കല്ലറ: ഗൃഹനാഥനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതി റിമാൻഡിൽ. കല്ലറ മിതൃമ്മല മാടൻകാവ് സ്വദേശി ജിനേഷ് (40) ആണ് റിമാൻഡിലായത്. മിതൃമ്മല തൂങ്ങയിൽ ലക്ഷംവീട് കോളനിയിൽ മണിലാലിന് (47) ആണ് കുത്തേറ്റത്. സംഭവത്തക്കുറിച്ച് പാങ്ങോട് പൊലീസ് പറയുന്നത്: കഴിഞ്ഞ ദിവസം മാടൻകാവ് ജംഗ്ഷനിൽ ഉത്സവത്തോടനുബന്ധിച്ച് ഗാനമേള നടക്കുന്നതിനിടെ പ്രതി മദ്യലഹരിയിൽ കൂടിയിരുന്ന ആളുകളെ അസഭ്യം വിളിക്കുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇത് മണിലാൽ തടഞ്ഞ് ജിനേഷിനെ പിടിച്ചുമാറ്റി വിട്ടു. ഇതിൽ പ്രകോപിതനായ പ്രതി മാടൻകാവ് പാൽ സൊസൈറ്റിക്കു മുന്നിൽ മണിലാലിനെ കാത്തുനിന്നു. ഒരു മണിയോടെ ഗാനമേള കഴിഞ്ഞെത്തിയ മണിലാലിനെ കൈയിൽ കരുതിയിരുന്ന കത്തിക്ക് കുത്തി വീഴ്ത്തുകയായിരുന്നു. കൈയിലും തലയിലും ഗുരുതര പരിക്കേറ്റ മണിലാൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെത്തുടർന്ന് ഒളിവിൽപോയ ജിനേഷിനെ പാങ്ങോട് സി.ഐ എൻ.സുനീഷ്, എസ്.ഐ അജയൻ,ഗ്രേഡ് എസ്.ഐ.മാരായ രാജേഷ്, രാജൻ,നസിം സി.പി.ഒ.മാരായ ബിനു, ശ്രീജിത്ത് എന്നിവർ ചേർന്ന് പിടികൂടി. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |