ന്യൂഡൽഹി: മദ്യനയവുമായി ബന്ധപ്പെട്ട ഇ.ഡി.കേസിൽ ഇന്ന് നിർണായക ദിനം. പ്രതികളായ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മലയാളി വ്യവസായി അരുൺ രാമചന്ദ്രപിള്ള എന്നിവർക്കൊപ്പമിരുത്തി തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകളും ഭാരത് രാഷ്ട്രസമിതി നിയമസഭാംഗവുമായ കെ. കവിതയെ ചോദ്യം ചെയ്യും. കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെയുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറിയാൽ കവിതയുടെ അറസ്റ്റ് ഇ.ഡി. രേഖപ്പെടുത്തിയേക്കും. ഡൽഹി റോസ് അവന്യു കോടതി സിസോദിയയെ എഴ് ദിവസം ഇ.ഡി. കസ്റ്റഡിയിൽ വിട്ടു. 13 വരെയാണ് അരുണിന്റെ കസ്റ്റഡി കാലാവധി. സി.ബി.ഐ. കേസിലെ സിസോദിയയുടെ ജാമ്യാപേക്ഷ 21ന് പരിഗണിക്കും.
ഗുരുതര ആരോപണങ്ങൾ
സിസോദിയയെ കസ്റ്റഡിയിൽ വേണമെന്ന ആവശ്യത്തിനിടെ പ്രതികൾക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഇ.ഡി. ഉയർത്തിയത്. സിസോദിയയും കവിതയും മദ്യവ്യവസായികളുടെ സൗത്ത് ഗ്രൂപ്പിന് വേണ്ടി വൻ അഴിമതിക്ക് കളമൊരുക്കി. മദ്യനയത്തിൽ വെള്ളം ചേർത്തു.ആം ആദ്മി പാർട്ടി നേതാക്കൾക്ക് നൂറ് കോടിയിലേറെ രൂപയാണ് സൗത്ത് ഗ്രൂപ്പ് പ്രത്യുപകാരമായി നൽകിയത്.
ഡൽഹിയിലെ 30 ശതമാനം മദ്യവില്പന പിടിക്കുകയായിരുന്നു ലക്ഷ്യം. ഇതിന്റെ സൂത്രധാരന്മാരിലൊരാൾ ആം ആദ്മി പാർട്ടി കമ്മ്യൂണിക്കേഷൻ വിഭാഗത്തിന്റെ ചുമതലയുളള വിജയ് നായരാണ്. ഇയാളുമായി കവിത കൂടിക്കാഴ്‌ച നടത്തിയെന്ന മൊഴിയുണ്ട്. വിജയ് നായർ അരവിന്ദ് കേജ്‌രിവാളിനും സിസോദിയക്കും വേണ്ടി പ്രവർത്തിച്ചു.
ഇന്തോ സ്‌പിരിറ്ര് കമ്പനിക്ക് മദ്യവിതരണ ലൈസൻസ് ഉറപ്പിക്കാൻ സിസോദിയയുടെ ഭാഗത്തുനിന്ന് നീക്കങ്ങളുണ്ടായി. സിസോദിയ ഇന്തോ സ്‌പിരിറ്റിന്റെ അപേക്ഷ ദിവസങ്ങൾ കൊണ്ട് അംഗീകരിച്ചു. മാത്രമല്ല, തെളിവുകൾ നശിപ്പിക്കുകയും ചെയ്തു. ഒരു വർഷത്തിനകം 14 മൊബൈൽ ഫോണുകൾ നശിപ്പിക്കുകയോ മാറ്രുകയോ ചെയ്‌തിട്ടുണ്ട്. ഇടപാടുകൾക്കായി മറ്റുള്ളവരുടെ പേരുകളിൽ മൊബൈൽ ഫോണുകളും സിം കാർഡുകളും വാങ്ങി. ദേവേന്ദർ ശർമ എന്നയാളുടെ പേരിലുള്ള സിമ്മാണ് സിസോദിയ ഉപയോഗിച്ചത്.സിസോദിയ അന്വേഷണവുമായി സഹകരിക്കുന്നില്ല. ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും ഇ.ഡിക്ക് വേണ്ടി ഹാജരായ അഡ്വ. സൊഹേബ് ഹുസൈൻ വാദിച്ചു.
എതിർത്ത് സിസോദിയ
കസ്റ്റഡി അനുവദിക്കരുതെന്നും തന്നെ ജയിലിൽ അനിശ്ചിതകാലത്തേക്ക് അടച്ചിടാനാണ് ശ്രമമെന്നും സിസോദിയ പറഞ്ഞു. മാറ്റങ്ങൾ വരുത്തിയ മദ്യനയം ലെഫ്‌റ്റനന്റ് ഗവർണർ അംഗീകരിച്ചതാണ്. സർക്കാർ നയവുമായി ബന്ധപ്പെട്ടാണ് കേന്ദ്ര ഏജൻസികളുടെ അന്വേഷണം. ഒരു രൂപ പോലും സിസോദിയയിൽ നിന്ന് കണ്ടെത്തിയിട്ടില്ലെന്നും അറസ്റ്റിൽ ദുരുദ്ദേശമുണ്ടെന്നും സിസോദിയക്ക് വേണ്ടി അഡ്വ. ദയാൻ കൃഷ്‌ണൻ വാദിച്ചു.
സി.ബി.ഐ. കേസിലെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് തൊട്ടുമുമ്പള്ള ദിവസം ഇ.ഡി. അറസ്റ്റ് രേഖപ്പെടുത്തിയതും ചൂണ്ടിക്കാട്ടി.
ഇതിനിടെ, കേസിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ പ്രതിഷേധം തുടരുകയാണ്. ദീൻദയാൽ ഉപാദ്ധ്യായ മാർഗിലെ ആം ആദ്മി പാർട്ടി ഓഫീസിലേക്ക് ബി.ജെ.പി പ്രതിഷേധ പ്രകടനം നടത്തി. സമീപത്തെ റോസ് അവന്യു കോടതിയിൽ മനീഷ് സിസോദിയയെ ഹാജരാക്കാനിരിക്കേയാണ് പ്രതിഷേധമുണ്ടായത്. പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്‌ത് നീക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |