കുണ്ടറ: സ്വകാര്യ കശുഅണ്ടി മേഖലയുടെ പുനരുദ്ധാരണത്തിന് മുന്നോട്ടുവച്ച വൺ ടൈം സെറ്റിൽമെന്റ് സ്കീം റിയൽ എസ്റ്റേറ്റ് മാഫിയയുടെയും അസറ്റ് റിക്കവറി കമ്പനികളുടെയും സമ്മർദ്ദത്തിന് വഴങ്ങി ബാങ്കുകൾ അട്ടിമറിച്ചിട്ടും കുലുക്കമില്ലാതെ സർക്കാർ. പദ്ധതി നടപ്പാകാതെ കശുഅണ്ടി ഫാക്ടറികൾ ഒന്നൊന്നായി ജപ്തി ചെയ്യുമ്പോഴും പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ പോലും സർക്കാർ തയ്യാറാകുന്നില്ല. ജപ്തി ഭീഷണിക്കൊപ്പം കടുത്ത നഷ്ടത്തിലുമായി അടഞ്ഞുകിടക്കുന്ന സ്വകാര്യ കശുഅണ്ടി ഫാക്ടറികൾ തുറന്ന് പ്രവർത്തിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ വൺ ടൈം സെറ്റിൽമെന്റ് സ്കീം തയ്യാറാക്കിയത്.
സ്വകാര്യ കശുഅണ്ടി വ്യവസായികൾ, സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മിറ്റി, സർക്കാർ എന്നിവരുടെ പ്രതിനിധികളടങ്ങിയ മൂന്നംഗ സമിതിയെയും പദ്ധതിയുടെ മേൽനോട്ടത്തിനായി നിയോഗിച്ചു. രണ്ട് കോടി രൂപയുടെ വായ്പ, പലിശയും കൂട്ടുപലിശയും ഒഴിവാക്കി വായ്പ തുകയുടെ പകുതി അടച്ച് തീർപ്പാക്കണമെന്നായിരുന്നു വ്യവസ്ഥ.
രണ്ട് മുതൽ പത്ത് കോടി വരെയുള്ള വായ്പകളുടെ പലിശയും പിഴപ്പലിശയും ഒഴിവാക്കി വായ്പ തുകയുടെ അറുപത് ശതമാനം അടയ്ക്കണം. പത്ത് കോടിക്ക് മുകളിലുള്ള വായ്പകളുടെ കാര്യത്തിൽ വായ്പക്കാരനും ബാങ്ക് അധികൃതരും തമ്മിൽ ആശയവിനിമയം നടത്തി തീർപ്പാക്കണമെന്നുമായിരുന്നു വ്യവസ്ഥ.
സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മിറ്റിയുടെ പ്രതിനിധികൾ അംഗീകരിച്ചാണ് പദ്ധതി തയ്യാറാക്കിയതെങ്കിലും ബാങ്കുകൾ കൂട്ടത്തോടെ, വായ്പ തീർക്കാൻ സമീപിച്ച കശുഅണ്ടി വ്യവസായികളോട് മുഖം തിരിക്കുകയാണ്.
വ്യവസായികളുടെ ആരോപണം
നിശ്ചിത സമയത്തിനകം പത്ത് ശതമാനം തുക അടയ്ക്കണം
പിന്നീട് ബാക്കി തുക അടച്ച് തീർപ്പാക്കലിന് അനുവദിക്കാതെ ബാങ്കുകൾ വലയ്ക്കുന്നു
ജപ്തി ഭീഷണിയിലുള്ള ഭൂരിഭാഗം ഫാക്ടറികളും കണ്ണായ സ്ഥലങ്ങളിലാണ് പ്രവർത്തിക്കുന്നത്
ഈ ഫാക്ടറികൾ റിയൽ എസ്റ്റേറ്റ് മാഫിയകളും അസറ്റ് റിക്കവറി കമ്പനികളും കണ്ണുവച്ചു
ഫാക്ടറികൾ പിടിച്ചെടുത്ത് വൻ വിലയ്ക്ക് മറിച്ചുവിൽക്കാനാണ് ബാങ്കുകൾ ഒ.ടി.എസ് സ്കീം അട്ടിമറിക്കുന്നത്
വൺ ടൈം സെറ്റിൽമെന്റ് സ്കീം ബാങ്കുകൾ അട്ടിമറിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി നേരിട്ട് വിഷയത്തിൽ ഇടപെടണം. ജപ്തി ഭീഷണിയെ തുടർന്ന് ആറ് കശുഅണ്ടി വ്യവസായികൾ ഇതുവരെ ആത്മഹത്യ ചെയ്തു. ബാക്കിയുള്ളവരും ആത്മഹത്യയുടെ വക്കിലാണ്.
ഡി.മാത്യുകുട്ടി, പ്രസിഡന്റ്,
കാഷ്യു ഇൻഡസ്ട്രി പ്രൊട്ടക്ഷൻ കൗൺസിൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |