ന്യൂഡൽഹി: ഏപ്രിൽ ഒന്നുമുതൽ ഹാൾമാർക്കിംഗ് കോഡില്ലാത്ത സ്വർണാഭരണങ്ങൾ വിൽക്കുന്നത് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം വിലക്കി. ആറക്ക ആൽഫാന്യൂമറിക് ഹാൾമാർക്ക് യുണീക്ക് ഐഡന്റിഫിക്കേഷനുള്ള (എച്ച്.യു.ഐ.ഡി) ആഭരണങ്ങളേ അടുത്തമാസം മുതൽ വിൽക്കാനാകൂ. സ്വർണമടങ്ങിയ പുരാവസ്തുക്കൾക്കും ഇത് ബാധകമാണ്.
ഗുണനിലവാര മാനദണ്ഡങ്ങൾ ഉറപ്പാക്കാനാണ് ഈ നീക്കമെന്ന് ഉപഭോക്തൃകാര്യ മന്ത്രാലയ അഡിഷണൽ സെക്രട്ടറി നിഥി ഖരെ പറഞ്ഞു. ഹാൾമാർക്കിംഗ് ലഭ്യമാക്കാനായി ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിനും (ബി.ഐ.എസ്) ബന്ധപ്പെട്ട അംഗീകൃത ലാബുകൾക്കുമുള്ള ടെസ്റ്റിംഗ് സൗകര്യങ്ങൾ വർദ്ധിപ്പിക്കും. ഉപഭോക്താക്കൾക്ക് ആഭരണങ്ങൾ അംഗീകൃത മുദ്ര പതിച്ചതാണോ എന്ന് പരിശോധിക്കാനാകും. നിയമം ലംഘിക്കുന്ന ജുവലറികൾക്ക് ആഭരണങ്ങളുടെ വിലയുടെ അഞ്ചിരട്ടി പിഴയോ ഒരുവർഷം തടവോ രണ്ടും കൂടിയോ ലഭിക്കും. അതേസമയം, ഹാൾമാർക്ക് ഇല്ലാത്ത പഴയ സ്വർണാഭരണങ്ങൾ തിരികെ വാങ്ങാൻ ജുവലറികൾക്ക് തടസമില്ല.
അടുത്ത ഘട്ടത്തിൽ ഇലക്ട്രോണിക്സ്, ഓട്ടോമൊബൈൽസ് എന്നിവയ്ക്കും ഹാൾമാർക്ക് നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |