
റായ്പൂര്‍: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ വീഴ്ത്തി ആര്‍സിബി പോയിന്റ് പട്ടികയില്‍ ഒന്നാമത്. കൊല്‍ക്കത്ത ഉയര്‍ത്തിയ 193 റണ്‍സ് വിജയലക്ഷ്യം 19.1 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ബംഗളൂരു മറികടക്കുകയായിരുന്നു. സെഞ്ച്വറി നേടി പുറത്താകാതെ നിന്ന വിരാട് കൊഹ്ലിയാണ് വിജയശില്‍പ്പി. മലയാളി താരം ദേവദത്ത് പടിക്കല്‍ വിരാട് കൊഹ്ലിക്ക് മികച്ച പിന്തുണ നല്‍കി. 12 മത്സരങ്ങളില്‍ നിന്ന് 16 പോയിന്റുമായി നിലവിലെ ചാമ്പ്യന്‍മാരായ ബംഗളൂരു പ്ലേ ഓഫ് ബെര്‍ത്ത് ഏറെക്കുറേ ഉറപ്പിച്ചു.
വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബിക്ക് ജേക്കബ് ബെഥലിന്റെ വിക്കറ്റ് 15(12) ആണ് ആദ്യം നഷ്ടമായത്. കൊഹ്ലി 60 പന്തുകളില്‍ 11 ഫോറും മൂന്ന് സിക്‌സും സഹിതം 105 റണ്‍സാണ് നേടിയത്. ദേവദത്ത് പടിക്കല്‍ 39(27), ക്യാപ്റ്റന്‍ രജത് പാട്ടിദാര്‍ 11(8), ടിം ഡേവിഡ് 2(3) എന്നിങ്ങനെയാണ് പുറത്തായ ബാറ്റര്‍മാരുടെ സ്‌കോറുകള്‍. ജിതേഷ് ശര്‍മ്മ 8*(5) പുറത്താകാതെ നിന്നു. കൊല്‍ക്കത്തയ്ക്കായി കാര്‍ത്തിക് ത്യാഗി മൂന്ന് വിക്കറ്റുകളും സുനില്‍ നരെയ്ന്‍ ഒരു വിക്കറ്റും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സ് നേടി. ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ അജിങ്ക്യ റഹാനെ 19(13), കിവീസ് വെടിക്കെട്ട് വീരന്‍ ഫിന്‍ അലന്‍ 18(8) എന്നിവരുടെ വിക്കറ്റുകള്‍ കെകെആറിന് പെട്ടെന്ന് നഷ്ടമായി. മൂന്നാം വിക്കറ്റില്‍ അന്‍ക്രിഷ് രഘുവംശി 71(46) കാമറൂണ്‍ ഗ്രീന്‍ 32(24) സഖ്യം കെകെആറിന്റെ അടിത്തറ ശക്തിപ്പെടുത്തുകയായിരുന്നു. റാസിക് ദാര്‍ സലാമിന്റെ പന്തില്‍ ഗ്രീന്‍ ക്ലീന്‍ ബൗള്‍ഡ് ആയതോടെയാണ് 68 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഈ സഖ്യം പിരിഞ്ഞത്.
പിന്നീട് വന്ന റിങ്കു സിംഗ് 49*(29) റണ്‍സ് നേടി പുറത്താകാതെ നിന്നു. ഏഴ് ഫോറും മൂന്ന് സിക്സറുകളും ഉള്‍പ്പെടുന്നതായിരുന്നു രഘുവംശിയുടെ അര്‍ദ്ധ സെഞ്ച്വറി. റിങ്കു സിംഗ് മൂന്ന് ബൗണ്ടറിയും രണ്ട് സിക്സറുകളും നേടി. ആര്‍സിബിക്കായി ഭുവനേശ്വര്‍ കുമാര്‍, റാസിക് ദാര്‍ സലാം, ജോഷ് ഹേസില്‍വുഡ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |