ന്യൂയോർക്ക് : ലോകത്തെ ഏറ്റവും സന്തോഷകരമായ ഇടങ്ങളിലൊന്ന് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇടമാണ് കാലിഫോർണിയയിലെ ഡിസ്നിലാൻഡ് തീംപാർക്ക്. അമേരിക്കൻ ആനിമേറ്ററും മിക്കി മൗസും ഡൊണാൾഡ് ഡക്കും ഉൾപ്പെടെയുള്ള കഥാപാത്രങ്ങളുടെ സ്രഷ്ടാവുമായ വാൾട്ട് ഡിസ്നിയാണ് മനോഹരമായ ഈ തീം പാർക്ക് സ്ഥാപിച്ചത്. പ്രതിവർഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പതിനായിരക്കണക്കിന് സഞ്ചാരികളാണ് ഡിസ്നിലാൻഡിലെത്തുന്നത്.
ഇപ്പോഴിതാ ഏറ്റവും കൂടുതൽ തവണ ഡിസ്നിലാൻഡ് സന്ദർശിച്ച വ്യക്തിയെന്ന റെക്കാഡ് സ്വന്തമാക്കിയിരിക്കുകയാണ് കാലിഫോർണിയ സ്വദേശിയായ ജെഫ് റെയ്‌റ്റ്സ്. ഡിസ്നിയുടെ കടുത്ത ആരാധാകനായ ഇദ്ദേഹം തുടർച്ചയായ 2,995 ദിവസമാണ് ഡിസ്നിലാൻഡ് സന്ദർശിച്ചത്. ! എയർ ഫോഴ്സ് മുൻ ഉദ്യോഗസ്ഥനായ ഇദ്ദേഹത്തിന്റെ കൈവശം പാർക്കിലേക്ക് പ്രവേശിക്കുന്നതിനുള്ള ആനുവൽ പാസുണ്ടായിരുന്നു.
50കാരനായ ജെഫ് 2012 ജനുവരി 1 മുതലാണ് ഈ ശീലം തുടങ്ങിയത്. 2020 മാർച്ചിൽ 2,995 ദിവസങ്ങൾ തികച്ചു. ജോലിയില്ലാത്തതിന്റെ വിഷമം മാറ്റാനാണ് ജെഫ് ആദ്യമായി ഡിസ്നിലാൻഡിൽ പോയി തുടങ്ങിയത്. പിന്നീട് ഇത് ജെഫിന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി. ഇപ്പോൾ പകൽ ജോലിത്തിരക്കുണ്ടായതിനാൽ രാത്രിയാണ് പാർക്കിലെത്തുക.
തുടർച്ചയായി 3,000 ദിവസങ്ങൾ പാർക്കിലെത്തണമെന്ന് ജെഫിന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പാർക്ക് അടച്ചതോടെ അതിന് സാധിക്കാതെ വന്നു. ഡിസ്‌നിലാൻഡ് അധികൃതർ ഇതിനോടകം തന്നെ ജെഫിന് നിരവധി സമ്മാനങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |