SignIn
Kerala Kaumudi Online
Thursday, 14 May 2026 12.40 PM IST

ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ കപ്പലിൽ മലയാളി യുവതിയും; ആശങ്കയുണ്ടെന്ന് പിതാവ്

woman

ടെൽഅവീവ്: ഇറാൻ സെെന്യം പിടിച്ചെടുത്ത "എംഎസ്‌സി" ഏരീസ് എന്ന ഇസ്രയേൽ ചരക്ക് കപ്പലിൽ മലയാളി യുവതിയും ഉണ്ടെന്ന് റിപ്പോർട്ട്. തൃശൂർ വെളുത്തൂർ സ്വദേശി ആന്റസ ജോസഫാണ് കപ്പലിലുള്ള നാലാമത്തെ മലയാളി.

ട്രെെനിംഗിന്റെ ഭാഗമായി ഒമ്പതുമാസമായി കപ്പലിൽ ജോലി ചെയ്തുവരികയായിരുന്നു ആന്റസ. മകളുടെ കാര്യത്തിൽ വലിയ ആശങ്ക ഉള്ളതായി ആന്റസയുടെ പിതാവ് ഒരു മാദ്ധ്യമത്തോട് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വീട്ടുകാരുമായി ആന്റസ സംസാരിച്ചത്. കമ്പനി അധികൃതർ മകൾ സുരക്ഷിതയാണെന്ന് അറിയിച്ചതായും പിതാവ് പറഞ്ഞു.

എംഎസ്സി ഏരീസ് കപ്പലിലെ 17 ഇന്ത്യൻ ജീവനക്കാരുമായി കൂടിക്കാഴ്ച നടത്താൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് അനുമതി നൽകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമിറാബ്ദൊല്ലാഹിയാൻ അറിയിച്ചിരുന്നു. കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ ഇറാൻ അധികൃതരുമായി ഫോണിൽ സംസാരിച്ചതിന് പിന്നാലെയാണ് ഉദ്യോഗസ്ഥർക്ക് കപ്പലിലെ ജീവനക്കാരുമായി കൂടിക്കാഴ്ച നടത്താൻ അനുമതി ലഭിക്കുന്നത്.

യുഎഇയിൽ നിന്ന് മുംബയിലേക്ക് വരുകയായിരുന്ന കപ്പലാണ് ഇറാൻ പിടിച്ചെടുത്തത്. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാനും മോചനം സാദ്ധ്യമാക്കാനും ഇന്ത്യ നയതന്ത്രതലത്തിൽ ന്യൂഡൽഹിയിലും ടെഹ്രാനിലും അടിയന്തര ഇടപെടൽ നേരത്തെ ആരംഭിച്ചിരുന്നു. രാമനാട്ടുകര സ്വദേശിയായ ശ്യാംനാഥ് തേലംപറമ്പത്ത്, പാലക്കാട് കേരളശേരി വടശേരി സ്വദേശിയായ സുമേഷ്, വയനാട് കാട്ടിക്കുളം പാൽവെളിച്ചം സ്വദേശി പിവി ധനേഷ് എന്നിവരാണ് കപ്പലിലുള്ള മറ്റ് മലയാളികൾ. ആകെ കപ്പലിൽ 25 ജീവനക്കാരുണ്ട്.

ഇസ്രയേലിലെ ശതകോടീശ്വരനായ ഇയാൽ ഓഫറിന്റെ ഉടമസ്ഥതയിലുള്ള സോഡിയാക് ഗ്രൂപ്പിന്റെ കപ്പലാണ് ഇറാൻ റെവല്യൂഷണറി ഗാർഡ്സ് (ഐ.ആർ.ജി.എസ്) പിടിച്ചെടുത്തത്. എമിറാത്തി തുറമുഖ നഗരമായ ഫുജൈറയ്ക്ക് സമീപത്തുവച്ച് ഹെലികോപ്ടറുകൾ വഴി കപ്പലിലേക്ക് സൈനികർ ഇറങ്ങിയാണ് പിടിച്ചെടുത്തത്.

Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS, MALAYALI, IRAN, SHIP, MALAYALI WOMAN, SHIP SEIZED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360