ചാത്തന്നൂർ: പാരിപ്പള്ളി പൊലീസ് പട്രോളിംഗ് സംഘത്തെ ആക്രമിക്കുകയും വാൾ വീശീ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത അഞ്ചംഗ സംഘത്തിലെ മൂന്ന് പേർ പിടിയിൽ. കല്ലുവാതുക്കൽ മേവനക്കോണം സ്വദേശികളായ അജി(29), അജിത്(29), ശ്രീനു(28), എന്നിവരാണ് പാരിപ്പളളി പൊലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച്ച രാത്രി 11ന് കാരൂർക്കുളങ്ങര റോഡിൽ പാരിപ്പള്ളി പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ സാബുലാലിന്റെ നേതൃത്വത്തിലെത്തിയ പട്രോളിംഗ് സംഘത്തെയാണ് ഇവർ ആക്രമിച്ചത്. റോഡിന് നടുവിൽ കാർ നിറുത്തിയിരിക്കുന്നത് ചോദ്യം ചെയ്തതിന്റെ പേരിൽ നടത്തിയ ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. തുടർന്ന് പാരിപ്പള്ളി സ്റ്റേഷൻ ഇൻസ്‌പെക്ടർ അൽജാബറിന്റെ നേതൃത്വത്തിൽ സി.പി.ഒ സലാവുദീൻ, സുജിത് ലാൽ, നൗഷാദ്, എന്നിരടങ്ങിയ സംഘം മൂന്ന് പ്രതികളെ സംഭവസ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. മറ്റ് രണ്ട് പ്രതികൾ ഒളിവിലാണ്, ഇവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
ലഹരി വിൽപ്പനയും മോഷണവും വ്യാപകം
ചിറക്കര, ഉളിയനാട്, ശീമാട്ടി, കല്ലുവാതുക്കൽ, ഒരുപ്പുറം, മണ്ണയം, നടയ്ക്കൽ, പാരിപ്പള്ളി, ചാത്തന്നൂർ, കുമ്മല്ലൂർ എന്നീ പ്രദേശങ്ങളിൽ എം.ഡി.എം.എ കഞ്ചാവ് ഉൾപ്പെടെയുള്ള മയക്ക് മരുന്ന് കച്ചവടവും മോഷണവും അക്രമവും വ്യാപകമാകുന്നതായും പരാതിയുണ്ട് . ഈ ഭാഗത്ത് നിന്ന് ഒരു മാസം മുമ്പ് വീട്ടിൽ നിന്ന് മോഷണം പോയ സ്കൂട്ടർ ദിവസങ്ങൾക്ക് ശേഷം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.നാട്ടുകാർ ജാഗ്രതാസമിതി രൂപീകരിച്ച് പൊലീസിന്റെ സഹായത്തോടെ രാത്രികാലങ്ങളിൽ പ്രദേശത്ത് നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |