ന്യൂഡൽഹി:വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെ എ.ടി.എമ്മുകളായി കണക്കാക്കി അവിടത്തെ പണം കോൺഗ്രസ് നേതാക്കൾ ഡൽഹിയിലേക്ക് കടത്തിക്കൊണ്ടുപോയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു.സർക്കാർ പദ്ധതികളിലെ പണം നേരിട്ട് ജനങ്ങളിലെത്തിക്കാൻ ബി.ജെ.പി സർക്കാരിന് കഴിഞ്ഞതായും നാഗലാൻഡിൽ ബി.ജെ.പി തിരഞ്ഞെടുപ്പ് റാലിയിൽ അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് സർക്കാരിന്റെ കാലത്തെ അഴിമതി ഇല്ലാതാക്കാൻ ബി.ജെ.പി സർക്കാരിന് കഴിഞ്ഞു. ബി.ജെ.പി ഭരണം തുടങ്ങിയ ശേഷം ഒരു പൈസ പോലും പുറത്ത് പോയില്ല. നാഗലാൻഡിലെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് സൗജന്യ റേഷൻ നൽകുന്നു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ ബി.ജെ.പിക്ക് അഷ്ട ലക്ഷ്മിയെ പോലെയാണ്. നാഗലാൻഡിൽ ശാശ്വതമായ സമാധാനം കൊണ്ടുവരുകയാണ് ലക്ഷ്യം. കഴിഞ്ഞ ഒമ്പത് വർഷം കൊണ്ട് നാഗലാൻഡ് ശ്രദ്ധേയമായ പുരോഗതി കൈവരിച്ചു. എന്നാൽ വോട്ട് നേടുക, പിന്നീട് മറക്കുക എന്നതാണ് കോൺഗ്രസിന്റെ നയമെന്നും മോദി പറഞ്ഞു. നാഗലാൻഡ് മുഖ്യമന്ത്രി നെഫിയു റിയോ ഉൾപ്പെടെയുള്ള എൻ.ഡി.പി.പിയുടെയും, സംസ്ഥാനത്തെ ബി.ജെ.പിയുടെയും നേതാക്കളും റാലിയിൽ പങ്കെടുത്തു.
കുടുംബമല്ല,ആദ്യം
വേണ്ടത് ജനങ്ങൾ
മേഘാലയയിലെ കുന്നുകളിലായാലും സമതലങ്ങളിലായാലും താമര വിരിയുന്നത് തനിക്ക് കാണാൻ കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മേഘാലയയിൽ ബി.ജെ.പിയുടെ ഇരട്ട എഞ്ചിൻ സർക്കാർ വേണം. കുടുംബം ആദ്യമെന്ന് ചിന്തിക്കുന്ന സർക്കാർ മേഘാലയത്തിൽ വേണ്ട. ജനങ്ങൾ ആദ്യമെന്ന സർക്കാരാണ് വേണ്ടത്. മേഘാലയയിലെ ആദിവാസികളെ കോൺഗ്രസ് അവഗണിച്ചു. ഗോത്രങ്ങളുടെ ഉന്നമനമാണ് ബി.ജെ.പിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം രാജ്യവും പൗരന്മാരുമാണ് ഒന്നാമത്. ബി.ജെ.പി മതത്തിന്റെ പേരിൽ വിവേചനം കാണിക്കുന്നില്ല. മേഘാലയ ഉടൻ തന്നെ ജി 20 യോഗത്തിന് ആതിഥേയത്വം വഹിക്കും. ഇത് സംസ്ഥാനത്തിന്റെ പ്രതിച്ഛായ വർദ്ധിപ്പിക്കുമെന്നും മോദി പറഞ്ഞു.
നഴ്സുമാരെ മോചിപ്പിച്ചത് മതം നോക്കിയല്ല
ന്യൂഡൽഹി: മതം നോക്കിയല്ല കേന്ദ്രസർക്കാർ പ്രശ്നങ്ങളിലിടപെടുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. മേഘാലയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ നഴ്സുമാരെ ഭീകരരിൽ നിന്ന് മോചിപ്പിച്ചത് ഉദാഹരണമാണ്. അവരിൽ പലരും ക്രിസ്‌ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പഠനം പൂർത്തിയാക്കിയവരാണ്. താലിബാൻ തടവിലാക്കിയ ഫാദർ അലക്സ് പ്രേംകുമാറിനെ മോചിപ്പിക്കാനായ കാര്യവും അദ്ദേഹം പറഞ്ഞു. വൈദികനെ മോചിപ്പിക്കുമെന്ന് കുടുംബത്തിനും എന്നെ വന്ന് കണ്ട സഭാദ്ധ്യക്ഷനും വാക്ക് നൽകിയിരുന്നു. അവർക്ക് നൽകിയ വാക്ക് പാലിക്കാനായി. അദ്ദേഹം പറഞ്ഞു. മോദിക്കായി കുഴിമാടം ഒരുങ്ങിയെന്ന് മുദ്രാവാക്യം വിളിക്കുന്നവർ നിരാശയുടെ പടുകുഴിയിൽ വീണവരാണ്. എന്നാൽ ഇന്ത്യയിലെ ജനങ്ങൾ എല്ലായിടത്തും മോദിയുടെ താമര വിരിയുമെന്നാണ് ആർപ്പ് വിളിക്കുന്നത്. പ്രധാനമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |