ന്യൂഡൽഹി: ഈ വർഷത്തെ മദ്ധ്യപ്രദേശ് തിരഞ്ഞെടുപ്പിലും അടുത്ത വർഷത്തെ ലോക്‌സഭ തിരഞ്ഞെടുപ്പിലും ബി.ജെ.പി മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യം എല്ലാ മേഖലകളിലും വികസിക്കുന്നു. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിൽ മദ്ധ്യപ്രദേശ് വൻ പുരോഗതിയാണ് കൈവരിച്ചത്. സത്‌നനയിൽ സർക്കാർ മെഡിക്കൽ കോളേജ് കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്ധ്യപ്രദേശിൽ 24 സർക്കാർ മെഡിക്കൽ കോളേജുകളും 14 സ്വകാര്യ മെഡിക്കൽ കോളേജുകളുമുണ്ട്. ഇത് സംസ്ഥാനത്തിന്റെ വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
നിതീഷ് കുമാറിന് മുന്നിൽ വാതിൽ അടഞ്ഞു
വർഷങ്ങളായി ആയാറാം ഗയാറാം കളിക്കുന്ന ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് മുന്നിൽ എൻ.ഡി.എയുടെ വാതിൽ എന്നന്നേക്കുമായി അടഞ്ഞെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ബീഹാറിലെ വെസ്റ്റ് ചമ്പാരൻ ജില്ലയിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തേജസ്വി യാദവിനെ മുഖ്യമന്ത്രിയാക്കുമെന്ന് നിതീഷ് ഉറപ്പ് നൽകിയിട്ടുണ്ട്. എപ്പോഴാണ് വീണ്ടും ജംഗിൾ രാജ് കൊണ്ടുവരികയെന്ന് മാത്രം അറിഞ്ഞാൽ മതിയെന്നും അദ്ദേഹം പരിഹസിച്ചു. ആർ.ജെ.ഡി -ജെ.ഡി.യു അവിശുദ്ധ സഖ്യം എണ്ണയും വെള്ളവും പോലെ ഒരിക്കലും ചേരില്ല. നിതീഷ് കുമാർ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാനുള്ള അത്യാഗ്രഹത്താലാണ് എൻ.ഡി.എയുമായുള്ള ബന്ധം വിച്ഛേദിച്ചത്. ഓരോ മൂന്ന് വർഷം കൂടുമ്പോഴും അദ്ദേഹത്തിന് പ്രധാനമന്ത്രി സ്വപ്നം വരും. അതിനാണ് കോൺഗ്രസുമായും ആർ.ജെ.ഡിയുമായും സംഖ്യമുണ്ടാക്കിയതെന്നും ഷാ പറഞ്ഞു.
ഒറ്റക്കെട്ടായാൽ നൂറ് തികയ്ക്കില്ല
കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി 2024ലെ ലോക്സഭ തിരഞ്ഞെടുപ്പിനെ നേരിട്ടാൽ ബി.ജെ.പിക്ക് നൂറ് സീറ്റ് പോലും ലഭിക്കില്ലെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു. കോൺഗ്രസ് ഉടനെ തീരുമാനമെടുക്കണം. ബീഹാറിലെ പുർണിയയിൽ മഹാസഖ്യത്തിന്റെ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് ഈ നിർദ്ദേശം അംഗീകരിക്കുകയാണെങ്കിൽ ബി.ജെ.പിയെ നൂറ് സീറ്റിന് താഴെ ഒതുക്കാം. അതിന് തയ്യാറാല്ലെങ്കിൽ എന്ത് സംഭവിക്കുമെന്ന് കോൺഗ്രസിന് നന്നായി അറിയാമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയെ അധികാരത്തിൽ നിന്നിറക്കാൻ പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിക്കുകയെന്ന ലക്ഷ്യം നേടുന്നത് വരെ താൻ പോരാടുമെന്നും ബി.ജെ.പിയെ തുടച്ചു നീക്കുമെന്നും നിതീഷ് കുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |