ആലപ്പുഴ : സംസ്ഥാന സർക്കാരിന്റെ നികുതി കൊള്ളയ്ക്കെതിരെ മുസ്ലിം യൂത്ത്ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ടറേറ്റ് മാർച്ചിൽ പ്രതിഷേധമിരമ്പി. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. യൂത്ത്ലീഗ് ജില്ലാ പ്രസിഡന്റ് പി.ബിജു, ജനറൽ സെക്രട്ടറി ഷാഫി കാട്ടിൽ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. ഇവരെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുനിസിപ്പൽ സ്റ്റേഡിയം പരിസരത്ത് നിന്നും നിന്നും ഇന്നലെ രാവിലെ 11ന് ആരംഭിച്ച മാർച്ചിൽ നൂറുകണക്കിന് പ്രവർത്തകർ അണിനിരന്നു. മാർച്ച് കളക്ടറേറ്റിന് മുൻഭാഗത്ത് പൊലീസ് തടഞ്ഞു. തുടർന്ന് പൊലീസും പ്രവർത്തകരുമായി ഉന്തും തള്ളും ഉണ്ടായി. നേതാക്കൾ ഇടപ്പെട്ട് രംഗം ശാന്തമാക്കി.
യൂത്ത്ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ടി.പി.അഷ്റഫലി മാർച്ച് ഉദ്ഘാടനം ചെയ്തു. യൂത്ത്ലീഗ് ജില്ലാ പ്രസിഡന്റ് പി.ബിജു അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷാഫി കാട്ടിൽ, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് എ.എം.നസീർ, ജനറൽ സെക്രട്ടറി അഡ്വ. എച്ച്.ബഷീർകുട്ടി, യൂത്ത്ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ജാഫർ സാദിഖ്, മുസ്ലിംലീഗ് ജില്ലാ ട്രഷറർ കമാൽ എം മാക്കിയിൽ, ഭാരവാഹികളായ ഇ .വൈ.എം.ഹനീഫ മൗലവി, എസ്.എ.അബ്ദുൽ സലാം ലബ്ബ, അഡ്വ. എ.എ.റസാഖ്, എസ്.നജ്മൽ ബാബു തുടങ്ങിയവർ സംസാരിച്ചു. പൊലീസ് അറസ്റ്റ് ചെയ്ത പ്രവർത്തകരെ പിന്നീട് ജാമ്യത്തിൽ വിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |