ബെംഗളൂരു ടോർപ്പിഡോസ് Vs അഹമ്മദാബാദ് ഡിഫൻഡേഴ്സ് ഫൈനൽ ഇന്ന് രാത്രി 7ന്
കൊച്ചി: കാലിക്കറ്റ് ഹീറോസിനെ തരിപ്പണമാക്കി അഹമ്മദാബാദ് ഡിഫൻഡേഴ്സ് പ്രൈം വോളി ലീഗിൽ ഫൈനലിൽ കടന്നു. ഇന്ന് നടക്കുന്ന കലാശക്കളിയിൽ ബെംഗളൂരു ടോർപ്പിഡോസിനെ നേരിടും. കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ രാത്രി ഏഴിനാണ് മത്സരം. ത്രില്ലർ പോരിൽ 3-1നായിരുന്നു ഡിഫൻഡേഴ്സിന്റെ വിജയം. സ്കോർ. 17-15,9-15, 17-15, 15-11. ആദ്യ സെറ്റ് സ്വന്തമാക്കിയ ഡിഫൻഡേഴ്സിന് രണ്ടാം സെറ്റ് നിലനിറുത്താനായില്ല. പിന്നീടുള്ള രണ്ട് സെറ്റുകളും കൈപ്പിടിയിലൊതുകയായിരുന്നു. അംഗമുത്തു രാമസ്വാമിയാണ് കളിയിലെ താരം.
തീപാറുന്ന സ്മാഷുകളുമായി ഇരുടീമുകളും കളം നിറഞ്ഞതോടെ രണ്ടാം സെമിയുടെ തുടക്കം മുതൽ ആവേശമലതല്ലി. ഒന്നടിച്ചാൽ തിരിച്ചൊന്ന് എന്നനിലയിലായിരുന്നു ആദ്യസെറ്റിൽ കാലിക്കറ്റും അഹമ്മദാബാദും മുന്നേറിയത്. മത്സരം 11-11ൽ നിൽക്കെ അംഗമുത്തു രാമസ്വാമിയിലൂടെ സൂപ്പർ പോയിന്റ് നേടി ഡിഫൻഡേഴ്‌സ് മുന്നിൽ. ജെറോമിന്റെ മിന്നിൽ സ്മാഷിൽ കാലിക്കറ്റിനും സൂപ്പർ പോയിന്റ്. മത്സരം ഒപ്പത്തിനൊപ്പം. മിഡിൽ ബ്ലോക്കർ ഷഫീഖ് റഹ്മാന്റെ ഇടിമിന്നൽ കണക്കെയുള്ള സ്മാഷിൽ കാലിക്കറ്റ് മുന്നിലെത്തിയെങ്കിലും അംഗമുത്തു കളി വീണ്ടും ഒപ്പമെത്തിച്ചു. കൊണ്ടും കൊടുത്തും മത്സരം മുന്നേറി. ഒടുവിൽ ഡാനിയേലിന്റെ ഒറ്റയടിയിൽ ഡിഫൻഡേഴ്‌സ് ആദ്യസെറ്റ് പിടിച്ചെടുത്തു. 17-15.
