മുംബയ്: വനിതാ പ്രിമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ യു.പി വാരിയേഴ്സിന് പത്ത് വിക്കറ്രിന്റെ ഗംഭീര ജയം. ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ 19.3 ഓവറിൽ 138 റൺസിന് ഓൾഔട്ടായി. മറുപടിക്കിറങ്ങിയ യു.പിയെ ഓപ്പണർമാരായ അലിസ ഹീലിയും (47 പന്തിൽ 96), ദേവിക വൈദ്യയും (36) 13 ഓവറിൽ അനായാസം വിജയലക്ഷ്യത്തിലെത്തിക്കുകയായിരുന്നു (139/0). ക്യാപ്ടന്റെ ഇന്നിംഗ്സുമായി കളം നിറഞ്ഞ ഹീലിയുടെ ബാറ്റിൽ നിന്ന് 18 ഫോറുകളും ഒരു സിക്സും അതിർത്തിയിലേക്ക് പറന്നു. 31 പന്തിൽ 5 ഫോറുൾപ്പെട്ടതാണ് ദേവികയുടെ ഇന്നിംഗ്സ്. ബാംഗ്ലൂരിന്റെ തുടർച്ചയായ നാലാം തോൽവിയാണിത്. കളിച്ച എല്ലാ മത്സരങ്ങളും അവർ തോറ്റു. മൂന്ന് മത്സരങ്ങളിൽ നിന്ന് യു.പിയുടെ രണ്ടാം ജയമാണിത്.ഒരു ഘട്ടത്തിൽ നൂറ്റിയൻപതും കടന്ന് മുന്നേറുമെന്ന് കരുതിയ ബാംഗ്ലൂരിനെ 4 വിക്കറ്റ് നേടിയ സോഫി എക്ലസ്റ്രണും 3 വിക്കറ്റ് വീഴ്ത്തിയ ദീപ്തി ശർമ്മയും ചേർന്നാണ് ചുരുട്ടിക്കെട്ടിയത്. 3.3 ഓവറിൽ വെറും 13 റൺസ് നൽകിയാണ് സോഫി 4 വിക്കറ്റ് സ്വന്തമാക്കിയത്. 39 പന്തിൽ 6 ഫോറും 1 സിക്സും ഉൾപ്പെടെ 52 റൺസ് നേടിയ എല്ലിസ് പെറിയാണ് ആർ.സി.ബിയുടെ ടോപ് സ്കോറർ. സോഫി ഡിവൈനും (24 പന്തിൽ 36) തിളങ്ങി. ക്യാപ്ടൻ സ്‌മൃതി മന്ഥന 4 റൺസെടുത്ത് പുറത്തായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |