കൊച്ചി: രാജ്യത്ത് ആദ്യമായി ആരംഭിക്കുന്ന കാഴ്ചപരിമിതരുടെ വനിതാ ക്രിക്കറ്റ് ഇന്ത്യൻ ടീമിന്റെ ക്യാമ്പിലേക്ക് രണ്ടു മലയാളികൾ ഇടം പിടിച്ചു. കേരള ടീമംഗങ്ങളായ സാന്ദ്രാ ഡേവിസ്, ജംഷീല കെ. എന്നിവരാണ് 30 അംഗ സാദ്ധ്യതാ പട്ടികയിലുള്ളത്. ഈമാസം 26 മുതൽ 31 വരെ ഭോപ്പാലിൽ നടക്കുന്ന ക്യാമ്പിൽ നിന്ന് ടീമിനെ തിരഞ്ഞെടുക്കും.കേരളത്തിന്റെ ഓപ്പണർമാരാണ് ഇവർ. .
തൃശൂർ സ്വദേശിയായ സാന്ദ്ര ഡേവിസ് ഒറ്റപ്പാലം എൻ.എസ്.എസ് കോളേജിൽ ബി.എഡ് വിദ്യാർത്ഥിനിയാണ്. പാലക്കാട് സ്വദേശിയായ ജംഷീല കെ. കോട്ടപ്പുറം ഹെലൻ കെല്ലർ മെമ്മോറിയൽ ബ്ലൈൻഡ് സ്ക്കൂളിൽ ക്രാഫ്റ്റ് ടീച്ചറാണ്.
ഏപ്രിൽ 25 മുതൽ 30 വരെ കാഠ്മണ്ഡുവിൽ നേപ്പാളിനെതിരെയാണ് കാഴ്ച്പരിമിതരുടെ ഇന്ത്യൻ വനിതാ ടീമിന്റെ അരങ്ങേറ്റം. ആഗസ്റ്റിൽ ബെർമിംഗ്ഹാമിൽ നടക്കുന്ന വേൾഡ് ബ്ലൈൻഡ് സ്പോർട്ട്സ് ആൻഡ് ഗെയിംസിലും ഇന്ത്യൻ ടീം പങ്കെടുക്കുമെന്ന് ക്രിക്കറ്റ് അസോസിയേഷൻ ഫോർ ദി ബ്ലൈൻഡ് ഇൻ ഇന്ത്യ സീനിയർ വൈസ് പ്രസിഡന്റ് രജനീഷ് ഹെൻറി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |