SignIn
Kerala Kaumudi Online
Friday, 26 April 2024 8.19 AM IST

@ കുഞ്ഞിന്റെ മരണവും ഡോക്ടർക്ക് നേരെ അക്രമവും നീതിക്കായി പോരാട്ടം

5
ഫാത്തിമ ഹോസ്പിറ്റലിൽ പ്രസവത്തിനിടെ കുട്ടി മരിച്ചതിനിടയായ സംഭവത്തിൽ ആരോപണ വിധേയയായ ഡോക്ടർ അനിതയെ അറസ്റ് ചെയ്യണമെന്ന് ആവിശ്യപ്പെട്ട് കമ്മിഷണർ ഓഫീസിൽ അബുലൻസിൽ എത്തിയ കുട്ടിയുടെ മാതാവ് ഹാജറ നജയും ബന്ധുക്കളും..

നീതി തേടി കുഞ്ഞിന്റെ മാതാവ്, സമരം പ്രഖ്യാപിച്ച് ഡോക്ടർമാർ

കോഴിക്കോട്: പ്രസവത്തിനിടെ കുഞ്ഞ് മരിച്ചതിനെ തുടർന്ന് സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും നേരെയുണ്ടായ ആക്രമണങ്ങൾ പുതിയ വഴിത്തിരിവിലേക്ക്. ഡോക്ടറെ ആക്രമിച്ച കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് 17മുതൽ സംസ്ഥാന വ്യാപകമായ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ് ഡോക്ടർമാരുടെ സംഘടനയായ ഐ.എം.എ. അതേസമയം നീതി തേടി കുഞ്ഞിന്റെ മാതാവ് ഹാജറ നജയും കുടുംബവും ഫാത്തിമ ഹോസ്പിറ്റലിന് മുമ്പിൽ ഇന്നലെ സമരം നടത്തി. സമരം സൂചന മാത്രമാണെന്നും കുറ്റക്കാരായ ഡോക്ടർക്കും ആശുപത്രി അധികൃതർക്കുമെതിരെ നടപടി എടുത്തില്ലെങ്കിൽ അനിശ്ചിതകാല സമരം നടത്തുമെന്നും കുടുംബം വ്യക്തമാക്കി. അതിനിടെ കുഞ്ഞിന്റെ മാതാവ് സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. കഴിഞ്ഞ ദിവസം ബന്ധുക്കൾ നൽകിയ പരാതിയിൽ നടപടി എടുക്കാത്ത സാഹചര്യത്തിലാണ് യുവതി കമ്മിഷണർക്ക് മുന്നിൽ പരാതിയുമായി എത്തിയത്. പരാതി സ്വീകരിച്ച പൊലീസ് വൈകിട്ടോടെ ഹാജറ നജയുടെ വീട്ടിലെത്തി മൊഴിയെടുത്തു. ഫാത്തിമ ഹോസ്പിറ്റലിനു മുന്നിൽ നടത്തിയ സമരത്തിൽ ഹാജറ നജയുടെ ബന്ധുക്കളും നാട്ടുകാരും മനുഷ്യാവകാശ പ്രവർത്തകരുമടക്കം നിരവധി പേർ പങ്കെടുത്തു.

ഫെബ്രുവരി 25നാണ് കുന്ദമംഗലം വരട്ടിയാക്കൽ ഹാജറ നജ പ്രസവത്തിനായി ആശുപത്രിയിൽ എത്തുന്നത്. എന്നാൽ അത്യാഹിത വിഭാഗത്തിൽ മൂന്നുമണിക്കൂറോളം കിടത്തിയ യുവതിക്ക് മതിയായ പരിചരണമൊന്നും കിട്ടിയില്ല. തുടർന്ന് ബന്ധുക്കൾ ബഹളം വച്ചപ്പോഴാണ് സിസേറിയന് വിധേയമാക്കിയത്. അപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. ആശുപത്രിയുടെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായ സാഹചര്യത്തിലാണ് കൈയാങ്കളിയുണ്ടായതെന്ന് യുവതിയുടെ ബന്ധുക്കൾ പറയുന്നു.
ആശുപത്രിയിലെ സീനിയർ കാർഡിയോളജിസ്റ്റ് ഡോ.പി.കെ.അശോകനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ യുവതിയുടെ ഭർത്താവിന്റെ സഹോദരനും അമ്മാവനുമടക്കം മൂന്നുപേരാണ് അറസ്റ്റിലായത്.


ഡോക്ടർമാർക്കുനേരെയുള്ള

ആക്രമണങ്ങൾക്ക് അറുതിവേണം: ഐ.എം.എ

കോഴിക്കോട്: സംസ്ഥാനത്ത് ആശുപത്രികൾക്കും ഡോക്ടർമാക്കും നേരെയുള്ള ആക്രമണങ്ങൾ ദിനംപ്രതി വർദ്ധിക്കുന്നതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. കഴിഞ്ഞ മൂന്നുവർഷത്തിനിടെ 200ലേറെ ആശുപത്രികൾക്ക് നേരെയാണ് അക്രമണമുണ്ടായത്. കേരളത്തിലെ ഡോക്ടർമാരിൽ 99 ശതമാനം പേരും കടുത്ത മാനസിക സമ്മർദ്ദത്തിലാണ് ജോലി ചെയ്യുന്നത്. ആശുപത്രി അക്രമങ്ങൾ സംബന്ധിച്ച് കോടതികൾ നൽകിയ നിർദ്ദേശങ്ങൾ സംസ്ഥാനത്ത് പാലിക്കപ്പെടാത്തതിൽ ഡേക്ടർമാർ ആശങ്കയിലാണ്. കോഴിക്കോട് ഫാത്തിമ ഹോസ്പിറ്റലിൽ ഡോക്ടർക്കെതിരെ നടന്ന കൊലപാതകശ്രമം ഞെട്ടിപ്പിക്കുന്നതാണ്. യുവതിയുടെ കുടുംബത്തിന് പരാതി ഉണ്ടെങ്കിൽ നിയമപരമായ നടപടി സ്വീകരിക്കുകയാണ് വേണ്ടത്. ഡോക്ടറെ ആക്രമിച്ച മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് 17ന് സംസ്ഥാന വ്യാപകമായി സമരം നടത്തുമെന്നും ഐ.എം.എ ജില്ലാ പ്രസിഡന്റ് ഡോ.ബി.വേണുഗോപാൽ പറഞ്ഞു.


ഞങ്ങൾക്കും നീതിവേണം: കുഞ്ഞിന്റെ മാതാവ്
കോഴിക്കോട്: നീതിയെന്നത് സ്വാധീനമുള്ളവർക്കും ഉന്നതൻമാർക്കും മാത്രമാകരുതെന്ന് ഹാജറ നജ. സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. കുഞ്ഞ് മരിച്ചതിന്റെ ആഘാതത്തിൽ നടന്ന അനിഷ്ട സംഭവത്തിൽ മൂന്നു പേരെ അറസ്റ്റ് ചെയ്തിട്ടും ഭർത്താവ് സൽമാനെ കൂടി അറസ്റ്റ് ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നത്. കുഞ്ഞ് മരിച്ച തന്റെയും കുടുംബത്തിന്റെയും സങ്കടം കേൾക്കാൻ ആരുമില്ല. ഡോക്ടർമാരും അവരുടെ സംഘടനകളും വലിയ പിടിപാടുള്ളവരായതിനാൽ നീതി കിട്ടേണ്ട കുടുംബത്തെ സർക്കാരും ആരോഗ്യവകുപ്പും പൊലീസുമെല്ലാം മറക്കുകയാണ്. സംഭവത്തിലെ വസ്തുത പുറത്തുകൊണ്ടുവരാൻ നിഷ്പക്ഷ അന്വേഷണം നടക്കണമെന്ന് സിറ്റി പൊലീസ് കമ്മിഷണർ രാജ് പാൽ മീണയ്ക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടതായി അവർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.