കോട്ടയം . നിരവധി ചലച്ചിത്രമേളകളിൽ പുരസ്കാരാർഹമായ, ഓസ്കാർ നോമിനേഷൻ നേടിയ, വ്യത്യസ്തമായ പ്രമേയങ്ങൾ അവതരിപ്പിക്കുന്ന ചിത്രങ്ങൾ കോട്ടയംകാരുടെ മനസ് കീഴടക്കുന്നു. കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയുടെ രണ്ടാം ദിനമായ ഇന്നലെ ചലച്ചിത്രാസ്വാദകരുടെ വൻതിരക്കാണ് അനുഭവപ്പെട്ടത്.
ഇസ്രയേൽ - പാലസ്തീൻ ചെറുത്തു നിൽപ്പിനിടയിലെ സൗഹൃദവും പ്രണയവും പറഞ്ഞ ആലം, കാൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയ ഡിസിഷൻ ടു ലീവ്, സ്പെയിനിലെ ജയിൽ കലാപത്തിന്റെ നേർചിത്രമൊരുക്കുക്കുന്ന ത്രില്ലർ സിനിമയായ പ്രിസൺ 77 എന്നിവ ശ്രദ്ധ നേടി. മലയാള ചിത്രങ്ങളായ ബാക്കി വന്നവർ, അറിയിപ്പ്, പട എന്നീ ചിത്രങ്ങൾ ഇന്നലെ പ്രദർശിപ്പിച്ചു. ഇൻ ദി മിസ്റ്റ്, ദി ബിഹെഡിംഗ് ഒഫ് സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ്, ബോത്ത് സൈഡ്സ് ഒഫ് ദി ബ്ലേഡ്, ദി വെയിൽ എന്നീ ചിത്രങ്ങൾ അനശ്വരയിലും ദി ലാസ്റ്റ് പേജ്, ആണ്, ടഗ് ഒഫ് വാർ, ദി വിന്റർ വിത്തിൻ എന്നിവ ആഷയിലും ഇന്ന് പ്രദർശിപ്പിക്കും. ഉച്ചയ്ക്ക് സി എം എസ് കോളേജിൽ കർമ്മസാഗരം പ്രദർശിപ്പിക്കും.
'അനർഘനിമിഷം' .
എഴുപതുകളുടെ സിനിമാക്കാല സ്മരണയുണർത്തി പുനലൂർ രാജന്റെ ശേഖരത്തിലുള്ള അപൂർവ ചിത്രങ്ങളുടെ പ്രദർശനം തുടങ്ങി. ഛായാഗ്രാഹകൻ സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. ഇരുട്ടിന്റെ ആത്മാവ്, ഏണിപ്പടികൾ,വിൽക്കാനുണ്ട് സ്വപ്നങ്ങൾ തുടങ്ങി വിവിധ സിനിമകളിൽ നിന്നുള്ള ചിത്രങ്ങളും മലയാള സിനിമയിലെ മഹാരഥന്മാരുടെ ചിത്രങ്ങളുമാണ് പ്രദർശനത്തിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |