
ഐപിഎല്ലിലെ പുതിയ താരോദയമായി ലോകം മുഴുവൻ ശ്രദ്ധനേടുകയാണ് പതിനാലുകാരനായ വൈഭവ് സൂര്യവംശി. ഐപിഎല്ലിൽ അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി രാജസ്ഥാൻ റോയൽസിന്റെ വൈഭവ് സൂര്യവംശി ചരിത്രം കുറിച്ചത് ഇന്നലെയായിരുന്നു. ഇംപാക്ട് പ്ലെയറായി യശ്വസി ജയ്സ്വാളിനൊപ്പം ഇന്നലെ ലക്‌നൗവിനെതിരെ രാജസ്ഥാന്റെ ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യാനെത്തുമ്പോൾ 14 വയസും 23 ദിവസവും മാത്രമായിരുന്നു സൂര്യവംശിയുടെ പ്രായം.
പരിക്കിനെ തുടർന്ന് ടീമിൽ ഇല്ലാതിരുന്ന ക്യാപ്ടൻ സഞ്ജു സാംസണ് പകരക്കാരനായാണ് സൂര്യവംശി ഓപ്പണറായത്. ഐപിഎല്ലിൽ ഇതുവരെ കളിച്ചവരിൽ ഐപിഎൽ ആദ്യ സീസണിന് ശേഷം ജനിച്ച ഒരേയൊരു താരം കൂടിയാണ് സൂര്യവംശി. 2011ലാണ് ബിഹാർ സ്വദേശിയായ സൂര്യവംശിയുടെ ജനനം. ഇക്കഴിഞ്ഞ ഐപിഎൽ മെഗാലേലത്തിൽ 1.1 കോടി രൂപയ്ക്കാണ് വൈഭവിനെ രാജസ്ഥാൻ സ്വന്തമാക്കിയത്.
'ഐപിഎൽ തയ്യാറെടുപ്പിനായി അതികഠിനമായ ഡയറ്റ് ആയിരുന്നു സൂര്യവംശിക്ക് നിർദേശിച്ചിരുന്നത്. ഭക്ഷണക്രമത്തിൽ നിന്ന് മട്ടണും പിസയും പൂർണമായി ഒഴിവാക്കി. കൊച്ചുകുട്ടിയായതിനാൽ അവന് ചിക്കനും മട്ടണും പിസയുമൊക്ക ഏറെ ഇഷ്ടമാണ്. പക്ഷേ ഇപ്പോൾ അവൻ ഇത്തരം ആഹാരങ്ങൾ കഴിക്കാറില്ല'- സൂര്യവംശിയുടെ കോച്ച് ആയ മനീഷ് ഓജ പറഞ്ഞു.
വൈഭവ് സൂര്യവംശി ഭയമില്ലാത്ത ബാറ്ററാണെന്ന് മനീഷ് പറഞ്ഞു. 'അവൻ ഒരുപാട് ദൂരം മുന്നോട്ട് പോകും. അവൻ ഇന്നിംഗ്‌സ് തുടങ്ങിയ രീതിവച്ച് അത് പറയാൻ സാധിക്കും. അവൻ ബ്രയാൻ ലാറയുടെ വലിയ ആരാധകനാണെന്ന് പറയാറുണ്ട്. അവൻ ലാറയും യുവ്‌രാജ് സിംഗും കൂടിച്ചേർന്ന കളിക്കാരനാണ്. യുവ്‌രാജിന്റെ ആക്രമണരീതിയാണ് അവനുള്ളത്'- കോച്ച് കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |