കോന്നി : 12 വർഷങ്ങൾക്ക് ശേഷം മലയാലപ്പുഴ ക്ഷേത്രത്തിലെ ഉത്സവത്തിന് ശ്രീഭൂതബലിക്ക് ദേവിയുടെ തിടമ്പെടുത്തു മലയാലപ്പുഴ രാജൻ. മൂന്ന് വർഷങ്ങൾക്ക് മുൻപ് ഉത്‌സവത്തിന് രാജനെ കൊണ്ടുവന്നെകിലും മദപ്പാട് കണ്ടതിനെ തുടർന്ന് മാറ്റുകയായിരുന്നു. സഹ്യന്റെ പുത്രനും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സ്വന്തക്കാരനുമായ രാജനെ 1970 ൽ നാലാം വയസിലാണ് കോന്നി ആനക്കൂട്ടിൽ നിന്ന് മലയാലപ്പുഴ ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയത്.
57 വയസും ഒൻപതരയടി ഉയരവുമുള്ള രാജന്റെ കാലിലെ 16 നഖങ്ങൾ, അശുഭലക്ഷണമാണെന്നുള്ള പൊതുകാഴ്ചപ്പാടുകളെ മാറ്റിനിറുത്തി നാട്ടാനകളുടെ ഇടയിലെ പെരുമയിലേക്ക് ഈ കൊമ്പൻ നടന്നുകയറിയിട്ട് നാളുകളേറെയായി. രാജനൊപ്പം കിടന്നുറങ്ങുന്ന പാപ്പാൻ മണികണ്ഠന്റെ വീഡിയോ നാലുവർഷം മുൻപ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഗുരുവായൂർ കേശവൻ എന്നപേരിൽ പ്രചരിച്ച രാജന്റെ വീഡിയോയും വിവാദമായിരുന്നു. 20 വർഷം ശബരിമല ശാസ്താവിന്റെയും മാളികപ്പുറത്തമ്മയുടെയും തിടമ്പേറ്റാൻ രാജന് ഭാഗ്യം ലഭിച്ചിട്ടുണ്ട്. തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ തിരുനക്കര, ഏറ്റുമാനൂർ, വൈക്കം, ആറന്മുള, ചെങ്ങന്നൂർ എന്നി ക്ഷേത്രങ്ങളിലെ ഉത്സവത്തിന് തിടമ്പേറ്റിയിട്ടുണ്ട്. തൃശൂർ വടക്കുംനാഥന്റെ മണ്ണിൽ രാജൻ ചമയം കെട്ടിയിറങ്ങിയിട്ടുണ്ടെങ്കിലും വടക്കൻ കേരളത്തിലെ പൂരപ്പറമ്പുകളിലേക്ക് അധികം പോയിട്ടില്ല. ആൾക്കൂട്ടത്തെ നോക്കി പേടിപ്പിക്കുന്ന രീതിയിലുള്ള രാജന്റെ കണ്ണുകളിലെ ചടുലത ഈ കൊമ്പന്റെ ഗാംഭീര്യം വർദ്ധിപ്പിക്കുന്നു. അഞ്ചുവർഷങ്ങൾക്ക് മുൻപ് എരണ്ടക്കെട്ടിനെ തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വെട്ടിക്കവല ആനപ്പന്തിയിൽ ചികിത്സയിലായിരുന്നു. 2007 ൽ തൃപ്പൂണിത്തുറ പള്ളിപറമ്പ് ദേവസ്വത്തിന്റെ ഗജരാജപ്പട്ടവും 2008 ൽ ഇത്തിത്താനം ഇളങ്കാവ് ദേവസ്വത്തിന്റെ ഗജരത്നപട്ടവും 2009 ൽ കോന്നി മുരിങ്ങമംഗലം ക്ഷേത്രോപദേശക സമിതിയുടെ മാതങ്ക മാണിക്യപുരസ്‍കാരവും 2011 ൽ റാന്നി പെരുനാട് ക്ഷേത്രോപദേശകസമിതിയുടെ മണികണ്ഠരത്‌ന പുരസ്കാരവും രാജനെ തേടിയെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |