഏത് പൊസിഷനിലും ബാറ്റ് ചെയ്യാനുള്ള കഴിവാണ് ഇഷാന് മുൻതൂക്കം നൽകുന്നത്. കെ.എൽ. രാഹുൽ തന്നെയായിരിക്കും ടീമിലെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ. രാഹുലിന്റെ ബാക്കപ്പ് ആയിട്ടായിരിക്കും ഇഷാനെ പരിഗണിക്കുക.


റിഷഭ് പന്തിനെ ടീമിൽ നിന്നും ഒഴിവാക്കിയേക്കുമെന്നാണ് വിവരം. ഐപിഎല്ലിലെ മോശം പ്രകടനമാണ് പന്തിന് തിരിച്ചടിയായത്. അതേസമയം, സീനിയർ താരം രവീന്ദ്ര ജഡേജയുടെ ഏകദിന കരിയറും തുലാസിലാണ്. ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ് പരമ്പരകളിൽ അവസരം ലഭിച്ചെങ്കിലും പന്തുകൊണ്ടും ബാറ്റ് കൊണ്ടും തിളങ്ങാൻ ജഡേജയ്ക്കായില്ല.

കിവീസിനെതിരായ പരമ്പരയിൽ വിക്കറ്റൊന്നും നേടാൻ കഴിയാത്ത ജഡേജയ്ക്ക് പ്രോട്ടീസിനെതിരായ മത്സരത്തിൽ വെറും ഒരു വിക്കറ്റ് മാത്രമാണ് ലഭിച്ചത്. അഫ്ഗാനിസ്ഥാനെതിരെയുള്ള ഹോം സീരീസിനുള്ള ടീം പ്രഖ്യാപനത്തിൽ അഴിച്ചുപണി ഉണ്ടാകുമെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, SANJU SAMSON, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360