കൊല്ലം: യൂത്ത് കോൺഗ്രസ് നേതാക്കളെ ക്രൂരമായി മർദ്ദിച്ച ഡി.വൈ.എഫ്.ഐക്കാരെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ഡി.സി.സിയുടെ നേതൃത്വത്തിൽ നടന്ന കമ്മിഷണർ ഓഫീസ് മാർച്ചിൽ നൂറ് കണക്കിന് പേർ അണിനിരന്നു.
ആക്രമണത്തിന് നേതൃത്വം നൽകിയ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി, കോർപ്പറേഷൻ സ്ഥിരം സമിതി അദ്ധ്യക്ഷ ഉൾപ്പടെയുള്ള മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുക, ഗൂഢലോചനയ്ക്ക് നേതൃത്വം നൽകിയ യുവജന കമ്മിഷൻ അദ്ധ്യക്ഷ ചിന്താജെറോമിനെ ഒന്നാംപ്രതിയാക്കി കേസെടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്.
യൂത്ത് കോൺഗ്രസുകാരെ ആക്രമിക്കാനുള്ള ഗൂഢാലോചന നടത്തിയത് യുവജന കമ്മിഷൻ അദ്ധ്യക്ഷ ചിന്താ ജെറോമാണെന്ന് മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രൻ പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷനായി. കെ.പി.സി.സി ജന. സെക്രട്ടറി എം.എം.നസീർ, യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ, നേതാക്കളായ എഴുകോൺ നാരായണൻ, എ.കെ.ഹഫീസ്, പി.ജർമ്മിയാസ്, സൂരജ് രവി, ബിന്ദുജയൻ, എൽ.കെ.ശ്രീദേവി, എസ്.വിപിനചന്ദ്രൻ, ചിറ്റുമൂല നാസർ, ആർ.അരുൺരാജ്, യു.വഹീദ, കുളപ്പാടം ഫൈസൽ, ആർ.എസ്.അബിൻ, പട്ടത്താനം സുരേഷ് തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധ മാർച്ചിന് പി.ഹരികുമാർ, ബി.ത്രിദീപ് കുമാർ, ജി.ലീലാകൃഷ്ണൻ, അൻസർ അസീസ്, സേതുനാഥപിള്ള, എസ്.ശ്രീകുമാർ, ജി.ജയപ്രകാശ്, എസ്.ശ്രീലാൽ, സുഭാഷ് പുളിക്കൽ, സിസിലി സ്റ്റീഫൻ, കുരീപ്പള്ളി സലീം, കെ.ആർ.വി.സഹജൻ, രഘുപാണ്ഡവപുരം, സന്തോഷ് തുപ്പാശേരി, രവി മൈനാഗപ്പള്ളി, ആനന്ദ് ബ്രഹ്മാനന്ദ്, പി.കെ.രവി, തുണ്ടിൽ നൗഷാദ്, കെ.സുകുമാരപിള്ള, ആർ.രമണൻ, എം.നാസർ, നാസിമുദ്ദീൻലബ്ബ, ഡി.ഗീതാകൃഷ്ണൻ, എസ്.എസ്.ശരത്ത്, കുഴിയം ശ്രീകുമാർ, എൻ.അജയകുമാർ, നീലികുളം സദാനന്ദൻ, ആദിക്കാട് മധു, കെ.ജി.അലക്‌സ്, കെ.ജി.സാബു, പിണയ്ക്കൽ ഫൈസ് തുടങ്ങിയവർ നേതൃത്വം നൽകി.
യോഗത്തിനിടെ സംഘർഷം
കോൺഗ്രസ് മാർച്ച് എ.ആർ.ക്യാമ്പിന് മുന്നിൽ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ഉദ്ഘാടന പ്രസംഗത്തിനിടയിൽ പ്രവർത്തകർ ബാരിക്കേഡ് തള്ളി നീക്കാൻ ശ്രമിച്ചു. ഇത് കാമറയിൽ പകർത്താൻ ശ്രമിച്ച പൊലീസുകാരനുമായി ഉന്തും തള്ളുമുണ്ടായി. ഇതിനിടയിൽ എ.ആർ ക്യാമ്പിന്റെ മതിൽ ചാടിക്കടക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഷെഫീക്ക് ചെന്താപ്പൂരിനെ പൊലീസുകാർ പിടികൂടി. ഷെഫീക്കിനെ വിട്ടില്ലെങ്കിൽ സ്റ്റേഷൻ ഉപരോധിക്കുമെന്ന് നേതാക്കൾ പ്രഖ്യാപിച്ചതോടെ പിന്നീട് വിട്ടയച്ചു. ഇതിനിടയിൽ ജീപ്പിൽ കയറ്റി ഷെഫീക്കിനെ മർദ്ദിച്ചതായും നേതാക്കൾ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |