പത്തനംതിട്ട : തുരുത്തിക്കാട് ബി.എ.എം കോളേജ് സ്ഥാപകൻ റവ.ഡോ.ടി.സി.ജോർജിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാരം കട്ടപ്പന മുരിക്കാട്ടുകുടി ഗവൺമെന്റ് ട്രൈബൽ ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപിക ലിൻസി ജോർജിന്. ഗ്രാമീണ മേഖലയുടെ ശാക്തീകരണത്തിനും വിദ്യാഭ്യാസ പുരോഗതിക്കും ഉതകുന്ന നൂതനപദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുന്നവർക്ക് ബി.എ.എം ട്രസ്റ്റ് അസോസിയേഷൻ നൽകുന്ന പുരസ്കാരം 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ്.
മാർച്ച് രണ്ടിനു രാവിലെ 10.30ന് തുരുത്തിക്കാട് കോളജിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. ഗോത്രവർഗ വിദ്യാർത്ഥികൾ ഏറെയും പഠിക്കുന്ന മുരിക്കാട്ടുകുടി സ്കൂളുമായി ബന്ധപ്പെട്ട് നടത്തിയ പ്രവർത്തനങ്ങളാണ് ലിൻസി ജോർജിനെ പുരസ്കാരത്തിനർഹയാക്കിയത്. വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളുമായി നിരന്തരം വ്യക്തിബന്ധം പുലർത്തിയും പിന്നാക്കക്കാരായ കുട്ടികൾക്ക് പ്രത്യേകം ക്ലാസുകളെടുത്തും കുട്ടികളുടെ കൊഴിഞ്ഞുപോക്കിനെ തടയാനായി. പൊതുജനസഹകരണത്തോടെ സ്കൂളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനു പുറമേ പ്രഭാതഭക്ഷണവും നൽകുന്നു. നിർദ്ധനരായ ആറ് കുട്ടികൾക്ക് വീട് നിർമ്മിച്ചു നൽകി. പഠനം ഓൺലൈൻ ആയിരുന്ന കാലയളവിൽ കുട്ടികൾക്ക് മൊബൈൽഫോൺ, ടിവി, സൗജന്യ വൈഫൈ കണക്ഷൻ എന്നിവ ലഭ്യമാക്കി. 2020ൽ സംസ്ഥാന അദ്ധ്യാപക അവാർഡും സംസ്ഥാന സാമൂഹ്യക്ഷേമവകുപ്പിന്റെ അവാർഡും ലിൻസി ജോർജ് നേടിയിട്ടുണ്ട്. കുട്ടിക്കാനം മരിയൻ കോളജ് എക്സറ്റൻഷൻ വിഭാഗം കോ - ഓർഡിനേറ്റർ സെബാസ്റ്റ്യൻ ജോർജാണ് ഭർത്താവ്. മക്കൾ: ജോയൽ ജോർജ്, ടോം തോമസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |