ന്യൂയോർക്ക് : കൂടിന്റെ ഗേറ്റിനുള്ളിൽ കുടുങ്ങിയ കഴുത്തൊടിഞ്ഞ് ജിറാഫിന് ദാരുണാന്ത്യം. യു.എസിൽ ന്യൂയോർക്കിലെ സെനേക പാർക്ക് മൃഗശാലയിലാണ് സംഭവം. മൃഗശാലയിലെ പൂർണ വളർച്ചയെത്തിയ ഏക ആൺ ജിറാഫായ പാർക്കർ ആണ് ചത്തത്. കഴിഞ്ഞ ഞായറാഴ്ച രാവിലെ മൃഗശാല ജീവനക്കാർ എത്തുമ്പോൾ ആറ് വയസുള്ള പാർക്കറിനെ ചലനമറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. മൃഗശാലയിലെ ഡോക്ടർമാർ അടിയന്തര ചികിത്സ നൽകിയെങ്കിലും പാർക്കറിനെ രക്ഷിക്കാനായില്ല. 2018ലാണ് പാർക്കറിന്റെ കൂട്ടിൽ ഗേറ്റ് സ്ഥാപിച്ചത്. രാജ്യത്തിന്റെ പല ഭാഗത്തും ഇത്തരം ഗേറ്റുകൾ ഉപയോഗിക്കുന്നുണ്ട്. ഗേറ്റിനുള്ളിൽ കുടുങ്ങിയ കഴുത്ത് പാർക്കർ സ്വയം പുറത്തെടുക്കാൻ ശ്രമിക്കവെ ഒടിയുകയായിരുന്നു. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ ഗേറ്റ് പരിഷ്കരിക്കും. 2018ൽ സാന്റാ ബാർബറ മൃഗശാലയിൽ നിന്നാണ് പാർക്കറെ സെനേക പാർക്കിലെത്തിച്ചത്. മറ്റ് മൂന്ന് ജിറാഫുകൾ കൂടി മൃഗശാലയിലുണ്ട്. കഴിഞ്ഞ ആറ് മാസത്തിനിടെ ഇവിടെ ജീവൻ നഷ്ടമാകുന്ന രണ്ടാമത്തെ ജിറാഫാണ് പാർക്കർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |