ന്യൂഡൽഹി: മേഘാലയയിൽ സർക്കാർ രൂപീകരിക്കുമെന്നും ഏഴിന് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുമെന്നും നിലവിലെ മുഖ്യമന്ത്രിയും എൻ.പി.പി നേതാവുമായ കോൺറാഡ് കെ സാംഗ്മ പ്രഖ്യാപിച്ചു. സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കാമെന്ന് സമ്മതിച്ചെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ 32 പേരുടെ പിന്തുണ ഉറപ്പിച്ചു. മറ്റ് പാർട്ടികളുമായി സമ്പർക്കം പുലർത്തുകയാണെന്നും പിന്തുണ നൽകുന്നവരുടെ എണ്ണം ഉയരുമെന്നും അദ്ദേഹം വ്യക്തമാക്കി.
അവകാശവാദവുമായി
മുകുൾ സാംഗ്മയും
കഴിഞ്ഞ ദിവസം അർദ്ധരാത്രിയിൽ നടന്ന രാഷ്ട്രീയ നാടകത്തെ തുടർന്ന് കോൺറാഡ് കെ സാംഗ്മയ്ക്ക് പിന്തുണ നൽകിയ എച്ച്.എസ്.പി.ഡി.പി യുടെ രണ്ട് എം.എൽ.എമാർ പിന്തുണ പിൻവലിച്ചതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. തുടർന്ന് മന്ത്രിസഭാ രൂപീകരണ അവകാശവാദവുമായി തൃണമൂൽ കോൺഗ്രസ് നേതാവ് മുകുൾ സാംഗ്മയും രംഗത്തെത്തി. 26 സീറ്റുകൾ നേടിയ കോൺറാഡ് സാഗ്മയുടെ എൻ.പി.പിയാണ് ഏറ്റവും വലിയ കക്ഷി. 11 സീറ്റുകൾ നേടിയ യു.ഡി.പി യാണ് രണ്ടാമത്തെ കക്ഷി. തൃണമൂൽ കോൺഗ്രസ് 5 സീറ്റുകളും പുതിയ പാർട്ടിയായ വി.പി.പി നാല് സീറ്റുകളും നേടി. ബി.ജെ.പിയെയും എൻ.പി.പിയെയും ഒഴിവാക്കി ബാക്കി എല്ലാ സംഘടനകളെയും ചേർത്ത് മന്തിസഭയുണ്ടാക്കാനാണ് മുകുൾ സാംഗ്മയുടെ നീക്കം.
സത്യപ്രതിജ്ഞ ചടങ്ങുകളിൽ പ്രധാനമന്ത്രി
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങുകളിൽ പ്രധാനമന്ത്രി പങ്കെടുക്കും. 7ന് നാഗാലാൻഡിലും മേഘാലയയിലും 8ന് ത്രിപുരയിലും പ്രധാനമന്ത്രി എത്തും. നാഗാലാൻഡിൽ നെഫ്യൂ റിയോയും മേഘാലയയിൽ കോൺറാഡ് സാംഗ്മയും മന്ത്രിസഭ രൂപീകരിക്കുന്നതിന് ബി.ജെ.പിയുടെ പിന്തുണയുണ്ട്. ത്രിപുരയിൽ മുഖ്യമന്ത്രിയാരെന്ന് ഇതുവരെ പ്രഖ്യാപിച്ചില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |