അഗളി: വേനൽ കടുത്തതോടെ അട്ടപ്പാടി വനമേഖലകളിൽ കാട്ടുതീ പടരുന്നത് പതിവാകുന്നു. സൈലന്റ് വാലി കരുതൽ മേഖലയിലുൾപ്പെടെ കാട്ടുതീ പടരുന്നത് അഗ്നിശമന സേനകൾക്കും വനപാലകർക്കും വലിയ തലവേദനയാണ്. കരുവാരയിലും ചിണ്ടക്കിയിലും മേലേ മൂലക്കൊമ്പ് പ്രദേശത്തും കഴിഞ്ഞദിവസങ്ങളിൽ കാട്ടുതീ പടർന്നിരുന്നു. വലമേഖലയിൽ പലയിടത്തേക്കും അഗ്നിശമനസേനയ്ക്ക് എത്തിപ്പെട്ടാൻ കഴിയുന്നില്ലെന്നതിനാൽ തീ അണക്കൽ പ്രയാസമാണ്.
അഹാഡ്സ് പദ്ധതികാലത്തു കാട്ടുതീ പടരാതിരിക്കാൻ സ്റ്റുഡന്റസ് പൊലീസടക്കമുള്ളവരെ ഉൾപ്പെടുത്തി ഓരോ പ്രദേശങ്ങളിലും ബോധവത്കരണ പരിപാടികൾ നടത്തിയിരുന്നു. പദ്ധതി ഉപേക്ഷിച്ചതോടെ ബോധവത്കരണവും നിലച്ചു. വേനൽ തുടങ്ങും മുമ്പ് അധിക വാച്ചർമാരെ താത്കാലികമായി നിയമിച്ചെങ്കിലും നിലവിലെ സാഹചര്യം നേരിടാൻ അത് മതിയാകില്ല. ഒരേ സമയം വിവിധ പ്രദേശങ്ങളിൽ കാട്ടുതീ പടർന്നാൽ അണക്കുക വനംവകുപ്പിന് അതീവ ശ്രമകരമായ ജോലിയാകും.
കാട്ടുതീ പടരുന്നതും വേനൽ കനക്കുന്നതും വന്യമൃഗങ്ങൾ ജനവാസമേഖലയിലേക്ക് ഇറങ്ങാൻ കാരണമാകുന്നുണ്ട്. പുഴകളും നീർച്ചാലുകളും വറ്റിത്തുടങ്ങിയതിനാൽ കുടിവെള്ള ക്ഷാമവും രൂക്ഷമാണ്. പുഴകളിൽ ചാലുകൾ വെട്ടിയും കുഴികളെടുത്തുമാണ് പലയിടങ്ങളിലും കൃഷിക്ക് കർഷകർ ജലസേചനം നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |