തിരുവനന്തപുരം : സർക്കാർ - ഗവർണർ പോരിൽ പെട്ടുപോയ ഉദ്യോഗസ്ഥ സിസ തോമസിനെതിരെ നടപടിയുമായി സർക്കാർ. സാങ്കേതിക വിദ്യാഭ്യാസ ജോയന്റ് ഡയറക്ടർ സ്ഥാനത്ത് നിന്ന് സിസ തോമസിനെ നീക്കം ചെയ്തു. നിലവിൽ എ പി ജെ അബ്ദുൾകലാം സാങ്കേതിക സർവകലാശാലയുടെ താത്കാലിക വൈസ് ചാൻസലർ പദവിയാണ് സിസ വഹിക്കുന്നത്. സർക്കാർ വി സിയായി നിയമിച്ച ഡോ എം എസ് രാജശ്രീയെ മാറ്റിയാണ് സിസയെ നിയമിച്ചത്. ഇതിന് പകരമായിട്ടെന്ന വണ്ണം സിസയെ സാങ്കേതിക വിദ്യാഭ്യാസ ജോയന്റ് ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കി ആ സ്ഥാനം ഡോ എം എസ് രാജശ്രീയ്ക്ക് നൽകിയിരിക്കുകയാണ് സർക്കാർ.
സുപ്രീംകോടതി നിയമനം റദ്ദാക്കിയതിനെ തുടർന്നാണ് എ പി ജെ അബ്ദുൾകലാം സാങ്കേതിക സർവകലാശാലയുടെ വിസി സ്ഥാനം രാജശ്രീക്ക് നഷ്ടമായത്. ഇതിന് പിന്നാലെയാണ് സ്വന്തം താത്പര്യ പ്രകാരം സിസയെ വിസിയായി ഗവർണർ അവരോധിച്ചത്. ഈ നിയമനത്തിൽ സർക്കാരും ഗവർണറും തമ്മിൽ കോടതിയിൽ തർക്കം നിലനിൽക്കുന്നുണ്ട്. താത്കാലികമായി വി സി സ്ഥാനത്തുള്ള സിസയ്ക്ക് താമസിയാതെ ആ പദവി നഷ്ടമാവും, തിരികെ എത്തുമ്പോൾ പഴയ കസേരയുണ്ടാകുകയും ഇല്ല. അതേസമയം തിരികെ ജോലിയിൽ പ്രവേശിക്കാനുള്ള രാജശ്രീയുടെ അഭ്യർത്ഥന പ്രകാരമാണ് പുതിയ തസ്തികയിലേക്ക് അവരെ നിയമിച്ചതെന്നും അറിയുന്നു. സിസ തോമസിന്റെ നിയമനം സംബന്ധിച്ച അറിയിപ്പ് പിന്നാലെ വരുമെന്ന് സർക്കാർ വൃത്തങ്ങളിൽ നിന്നും അറിയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |