കുറ്റിപ്പുറം: എട്ടാംവയസ്സിൽ തന്നെ രണ്ട് പുസ്തകങ്ങൾ എഴുതിയിട്ടുണ്ട് തിരൂരിനടുത്തുള്ള പുല്ലൂരിലെ മുഹമ്മദ് ഹസനുൽ അനസ് . ഒമ്പതോളം പുസ്തകങ്ങളെഴുതിയ പിതാവ് ഫൈസൽ ബാബുവിന്റെ പാതയിൽ തന്നെയാണ് പുല്ലൂർ എ.എം.എൽ.പി സ്കൂളിലെ രണ്ടാംക്ളാസ് വിദ്യാർത്ഥിയായ അനസിന്റെ സഞ്ചാരം. അക്ഷരങ്ങളുടെ ലോകത്തെന്ന പോലെ കൃഷിയുടെ ലോകത്തും വ്യാപൃതനാണ് അനസ്.
അങ്ങാടിക്കുരുവികൾ, തെരുവിലെ കൂട്ടുകാർ എന്നിങ്ങനെ രണ്ടു കൃതികളാണ് അനസിന്റേതായുള്ളതാണ്. പക്ഷികളിലൂടെ കുടുംബത്തിന്റെ സ്നേഹവും നൊമ്പരവും പറയുന്ന കഥയാണ് അങ്ങാടിക്കുരുവികൾ. തെരുവിലലയുന്ന നായ്ക്കളുടെയും വളർത്തുനായ്ക്കളുടെയും വ്യത്യസ്തമായ ലോകവും ഇവരുടെ അനുഭവങ്ങളിലെ അന്തരവും പ്രതിപാദിക്കുന്നതിലൂടെ വ്യത്യസ്ത ജീവിതസാഹചര്യങ്ങളുടെ നീറുന്ന അനുഭവങ്ങൾ അവതരിപ്പിക്കുകയാണ് തെരുവിലെ കൂട്ടുകാരിലൂടെ.
പിതാവ് തന്നെയാണ് എഴുത്തിന്റെ പാതയിൽ അനസിന്റെ പ്രചോദനം. തന്റെ കഥകളെക്കുറിച്ചും ആശയങ്ങളെക്കറിച്ചും ഫൈസൽ ബാബു ഭാര്യയായ ഷാഹിനയുമായി സംവദിക്കുന്നത് അനസ് ഏറെ ശ്രദ്ധയോടെ വീക്ഷിക്കുമായിരുന്നു. ഇതിലൂടെയാണ് സ്വന്തമായ ആശയങ്ങൾ രൂപപ്പെടുത്തുന്നതിലേക്കും അവ കടലാസിലേക്ക് പകർത്തുന്നതിലേക്കും അനസ് തിരിഞ്ഞത്.
തന്റെ അനുഭവങ്ങൾ കോർത്തിണക്കി അനസ് എഴുതിയ കഥകൾ പിതാവ് ഡി.ടി.പി. ചെയ്ത് പുസ്തകരൂപത്തിലാക്കി. കോഴിക്കോട് സാഹിതീയം ബുക്‌സാണ് പുസ്തകത്തിന്റെ പ്രസാധകർ.
ചെറുപ്പത്തിൽ തന്നെ കൃഷിയുടെ ലോകത്തും സജീവമാണ് അനസ്. തലക്കാട് പഞ്ചായത്തിന്റെ കുട്ടിക്കർഷകൻ പുരസ്‌കാരവും നേടിയിട്ടുണ്ട്. 10 സെന്റ് ഭൂമിയിൽ വിവിധ പച്ചക്കറികൾ കൃഷി ചെയ്യുന്നുണ്ട് അനസ്. രാവിലെ എഴുന്നേറ്റാലുടൻ കൃഷിയിടത്തിലേക്ക് പോകും. സ്കൂൾ വിട്ടുവന്നാലുടൻ വീണ്ടും കൃഷിയിടത്തിലെത്തും. വായനയ്ക്കും സമയം കണ്ടെത്തും. ചിത്രംവരയിലും മിടുക്കനാണ്. സഹോദരി സബ്ഹാ മറിയം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |