ഇന്ത്യ- ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് നാഗ്പുരിൽ തുടക്കം
നാഗ്പുർ : ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ ബർത്തും ഐ.സി.സി റാങ്കിംഗിലെ ഒന്നാം സ്ഥാനവും ലക്ഷ്യമിട്ട് ഇന്ത്യയും ഓസ്ട്രേലിയയും ബോർഡർ - ഗാവസ്കർ ട്രോഫിക്കുവേണ്ടിയുള്ള നാലുടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മത്സരത്തിനായി ഇന്ന് നാഗ്പുരിലിറങ്ങുന്നു. പരമ്പരയിലെ മൂന്നുടെസ്റ്റുകളിലെങ്കിലും വിജയിച്ചാലേ ജൂണിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ ഇടം പിടിക്കാൻ കഴിയൂ എന്നതിനാൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനുറച്ചാണ് രോഹിത് ശർമ്മ നയിക്കുന്ന ഇന്ത്യൻ സംഘം പടയ്ക്കിറങ്ങുന്നത്. പേസർ പാറ്റ് കമ്മിൻസ് നയിക്കുന്ന ഓസീസ് സ്വന്തം മണ്ണിൽ നടന്ന കഴിഞ്ഞ രണ്ട് പരമ്പരകളിലും തോൽക്കേണ്ടിവന്നതിന്റെ നാണക്കേടിന് തിരിച്ചടിക്കാനുള്ള ശ്രമത്തിലാണ്.
സ്പിൻ ബൗളിംഗിനെ തുണയ്ക്കുന്ന ഇന്ത്യയിലെ പിച്ചുകളെയാണ് ഓസീസ് ഭയക്കുന്നത്. പരമ്പരയ്ക്കായി ഇന്ത്യ സ്പിന്നിനെ അമിതമായി പിന്തുണയ്ക്കുന്ന പിച്ചുകളൊരുക്കിയതായി ഓസ്ട്രേലിയൻ മാദ്ധ്യമങ്ങൾ പരാതി തുടങ്ങുകയും ചെയ്തിട്ടുണ്ട്. പരമ്പരയ്ക്കായി നേരത്തേ ഇന്ത്യയിലെത്തിയ ഓസ്ട്രേലിയൻ ടീം ബെംഗളുരുവിൽ സ്പിൻ പിച്ചുകളൊരുക്കിയാണ് പരിശീലനം നടത്തിയത്. ഇന്ത്യൻ സ്പിന്നർമാരെ ഹോംഗ്രൗണ്ടിൽ മറികടക്കുക നിസാരകാര്യമല്ലെന്ന് പാറ്റ് കമ്മിൻസിനും കൂട്ടർക്കും തിരിച്ചറിവുണ്ട്. അപകടകാരിയായ ഇന്ത്യൻ ഓഫ് സ്പിന്നർ ആർ.അശ്വിന്റെ ബൗളിംഗ് ആക്ഷനുള്ള മഹേഷ് പിത്തിയ എന്ന ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്ററെ ഓസീസ് ടീം പരിശീലനത്തിൽ സഹായിയായി കൂട്ടിയത് ശ്രദ്ധ നേടിയിരുന്നു.മഹേഷ് പിന്നീട് നാഗ്പുരിലെത്തി അശ്വിനെ നേരിൽ കാണുകയും ഓസീസ് ടീമിന്റെ പരിശീലനത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു.
വിരാട് കൊഹ്‌ലി, കെ.എൽ രാഹുൽ,ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ,ചേതേശ്വർ പുജാര എന്നീ മികച്ച ബാറ്റർമാരുമായാണ് രോഹിത് ശർമ്മ പടയ്ക്ക് ഒരുങ്ങുന്നത്. അശ്വിൻ,ജഡേജ,അക്ഷർ എന്നീ മൂന്ന് സ്പിന്നർമാരും ബാറ്റർമാർ കൂടിയാണ്. നാലാം സ്പിന്നറായി കുൽദീപ് യാദവുണ്ട്. സൂര്യകുമാർ യാദവും വിക്കറ്റ് കീപ്പർ ബാറ്റർ ശ്രീകാർ ഭരതും ടെസ്റ്റ് അരങ്ങേറ്റം പ്രതീക്ഷിച്ച് ടീമിലുണ്ട്. ഇവരിൽ ആർക്കൊക്കെ പ്ളേയിംഗ് ഇലവനിൽ അവസരം നൽകണമെന്നതുമാത്രമാണ് ടീമിനെ അലട്ടുന്നത്. ഷമി,സിറാജ്,ഉമേഷ്,ജയ്ദേവ് ഉനദ്കദ് എന്നിവരാണ് പേസർമാർ.
സ്റ്റീവൻ സ്മിത്ത്,ഉസ്മാൻ ഖ്വാജ,മാർനസ് ലാബുഷേയ്ൻ,വാർണർ,അക്സ് കാരേ തുടങ്ങിയവരാണ് പാറ്റ് കമ്മിൻസ് നയിക്കുന്ന ഓസീസ് നിരയിലെ മുൻനിര ബാറ്റർമാർ. നഥാൻ ലയൺ,ആഷ്ടൺ ആഗർ, മിച്ചൽ സ്വെപ്സൺ,ടോഡ് മർഫി,മാറ്റ് റെൻഷാ എന്നിവരെയാണ് സ്പിൻ ഓപ്ഷനായി ഓസീസ് കൊണ്ടുവന്നിരിക്കുന്നത്.
സാദ്ധ്യതാ ഇലവനുകൾ
ഇന്ത്യ : രോഹിത് ശർമ്മ(ക്യാപ്ടൻ),ശുഭ്മാൻ ഗിൽ/കെ.എൽ രാഹുൽ,ചേതേശ്വർ പുജാര,വിരാട് കൊഹ്‌ലി,രവീന്ദ്ര ജഡേജ,ഗിൽ\സൂര്യകുമാർ യാദവ്,ശ്രീകാർ ഭരത്,അശ്വിൻ,അക്ഷർ പട്ടേൽ/കുൽദീപ് യാദവ്,ഷമി,സിറാജ്.
ഓസ്ട്രേലിയ : ഡേവിഡ് വാർണർ,ഉസ്മാൻ ഖ്വാജ,ലാബുഷേൻ,സ്റ്റീവ് സ്മിത്ത്,ട്രാവിസ് ഹെഡ്,ഹാൻഡ്സ്കോംബ്,അലക്സ് കാരേ,പാറ്റ് കമ്മിൻസ്(ക്യാപ്ടൻ),ആഷ്ടൺ ആഗർ/ടോഡ് മർഫി,നഥാൻ ലയൺ,സ്കോട്ട് ബോളാണ്ട്.
3
കഴിഞ്ഞ മൂന്ന് ബോർഡർ ഗാവസ്കർ ട്രോഫി പരമ്പരകളും സ്വന്തമാക്കിയത് ഇന്ത്യയാണ്.ഇതിൽ അവസാനത്തെ രണ്ടെണ്ണം ഓസ്ട്രേലിയിലാണ് നടന്നത്.
2004-05
സീസണിലാണ് ഓസ്ട്രേലിയ അവസാനമായി ഇന്ത്യൻ മണ്ണിൽ ഒരു ടെസ്റ്റ് പരമ്പര നേടിയത്.
2001 മുതൽ ഇന്ത്യൻ മണ്ണിൽ നടന്ന 36 ടെസ്റ്റ് പരമ്പരകളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് ഇന്ത്യയ്ക്ക് തോൽക്കേണ്ടിവന്നത്. 34 പരമ്പരകളിലെയും വിജയത്തിൽ പ്രധാന പങ്കുവഹിച്ചത് സ്പിന്നർമാരായിരുന്നു.
ഈ കാലയളവിൽ ടീം മൊത്തം വീഴ്ത്തിയ വിക്കറ്റുകളിൽ 68.75 ശതമാനം നേടിയത് സ്പിന്നർമാരാണ്. 101 മത്സരങ്ങളിൽനിന്ന് 1,195 വിക്കറ്റുകളാണ് സ്പിന്നർമാർ വീഴ്ത്തിയത്. അതിൽ തന്നെ 44 ശതമാനം വിക്കറ്റുകളും അശ്വിനും ജഡേജയും അക്ഷർ പട്ടേലും ചേർന്നാണ് വീഴ്ത്തിയത്.
312 വിക്കറ്റുകളാണ് അശ്വിൻ ഹോംഗ്രൗണ്ടുകളിൽ നേടിയിട്ടുള്ളത്. ജഡേജ 172 വിക്കറ്റുകളും. ഓസ്‌ട്രേലിയക്കെതിരായ നാട്ടിലെ കഴിഞ്ഞ രണ്ട് പരമ്പരകളിലെ എട്ട് മത്സരങ്ങളിൽ നിന്ന് 99 വിക്കറ്റുകളാണ് അശ്വിനും ജഡേജയും പങ്കിട്ടെടുത്തത്.
ഇന്ത്യൻ മണ്ണിൽ ടെസ്റ്റ് പരമ്പര നേടുന്നത് ഇംഗ്ളണ്ടിൽ ആഷസ് പരമ്പര നേടുന്നതിനേക്കാൾ കഠിനമായ കാര്യമാണ്. അത് നേടാനായാൽ ഞങ്ങളുടെ കരിയറിലെ തന്നെ ഏറ്റവും തിളക്കമുള്ളസംഭവമാകും.
- പാറ്റ് കമ്മിൻസ്,ഓസ്ട്രേലിയൻ ക്യാപ്ടൻ
ടീം സെലക്ഷനെപ്പറ്റി ആശങ്കകൾ ഒന്നുമില്ല. പിച്ചും സാഹചര്യങ്ങളും കണക്കിലെടുത്ത് ഓരോ പൊസിഷനിലേക്കും ഏറ്റവും മികച്ച താരങ്ങളെത്തന്നെ നിയോഗിക്കും. ഇന്ന് രാവിലെ പിച്ച് പരിശോധിച്ചശേഷമേ അന്തിമ ഇലവനെ പ്രഖ്യാപിക്കൂ.
- രോഹിത് ശർമ്മ, ഇന്ത്യൻ ക്യാപ്ടൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |