കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ തട്ടിപ്പു നടത്തിയ സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ആലപ്പുഴ ചേർത്തല സ്വദേശി വിനോദ് വർഗീസ് നൽകിയ ഹർജി പിൻവലിച്ചു. വിജിലൻസ് അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും ഈ സമയത്ത് സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം അപക്വമാണെന്നും വിലയിരുത്തിയ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജി തള്ളേണ്ടി വരുമെന്ന് വ്യക്തമാക്കിയപ്പോഴാണ് പിൻവലിച്ചത്. ക്രമക്കേട് നടന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് ഫെബ്രുവരി 22ന് റവന്യു ഓഫീസുകളിൽ മിന്നൽ പരിശോധന നടത്തിയെന്നും ഇതിന്റെ വിവരങ്ങൾ വിജിലൻസ് ഡയറക്ടറേറ്റിലേക്ക് എത്തുന്നതേയുള്ളൂവെന്നും സർക്കാരിനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ് വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |