ടെഹ്‌റാൻ: ഉന്നത സൈനിക കമാൻഡറായിരുന്ന ജനറൽ ഖാസിം സുലൈമാനിയെ വധിച്ചതിന് യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് പ്രതികാരം ചെയ്യുമെന്ന് ആവർത്തിച്ച് ഇറാൻ. നിരപരാധികളായ സൈനികരെ കൊല്ലാൻ ഉദ്ദേശിക്കുന്നില്ലെന്നും എന്നാൽ സുലൈമാനിയെ വധിക്കാൻ ഉത്തരവിട്ട ട്രംപിനെയും മുൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയേയും സൈനിക മേധാവികളെയും വധിക്കാൻ അവസരം കാത്തിരിക്കുകയാണെന്നും റെവലൂഷനറി ഗാർഡ്‌സിന്റെ എയറോസ്പേസ് ഫോഴ്സ് ബ്രിഗേഡിയർ ജനറൽ അമീർ അലി ഹാജിസദേ മുന്നറിയിപ്പ് നൽകി.
ഒരു ടെലിവിഷൻ പരിപാടിക്കിടെയാണ് ഹാജിസദേയുടെ പ്രസ്താവന. 2020 ജനുവരി 3നാണ് ട്രംപിന്റെ ഉത്തരവ് പ്രകാരം നടന്ന ഡ്രോൺ ആക്രമണത്തിൽ സുലൈമാനി കൊല്ലപ്പെട്ടത്. കഴിഞ്ഞ മാസം സുലൈമാനിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് യു.എസിനോട് പ്രതികാരം ചെയ്യുമെന്ന് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി പ്രതിജ്ഞയെടുത്തിരുന്നു.
ഇറാന്റെ ജെയിംസ് ബോണ്ട്
ഇറാന്റെ ജെയിംസ് ബോണ്ടെന്ന് അറിയപ്പെട്ടിരുന്ന സൈനിക കമാൻഡർ ഖാസിം സുലൈമാനിയെ ഇറാക്കിലെ ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം വച്ചാണ് വധിച്ചത്. എം.ക്യൂ - 9 റീപ്പർ ഡ്രോണും അതിൽ ഘടിപ്പിച്ചിരുന്ന എ.ജി.എം-114 ഹെൽഫയർ ആർ 9 എക്‌സ് 'നിൻജ ' മിസൈലുകളുമാണ് സുലൈമാനിയുടെ ജീവനെടുത്തത്.
ഇറാഖിലും മേഖലയിലുടനീളവുമുള്ള തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെയും സൈനികരേയും ആക്രമിക്കാനുള്ള പദ്ധതികൾ സുലൈമാനിയുടെ നേതൃത്വത്തിൽ സജീവമായി വികസിപ്പിക്കുന്നതായി യു.എസ് ആരോപിച്ചിരുന്നു. കൊല്ലപ്പെടുമ്പോൾ റെവലൂഷനറി ഗാർഡ്സിന്റെ വിദേശ ഓപ്പറേഷൻ വിഭാഗമായ ഖുദ്സ് ഫോഴ്സിന്റെ തലവനായിരുന്നു സുലൈമാനി.
സുലൈമാനിയുടെ വധത്തിന് പിന്നാലെ ഇറാക്കിൽ അമേരിക്കൻ, സഖ്യസേനാ സൈനികർ കഴിഞ്ഞിരുന്ന ബേസുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയിരുന്നെങ്കിലും അമേരിക്കൻ ഭാഗത്ത് മരണമുണ്ടായിരുന്നില്ല. എന്നാൽ നിരവധി സൈനികർക്ക് ഗുരുതര പരിക്കേറ്റു. സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ 2020 ജനുവരി 8ന് ടെഹ്റാനിൽ നിന്ന് കീവിലേക്ക് പറന്നുയർന്ന ഒരു യുക്രെയിൻ യാത്രാ വിമാനം ഇറാൻ അബദ്ധത്തിൽ വെടിവച്ച് വീഴ്ത്തുകയും അതിലുണ്ടായിരുന്ന 176 യാത്രക്കാർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
ആശങ്കയായി പുതിയ മിസൈൽ
1,650 കിലോമീറ്റർ പ്രഹര പരിധിയുള്ള ' പാവെ " എന്ന ക്രൂസ് മിസൈൽ ഇറാൻ വികസിപ്പിച്ചിട്ടുണ്ടെന്നും ഹാജിസദേ പറഞ്ഞു. യുക്രെയിനിൽ ഇറാൻ നിർമ്മിത ഡ്രോണുകൾ റഷ്യ ഉപയോഗിക്കുന്ന പശ്ചാത്തലത്തിൽ പുതിയ മിസൈൽ പാശ്ചാത്യ ലോകത്ത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഏതാനും വർഷങ്ങളായി മിസൈൽ കരുത്ത് വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ഇറാൻ. അത്യാധുനിക വ്യോമപ്രതിരോധ സംവിധാനങ്ങളെ നിർവീര്യമാക്കാൻ ശേഷിയുള്ള ഹൈപ്പർ സോണിക് ബാലിസ്റ്റിക് മിസൈൽ വികസിപ്പിച്ചെന്ന് നവംബറിൽ ഹാജിസദേ അവകാശപ്പെട്ടിരുന്നു. എന്നാൽ യു.എസ് ഇതിൽ സംശയം പ്രകടിപ്പിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |