SignIn
Kerala Kaumudi Online
Sunday, 31 August 2025 12.10 PM IST

ചൂടേറുന്നു,​ കരുതണം

Increase Font Size Decrease Font Size Print Page
vvvvvvv

മലപ്പുറം : ജില്ലയിൽ അന്തരീക്ഷ താപനില ക്രമാതീതമായി കൂടുന്ന സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക. രാവിലെ 11 മുതൽ വൈകിട്ട് മൂന്ന് വരെ നേരിട്ടുള്ള വെയിൽ കൊള്ളുന്നത് ഒഴിവാക്കണം. നേരിട്ടുള്ള സൂര്യ പ്രകാശം ഏൽക്കാതിരിക്കാൻ കുടയോ തൊപ്പിയോ ഉപയോഗിക്കേണ്ടതാണ്. ദാഹമില്ലെങ്കിൽ പോലും ധാരാളം വെള്ളം കുടിക്കണം. അല്ലെങ്കിൽ നിർജ്ജലീകരണം മൂലം വലിയ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കും. 65 വയസിന് മുകളിൽ പ്രായമുള്ളവർ, കുട്ടികൾ, ഹൃദ്രോഗം തുടങ്ങിയ രോഗമുള്ളവർ, കഠിന ജോലികൾ ചെയ്യുന്നവർ എന്നിവർക്ക് പ്രത്യേക കരുതലും സംരക്ഷണവും ആവശ്യമാണ്. കുടിക്കുന്നത് ശുദ്ധജലമാണെന്ന് ഉറപ്പാക്കണം. എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ട് തോന്നിയാൽ ഉടൻ ചികിത്സ തേടണം.

സൂര്യാഘാതം

അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകുകയും ഇതുമൂലം ശരീരത്തിൽ ഉണ്ടാകുന്ന താപം പുറത്ത് കളയുന്നതിന് തടസം നേരിടുകയും ചെയ്യും. ഇത് ശരീരത്തിന്റെ പല നിർണായക പ്രവർത്തനങ്ങളേയും തകരാറിലാക്കും. ഈ അവസ്ഥയാണ് സൂര്യാഘാതം.

ലക്ഷണങ്ങൾ

വളരെ ഉയർന്ന ശരീരതാപം, വറ്റിവരണ്ട ചുവന്ന ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലെ മാറ്റങ്ങൾ എന്നിവയോടൊപ്പം ചിലപ്പോൾ അബോധാവസ്ഥയും കാണപ്പെടാം. ഈ ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഡോക്ടറുടെ സേവനം ഉടൻ തേടണം.

സൂര്യാതപം

സൂര്യാഘാതത്തെക്കാൾ കുറച്ചുകൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യാതപം. കൂടുതൽ സമയം വെയിലത്ത് ജോലി ചെയ്യുന്നവരിൽ നേരിട്ട് വെയിൽ ഏൽക്കുന്ന ശരീരഭാഗങ്ങൾ സൂര്യാതപമേറ്റ് ചുവന്നു തടിക്കുകയും വേദനയും പൊള്ളലും ഉണ്ടാവുകയും ചെയ്യാം. ഇവർ ഉടനടി ചികിത്സ തേടേണ്ടതാണ്. പൊള്ളലേൽക്കുന്ന ഭാഗത്തുണ്ടാകുന്ന കുമിളകൾ പൊട്ടിക്കാൻ പാടില്ല.

ലക്ഷണങ്ങൾ:

ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനവും ഛർദ്ദിയും, അസാധാരണമായ വിയർപ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും കടും മഞ്ഞനിറം ആവുകയും ചെയ്യുക, ബോധക്ഷയം.

സൂര്യാഘാതമേറ്റു എന്ന് തോന്നിയാൽ ഉടനടി സ്വീകരിക്കേണ്ട മാർഗങ്ങൾ:

സൂര്യാഘാതം,സൂര്യാതപം എന്നിവയേറ്റതായി സംശയം തോന്നിയാൽ വെയിലുള്ള സ്ഥലത്ത് നിന്ന് തണുത്ത സ്ഥലത്തേക്ക് മാറി വിശ്രമിക്കണം.ധരിച്ചിരിക്കുന്ന കട്ടി കൂടിയ വസ്ത്രങ്ങൾ നീക്കുക.തണുത്ത വെള്ളം കൊണ്ട് മുഖവും ശരീരവും തുടയ്ക്കുക. ഫാൻ, എ.സി. അല്ലെങ്കിൽ വിശറി എന്നിവയുടെ സഹായത്താൽ ശരീരം തണുപ്പിക്കുക.ധാരാളം പാനീയങ്ങൾ കുടിക്കാൻ നൽകണം.
ഫലങ്ങളും സാലഡുകളും കഴിക്കുവാൻ നൽകുക.


പ്രതിരോധമാർഗങ്ങൾ:

വേനൽക്കാലത്ത് പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോൾ ദാഹം തോന്നിയില്ലെങ്കിൽ പോലും ധാരാളം വെള്ളം കുടിക്കുക. കുടിക്കുന്ന വെള്ളം ശുദ്ധജലമാണെന്ന് ഉറപ്പുവരുത്തണം.ധാരാളം വിയർക്കുന്നവർ ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം എന്നിവ ധാരാളമായി കുടിക്കുക.
വെള്ളം ധാരാളം അടങ്ങിയിട്ടുള്ള തണ്ണിമത്തൻ, ഓറഞ്ച് മുതലായ പഴങ്ങളും പച്ചക്കറി സാലഡുകളും കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.ശരീരം മുഴുവൻ മൂടുന്ന അയഞ്ഞ പരുത്തി വസ്ത്രങ്ങൾ ധരിക്കുക.വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളിൽ ഉച്ചയ്ക്ക് 11 മണി മുതൽ 3 വരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കുക.
കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കാതിരിക്കുക.കാറ്റ് കടന്ന് ചൂട് പുറത്ത് പോകത്തക്ക രീതിയിൽ വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക.വെയിലത്ത് പാർക്ക് ചെയ്യുന്ന കാറിലും മറ്റും കുട്ടികളെ ഇരുത്തി പോകാതിരിക്കുക.കുട്ടികളെയും പ്രായമായവരെയും ഗർഭിണികളെയും ഹൃദ്രോഗം മുതലായ ഗുരുതര രോഗം ഉള്ളവരെയും പ്രത്യേകം ശ്രദ്ധിക്കുക. ഇവർക്ക് ചെറിയ രീതിയിൽ സൂര്യാഘാതം ഏറ്റാൽ പോലും ഗുരുതരമായ സങ്കീർണതകൾ ഉണ്ടാകാം.

കൂടാതെ വെള്ളം കുറച്ചു കുടിക്കുന്നവർ, വെയിലത്ത് ജോലി ചെയ്യുന്നവർ, പോഷകാഹാര കുറവുള്ളവർ, തെരുവുകളിലും തുറസായ സ്ഥലങ്ങളിലും താത്ക്കാലിക പാർപ്പിടങ്ങളും താമസിക്കുന്ന അഗതികൾ, കൂടുതൽ സമയം പുറത്ത് ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികൾ, മദ്യപാനികൾ എന്നിവരും അപകടസാധ്യത കൂടിയവരിൽ ഉൾപ്പെടുന്നു. ഇത്തരക്കാരിൽ സൂര്യാഘാതത്തിന്റെ ലക്ഷണങ്ങൾ പ്രകടമാകുന്നു എങ്കിൽ ഉടൻ തന്നെ ചികിത്സ തേടേണ്ടതാണ്.

TAGS: LOCAL NEWS, MALAPPURAM, SUN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.