ന്യൂഡൽഹി: അദാനി വിഷയത്തിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷണമുൾപ്പെടെ ആവശ്യപ്പെട്ട് പ്രതിപക്ഷം പാർലമെന്റിൽ തുടർച്ചയായ നാലാം ദിവസവും പ്രതിഷേധം നടത്തിയെങ്കിലും രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനത്തിൻമേലുള്ള നന്ദി പ്രമേയ ചർച്ചയ്‌ക്കായി വിട്ടുവീഴ്‌ചയ്‌ക്ക് തയ്യാറായി. എന്നാൽ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളെടുത്ത തീരുമാനത്തോട് ആംആദ്‌മി പാർട്ടിയും ബി.ആർ.എസും വിയോജിച്ചു. അതേസമയം, ഇന്നലെ രാവിലെ ചേർന്ന ബി.ജെ.പി പാർലമെന്ററി പാർട്ടി യോഗം കേന്ദ്ര ബഡ്‌ജറ്റിനെ അഭിനന്ദിച്ചു.
പ്രതിപക്ഷ നേതാവും കോൺഗ്രസ് അദ്ധ്യക്ഷനുമായ മല്ലികാർജ്ജുൻ ഖാർഗെയുടെ പാർലമെന്റിലെ ചേംബറിൽ ചേർന്ന 16 പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിലാണ് ഭിന്നത ഉടലെടുത്തത്. കോൺഗ്രസ്, ഡി.എം.കെ, എൻ.സി.പി, ഇടതു പാർട്ടികൾ, ആർ.എസ്.പി, ജെ.എം.എം, മുസ്ളീം ലീഗ്, ശിവസേന എന്നിവർ നന്ദി പ്രമേയ ചർച്ചയിൽ പങ്കെടുക്കുന്നതിനെ അനുകൂലിച്ചു. തൃണമൂൽ കോൺഗ്രസ് യോഗത്തിൽ പങ്കെടുത്തില്ല. കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായ രംഗങ്ങൾ ഇന്നലെയും ഇരുസഭകളിലും ആവർത്തിച്ചു. അദാനി വിഷയത്തിൽ സംയുക്ത പാർലമെന്ററി സമിതിയുടെയും സുപ്രീംകോടതി മേൽനോട്ടത്തിലുമുള്ള അന്വേഷണവും സഭയിൽ ചർച്ചയും ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധിച്ചു. ഇതു സംബന്ധിച്ചുള്ള അടിയന്തര പ്രമേയ നോട്ടീസുകൾ ഇരു സഭകളിലും അദ്ധ്യക്ഷൻമാർ തള്ളിയതിന് പിന്നാലെ പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. തുടർന്ന് നിർത്തിവച്ച ശേഷമാണ് ഉച്ചയ്‌ക്കു ശേഷം നന്ദിപ്രമേയ ചർച്ചയ്‌ക്കായി വീണ്ടും സമ്മേളിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |