SignIn
Kerala Kaumudi Online
Friday, 26 April 2024 2.46 PM IST

അനധികൃത കുടിയേറ്റം; നടപടിയുമായി യു.കെ

uk

ലണ്ടൻ: ഇംഗ്ലീഷ് ചാനൽ വഴി നടക്കുന്ന അനധികൃത കുടിയേറ്റത്തിനെതിരെ കടുത്ത നടപടികൾ പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. അനധികൃത കുടിയേറ്റക്കാർക്ക് അഭയം നൽകില്ലെന്ന് ഋഷി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട കരട് നിയമവും പുറത്തുവിട്ടു.

അനധികൃതമായി കടക്കുന്നവരെ പിടികൂടും. മനുഷ്യാവകാശ കൺവെൻഷനുകൾക്ക് കീഴിലുള്ള ഇവരുടെ അവകാശങ്ങൾ അസാധുവാക്കപ്പെടും. ആഴ്ചകൾക്കുള്ളിൽ അവരെ സ്വന്തം രാജ്യത്തേക്കോ റുവാണ്ട പോലെ യു.കെയുടെ അനധികൃത കുടിയേറ്റ നയവുമായി സഹകരിക്കുന്ന മൂന്നാം രാജ്യങ്ങളിലേക്കോ കടത്തും. ഇവർ നിയമപരമായ നടപടികളോ മനുഷ്യാവകാശവാദങ്ങളോ ഉന്നയിച്ചാൽ ഈ രാജ്യങ്ങളിൽ കേൾക്കും.

യു.കെയിൽ നിന്ന് പുറത്താക്കപ്പെട്ടാൽ പിന്നീടൊരിക്കലും രാജ്യത്തേക്ക് അവർക്ക് പ്രവേശിക്കാനാകില്ലെന്നും ഋഷി വ്യക്തമാക്കി. കരട് നിയമത്തിൽ പരാമർശിക്കുന്ന കാര്യങ്ങൾ നടപ്പാക്കേണ്ടതിന്റെ ചുമതല ഹോം സെക്രട്ടറി സുവെല്ല ബ്രേവർമാനാണ്. അതേ സമയം, പുതിയ നിയമത്തിനെതിരെ രാജ്യത്തെ മനുഷ്യാവകാശ സംഘടനകൾ രംഗത്തെത്തി. നിയമം പ്രായോഗികമല്ലെന്നും ദുർബലരായ അഭയാർത്ഥികളെ പ്രതികൂലമായി ബാധിക്കുമെന്നും ഇവർ ആരോപിക്കുന്നു.

 കഴിഞ്ഞ വർഷം 45,​000 പേർ

2022ൽ യൂറോപ്പിൽ നിന്ന് ഇംഗ്ലീഷ് ചാനൽ വഴി യു.കെയിലേക്ക് അനധികൃതമായി കുടിയേറ്റത്തിന് ശ്രമിച്ചത് 45,756 പേരാണ്. യു.കെയിലേക്ക് ഏറ്റവും കൂടുതൽ അഭയാർത്ഥികളെത്തിയ വർഷം കൂടിയായിരുന്നു അത്. 2021ൽ ഇത് 28,526 ആയിരുന്നു. ഈ വർഷം ഇതുവരെ 3,150 പേരാണ് യു.കെയിലേക്ക് അനധികൃതമായെത്തിയത്.

 ഇന്ത്യക്കാരും

ഈ വർഷം ഇംഗ്ലീഷ് ചാനൽ വഴി ചെറുബോട്ടുകളിൽ യു.കെയിലേക്ക് അനധികൃതമായി കുടിയേറ്റത്തിന് ശ്രമിച്ചവരിൽ മൂന്നാമത്തെ വലിയ വിഭാഗം ഇന്ത്യക്കാരാണെന്നും ഇവരിൽ കൂടുതലും വിദ്യാർത്ഥികളാണെന്നും കഴിഞ്ഞ മാസം ഒരു ബ്രിട്ടീഷ് മാദ്ധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. ഫെബ്രുവരിയിലെ കണക്കനുസരിച്ച് ജനുവരി 1 മുതൽ ചെറുബോട്ടുകളിൽ ഇംഗ്ലീഷ് ചാനൽ കടന്ന 1,​180 പേരിൽ 250 ഓളം പേർ ഇന്ത്യക്കാരായിരുന്നു.

 അപകടങ്ങൾ

ഡിസംബറിൽ കൊടുംശൈത്യത്തിനിടെ ഒരു അഭയാർത്ഥി ബോട്ട് ഇംഗ്ലീഷ് ചാനലിൽ മുങ്ങിയത് നാല് പേരുടെ മരണത്തിനിടയാക്കിയിരുന്നു. 2021ൽ 27 പേർക്ക് ബോട്ടപകടങ്ങളിൽ ജീവൻ നഷ്ടമായിരുന്നു.

 ഏറ്റവും വലിയ വാഗ്ദ്ധാനം

രാജ്യത്തേക്കുള്ള അനധികൃത കുടിയേറ്റം തടയുമെന്നതാണ് കൺസർവേറ്റീവ് സർക്കാരിന്റെ ഏറ്റവും വലിയ വാഗ്ദ്ധാനങ്ങളിലൊന്ന്. അധികാരത്തിലെത്തിയാൽ ബ്രിട്ടണിൽ അനധികൃത കുടിയേറ്റത്തിനെതിരെ കർശന നിലപാട് സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞിരുന്നു. ബ്രിട്ടനിലേക്ക് അനധികൃതമായെത്തുന്ന കുടിയേ​റ്റക്കാരെ റുവാണ്ടയിലേക്ക് അയക്കുന്ന പദ്ധതി പ്രകാരമുള്ള ആദ്യ വിമാനം ജൂണിൽ യൂറോപ്യൻ മനുഷ്യാവകാശ കോടതി തടഞ്ഞിരുന്നു.

എന്നാൽ പദ്ധതി നിയമവിധേയമാണെന്ന് ബ്രിട്ടീഷ് ഹൈക്കോടതി കഴിഞ്ഞ വർഷം ഉത്തരവിട്ടിരുന്നു. പദ്ധതിയുടെ നടത്തിപ്പിന് റുവാണ്ടയ്ക്ക് പുറമേ കൂടുതൽ രാജ്യങ്ങളുടെ പങ്കാളിത്തം തേടാനും ബ്രിട്ടീഷ് സർക്കാർ ശ്രമിക്കുന്നുണ്ട്. അനധികൃത കുടിയേറ്റക്കാരെ തിരിച്ചെടുക്കാൻ മടിക്കുന്ന രാജ്യങ്ങളുമായുള്ള വിദേശനയം, വ്യാപാരം, വിസ തുടങ്ങിയവയിൽ കർശന നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്നും ഋഷി മുമ്പ് സൂചിപ്പിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.