അശ്വനിലൂടെ രണ്ടാം സെറ്റിലും ആദ്യപോയിന്റ് നേടിയ കാലിക്കറ്റ് ഡിഫൻഡേഴ്‌സ് പരീക്ഷിച്ചുകൊണ്ടേയിരുന്നു. തീതുപ്പുന്ന ജെറോമിന്റെ സ്മാഷുകളും കാലിക്കറ്റിന് കരുത്തായി. ഒമാൻ താരം ഫലാ ആൽ ജറാദി കൂടി മിന്നിയതോടെ ഹീറോസ് മത്സരത്തിൽ ആദ്യപത്യം നേടി. 4-8. അംഗമുത്തുവിന്റെ വെടിയുണ്ടകണക്കെയുള്ള സ്മാഷുകൾ ഇടയ്ക്കിടെ കാലിക്കറ്റിന് ഭീഷണിയുയർത്തി. നന്ദഗോപാലിന്റെ സ്മാഷുകളും ഡിഫൻഡേഴ്‌സിന് ഊർജമായെങ്കിലും കാലിക്കറ്റിന്റെ കുതിപ്പിനെ തടയാനായില്ല. കളിയിൽ ബഹുദൂരം മുന്നിലെത്തിയ ഹീറോസ് നന്ദഗോപാലിന്റ ഉശിരനടി തടുത്തിട്ട് സെറ്റ് തിരിച്ചുപിടിക്കുകയായിരുന്നു. 9-15
ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു മൂന്നാം സെറ്റിന്റെ തുടക്കത്തിലും. കാലിക്കറ്റിന്റെ വജ്രായുധങ്ങളായ ഫലായും ജെറോമും ഡിഫൻഡേഴ്‌സിന്റെ പ്രതിരോധ നിരയെ പൊളിച്ച് പോയിന്റ് നേടിക്കൊണ്ടിരുന്നു. അംഗമുത്തുവും നന്ദഗോപാലിലും ഡിഫൻഡേഴ്‌സിന്റെ ജീവവായുമായി. ഉക്രപാണ്ഡ്യനും സാൻഡോവലും തീർത്ത പ്രതിരോധമതിലിൽ തട്ടി ഡിഫൻഡേഴ്‌സിന് സ്മാഷുകൾ വീണതോടെ കളിയിൽ അഹമ്മദാബാദിന്റെ അല്പമൊന്ന് പിന്നാക്കം പോയി. എന്നാൽ സൂപ്പർ പോയിന്റ് നേടി ഡിഫൻഡേഴ്‌സ് മത്സരം ഒപ്പത്തിനൊപ്പമെത്തിച്ചു. 13-13. ഡാനിയേലിലൂടെ മുന്നിലെത്തിയെങ്കിലും ജെറോം കളി വീണ്ടും ഒപ്പം കൊണ്ടുവന്നു. സർവീസ് പിഴവിൽ കാലിക്കറ്റിന് വീണു. സെറ്റ് ഡിഫൻഡേഴ്‌സ് സ്വന്തമാക്കി. 17-15
പോയിന്റ് ഒപ്പംപിടിച്ച് ഇരുടീമുകളും കളം നിറഞ്ഞതോടെ നാലാം സെറ്റും ആവേശം നിറഞ്ഞു. സർവീസുകൾ ലക്ഷ്യം തെറ്റിയത് കാലിക്കറ്റിനും ഡിഫൻഡേഴ്സിനും ഒരുപോലെ തിരിച്ചടിയായി. അംഗമുത്തുവും ഡാനിയേലും ഡിഫൻഡേഴ്സിന്റെ മിന്നൽപ്പണറുകളായി. അവസരത്തിനൊത്ത് ഉയർന്ന എൽ.എം. മനോജും മുത്തുസ്വാമിയും അഹമ്മദാബാദിനെ മുന്നിലെത്തിച്ചു. 10-8. തിരിച്ചടിച്ച ജെറോമും ഫലായും സാൻഡോവലും കാലിക്കറ്റിനെ ഒപ്പം കൊണ്ടുവന്നു. കൃത്യമായി സൂപ്പർപോയിന്റ് വിളിച്ച ഡിഫൻഡേഴ്സ് വീണ്ടും മുന്നിൽ. തിരിച്ചടിക്കാനായി സൂപ്പർ പോയിന്റ് വിളിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാൻ കാലിക്കറ്റിനായില്ല. വിജയസെറ്റ് ഉറപ്പിച്ച് ഡാനിയേലിന്റെ കിടിലം സ്മാഷ്. സ്റ്റേഡിയത്തിൽ ഡിഫൻഡേഴ്സ് ആരാധകരുടെ ആർപ്പുവിളി ഉയർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |