SignIn
Kerala Kaumudi Online
Saturday, 02 August 2025 1.16 AM IST

ധീരം,​ ഈ ചെറുത്തു നിൽപ്പ്

Increase Font Size Decrease Font Size Print Page
zelenski

കൊമേഡിയനും സിനിമാതാരവും നിർമ്മാതാവും പ്രഭാഷകനുമൊക്കെയായി തിളങ്ങി നിന്ന വൊളോഡിമിർ ഒലക്‌സാൻഡ്രോവിച്ച് സെലെൻസ്‌കി എന്ന യുവാവ് ഒരു സുപ്രഭാതത്തിലാണ് യുക്രെയിനിന്റെ പ്രസിഡന്റായത്.41ാം വയസിൽ. ഇപ്പോൾ യുദ്ധത്തിനും അധിനിവേശത്തിനും എതിരായ

ചെറുത്തുനിൽപ്പിന്റെ ആഗോള പ്രതീകമാണ്. യുക്രെയിനിലെ ആദ്യ ജൂത വംശജനായ പ്രസിഡന്റാണ് സെലെൻസ്‌കി. ഇസ്രയേൽ കഴിഞ്ഞാൽ പ്രസിഡന്റും പ്രധാനമന്ത്രിയും ജൂതരായ ഏക രാഷ്‌ട്രമാണ് യുക്രെയിൻ.

2018 ഡിസംബർ 31ന് അന്നത്തെ യുക്രെയിൻ പ്രസിഡന്റ് പെട്രോ പോറോഷെൻകോ വൺ പ്ലസ് വൺ എന്ന ടെലിവിഷൻ ചാനലിൽ പുതുവത്സര പ്രസംഗം നടത്തിയതിന് പിന്നാലെ അതേ ചാനലിലാണ് സെലെൻസ്‌കി 2019ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. പ്രത്യേക രാഷ്‌ട്രീയമൊന്നും ഇല്ലാതിരുന്ന സെലെൻസ്‌കി അഭിപ്രായ സർവ്വേകളിൽ മുന്നിൽ വന്നു. അഴിമതി വിരുദ്ധ പോരാളിയായി സ്വയം പ്രതിഷ്‌ഠിച്ചു. സാമൂഹ്യമാദ്ധ്യമങ്ങളെ ഫലപ്രദമായി ഉപയോഗിച്ചു.തിരഞ്ഞെടുപ്പിൽ 73.23 ശതമാനം വോട്ട് നേടി വിജയിച്ചു. 2019 മേയ് 20ന് അധികാരമേറ്റു.

പ്രസിഡന്റായ ശേഷം പാർലമെന്റ് പിരിച്ചു വിട്ട് നടത്തിയ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ സെർവന്റ് ഒഫ് ദ പീപ്പിൾ പാർട്ടി വൻ വിജയം നേടി. യുക്രെയിൻ പാർലമെന്റിൽ ആദ്യമായാണ് ഒരു പാർട്ടി ഒറ്റയ്‌ക്ക് ഭൂരിപക്ഷം നേടുന്നത്. 43ശതമാനം വോട്ടും 424 സീറ്റിൽ 254സീറ്റും. അഴിമതിക്കെതിരായി നടപടികളെടുത്ത അദ്ദേഹം പാർലമെന്റംഗങ്ങളുടെ നിയമ പരിരക്ഷ എടുത്തു കളഞ്ഞു. നിരവധി ഭരണപരിഷ്കാരങ്ങൾ നടപ്പാക്കി.

റഷ്യൻ പിന്തുണയുള്ള വിഘടന വാദം അവസാനിപ്പിക്കാൻ പ്രസിഡന്റ് വ്ലാഡിമി‌ർ പുട്ടിനുമായി ചർച്ച നടത്തുമെന്നായിരുന്നു സെലെൻസ്കിയുടെ പ്രധാന വാഗ്ദാനം. യുക്രെയിൻ നാറ്റോയുടെ ഭാഗമാകുമെന്ന് വന്നപ്പോൾ സംഘർഷം യുദ്ധത്തിലേക്ക് വഴിമാറി. 2022 ഫെബ്രുവരി 24നാണ് റഷ്യ യുക്രെയിനെ ആക്രമിച്ചത്. ഇന്ന് ഒരു വർഷം തികയുമ്പോൾ,​ യുക്രെയിനെ കീഴടക്കുമെന്ന പുട്ടിന്റെ അവകാശവാദം ആവിയായ കാഴ്ചയാണ്. യുക്രെയിൻ യുദ്ധക്കെടുതികളുടെ നടുവിലും പിടിച്ചു നിൽക്കുന്നു.

2022ഫെബ്രുവരി 24ന് രാവിലെ റഷ്യൻ മിസൈലുകൾ യുക്രെയിനിലെമ്പാടും നാശം വിതച്ചു. സെലെൻസ്‌കി രാജ്യത്ത് പട്ടാള നിയമ പ്രഖ്യാപിച്ചു. റഷ്യയുമായുള്ള നയതന്ത്ര ബന്ധം വിഛേദിച്ചു. റഷ്യ ജനവാസ കേന്ദ്രങ്ങൾ ആക്രമിച്ചതോടെ യുക്രെയിൻ വലിയ മനുഷ്യ ദുരന്തത്തിൽ അമർന്നു. തന്റെ ജീവൻ ആണ് റഷ്യയുടെ ലക്ഷ്യം എന്ന് സെലെൻസ്‌കി ജനങ്ങളോട് പറഞ്ഞു. ഫെബ്രുവരി 26ന് റഷ്യ സെലെൻസ്‌കിയുടെ ആസ്ഥാനമായ കീവ് നഗരം ആക്രമിച്ചു. സെലെൻസ്‌കിയെയും കുടുംബത്തെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ അമേരിക്കയും തുർക്കിയും സഹായം വാഗ്ദാനം ചെയ്‌തു. സെലെൻസ്‌കി അത് നിരസിച്ചു. ഇവിടെയാണ് യുദ്ധം. എനിക്ക് വേണ്ടത് വെടിക്കോപ്പുകളാണ്,​ സവാരിയല്ല എന്നായിരുന്നു സെലെൻസ്‌കിയുടെ മറുപടി. സ്വന്തം ജനതയെ വിശ്വാസത്തിലെടുത്ത സെലെൻസ്‌കി യുക്രെയിൻ ചെറുത്തു നിൽപ്പിന്റെ ധീര പ്രതീകമായി.യുക്രെയിന്റെ എക്കാലത്തെയും മഹാനായ പ്രസിഡന്റായി വാഴ്‌ത്തപ്പെട്ടു. ടൈം മാഗസിൻ 2022ലെ പേഴസൺ ഒഫ് ദ ഇയർ ആയും തിരഞ്ഞെടുത്തു.

ജീവിത രേഖ

1978 ജനുവരി 25ന് അന്ന് സോവിയറ്റ് റിപ്പബ്ലിക്കായിരുന്ന യുക്രെയിനിലെ ക്രിവി റീ നഗരത്തിലെ ജൂത കുടുംബത്തിലാണ് വൊളോഡിമിർ സെലെൻസ്‌കിയുടെ ജനനം. പിതാവ് ഒലക്സാൻഡർ സെലെൻസ്‌കി പ്രൊഫസറും കമ്പ്യൂട്ടർ ശാസ‌ത്രജ്ഞനുമായിരുന്നു.അമ്മ റിമ്മ സെലെൻസ്‌ക എൻജിനീയറും.

സഹപാഠി ആയിരുന്ന ഒലെന കിയാഷ്കോ ആണ് സെലെൻസ്‌കിയുടെ ഭാര്യ. മകൾ ഒലക്‌സാന്ദ്ര. മകൻ കൈറിലോ. കീവ് നാഷണൽ ഇക്കണോമിക് യൂണിവേഴ്‌സിറ്റിയിൽ നിന്ന് നിയമബിരുദം നേടി.

പതിനേഴാം വയസിൽ കോമഡി മത്സരത്തിൽ തുടങ്ങിയതാണ് സെലെൻസ്‌കിയുടെ ഹാസ്യതാര ജീവിതം. ക്വാർത്താൽ 95 എന്ന നിർമ്മാണ കമ്പനി തുടങ്ങി. സിനിമയും കാർട്ടൂൺ പരമ്പരകളും ടെലിവിഷൻ പരമ്പരകളും നിർമ്മിച്ചു. ജനസേവകൻ ( സെർവന്റ് ഒഫ് ദ പീപ്പിൾ )​ എന്ന പരമ്പരയിൽ യുക്രെയിൻ പ്രസിഡന്റായി അഭിനയിച്ചു. ഒരു ഹൈസ്കൂൾ അദ്ധ്യാപകൻ അഴിമതിക്കെതിരായ വീഡിയോയിലൂടെ ജനങ്ങളുടെ നേതാവായി യുക്രെയിൻ പ്രസിഡന്റാവുന്നതാണ് പ്രമേയം. പരമ്പര സൂപ്പർ ഹിറ്റായിരുന്നു. 2018ൽ കമ്പനിയിലെ ജീവനക്കാർ ചേർന്ന് സെർവന്റ് ഒഫ് ദ പീപ്പിൾ എന്ന രാഷ്‌ട്രീയ പാർട്ടിക്കും രൂപം നൽകി.

പിന്നീട് സിനിമയിലേക്ക് തിരിഞ്ഞു. മൂന്ന് ഭാഗങ്ങളുള്ള ലവ് ഇൻ ദ ബിഗ് സിറ്റി ആണ് ആദ്യ സിനിമ. ഓഫീസ് റോമാൻസ്,​ റെവ്സ്‌കി വെഴ്‌സസ് നെപ്പോളിയൻ,​ എയിറ്റ് ഫസ്റ്റ് ഡേറ്റ്സ്,​ ഐ,​ യു,​ ഹി,​ ഷീ തുടങ്ങിയവ സെലെൻസ്‌കിയുടെ പ്രശസ്ത സിനിമകളാണ്.

TAGS: NEWS 360, WORLD, WORLD NEWS, ZELENSKY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.