മോസ്കോ: ഭൂമിയിലേക്ക് തിരിച്ചെത്താനാകാതെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തുടരുന്ന സഞ്ചാരികൾക്കായി റഷ്യയുടെ രക്ഷാദൗത്യം ആരംഭിച്ചു. റഷ്യൻ സഞ്ചാരികളായ സെർജി പ്രൊകോപീവ്, ഡിമിട്രി പെറ്റലിൻ, നാസയിൽ നിന്നുള്ള ഫ്രാങ്ക് റൂബിയോ എന്നിവരെ തിരികെയെത്തിക്കാനായി റഷ്യൻ സ്പേസ് ഏജൻസിയായ റോസ്കോസ്മോസിന്റെ സോയൂസ് എം.എസ് - 23 ആളില്ലാ പേടകം പുറപ്പെട്ടു.
വെള്ളിയാഴ്ച കസഖ്സ്ഥാനിൽ റഷ്യയുടെ ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്ന് വിക്ഷേപിച്ച പേടകം ഇന്ന് രാവിലെ ബഹിരാകാശ നിലയത്തിലേക്ക് അടുപ്പിക്കും. മൂവരെയും സെപ്തംബർ അവസാനത്തോടെ സുരക്ഷിതമായി തിരികെ ഭൂമിയിലെത്തിക്കുമെന്ന് റോസ്കോസ്മോസ് അറിയിച്ചു.
സെപ്തംബർ 21ന് സോയൂസ് എം.എസ് - 22 പേടകത്തിലാണ് സെർജി പ്രൊകോപീവ്, ഡിമിട്രി പെറ്റലിൻ, ഫ്രാങ്ക് റൂബിയോ എന്നിവർ ബഹിരാകാശ നിലയത്തിലെത്തിയത്. ദൗത്യം പൂർത്തിയാക്കി ഇതേ പേടകത്തിൽ മാർച്ച് അവസാനം തിരിച്ചെത്താനായിരുന്നു പദ്ധതി.
എന്നാൽ, ഡിസംബറിൽ ബഹിരാകാശ നിലയത്തിൽ ഘടിപ്പിക്കപ്പെട്ടിരുന്ന സോയൂസ് എം.എസ് - 22 പേടകത്തിൽ ചോർച്ച കണ്ടെത്തി. ചെറിയ ഉൽക്ക ഇടിച്ചതാകാം ചോർച്ചയ്ക്ക് കാരണമെന്ന് കരുതുന്നു. മൂന്ന് മണിക്കൂറിനുള്ളിൽ ചോർച്ച പരിഹരിച്ചെങ്കിലും കാപ്സൂളിനുള്ളിലെ താപനില ഉയർന്നെന്ന് റോസ്കോസ്മോസ് അറിയിച്ചു. ശീതീകരണ സംവിധാനത്തിലുണ്ടായ ചോർച്ച താപനില 30 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ കാരണമായി.
ഇതോടെ ഇവരെ തിരികെയെത്തിക്കാൻ പുതിയ പേടകത്തെ വിക്ഷേപിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇവർ മൂന്ന് പേരുമടക്കം ആകെ ഏഴ് ബഹിരാകാശ സഞ്ചാരികളാണ് നിലവിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ളത്. ഇവരെല്ലാം സുരക്ഷിതരാണ്.
അതേ സമയം, തകരാർ സംഭവിച്ച സോയൂസ് എം.എസ് - 22 മാർച്ച് അവസാനം ബഹിരാകാശ നിലയത്തിൽ നിന്ന് വേർപെട്ട് ആളില്ലാ പേടകമായി ഭൂമിയിൽ തിരിച്ചെത്തും. യുക്രെയിനിൽ അധിനിവേശം ആരംഭിച്ചതിന് ശേഷം ബഹിരാകാശ മേഖലയിൽ മാത്രമാണ് റഷ്യയുമായി യു.എസ് സഹകരണം തുടരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |