പൂനെ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള പക്ഷത്തെ ശിവസേനയുടെ ഔദ്യോഗിക വിഭാഗമായി അംഗീകരിച്ചുകൊണ്ടുള്ള തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവ് വന്നതിനു പിന്നാലെ ഉദ്ധവ് താക്കറെ വിഭാഗത്തെ ആശ്വസിപ്പിച്ച് എൻ.സി.പി നേതാവ് ശരദ് പവാർ. അമ്പും വില്ലും ചിഹ്നം നഷ്ടമായത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കില്ലെന്നും പുതിയ ചിഹ്നം ജനങ്ങൾ സ്വീകരിക്കുമെന്നും പറഞ്ഞ അദ്ദേഹം കമ്മിഷന്റെ ഉത്തരവ് അംഗീകരിക്കണമെന്നും പുതിയൊരു ചിഹ്നം സ്വീകരിക്കണമെന്നും പറഞ്ഞു.
ഇത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനമാണ്. അതിൽ ഇനിയൊരു ചർച്ചയ്ക്ക് സാദ്ധ്യതയില്ല. ചിഹ്നം നഷ്ടപ്പെട്ടത് വലിയ പ്രത്യാഘാതങ്ങളുമുണ്ടാക്കില്ല. ജനങ്ങൾ പുതിയ ചിഹ്നം ഏറ്റെടുക്കും. അടുത്ത കുറച്ചു ദിവസത്തേക്ക് ചർച്ചയാകുമെന്ന് മാത്രം. അദ്ദേഹം പറഞ്ഞു.
കോൺഗ്രസും ഇതേ സാഹചര്യം നേരിട്ടുണ്ട്. കാളയും നുകവുമായിരുന്നു കോൺഗ്രസ് ചിഹ്നം. പിന്നീട് അത് നഷ്ടമാകുകയും കൈ ചിഹ്നം സ്വീകരിക്കുകയും ചെയ്തു. അതുപോലെ ഉദ്ധവ് വിഭാഗത്തിന്റെ പുതിയ ചിഹ്നവും ജനങ്ങൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സുപ്രീംകോടതിയെ സമീപിക്കാനാണ് ഉദ്ധവ് പക്ഷത്തിന്റെ തീരുമാനം.
കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മിഷൻ ഏക്നാഥ് ഷിൻഡെ വിഭാഗത്തിന് ഔദ്യോഗിക പേരും ചിഹ്നവും അനുവദിച്ച് കമ്മിഷൻ ഉത്തരവിട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |