ഇന്ത്യ- ഓസ്ട്രേലിയ ഒന്നാം ഏകദിനം ഇന്ന്
ഏകദിന ക്യാപ്ടനായി പാണ്ഡ്യയുടെ കന്നി മത്സരം
മുംബയ്: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്ന് മത്സരങ്ങളുൾപ്പെട്ട ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന് മുംബയിലെ വാങ്കഡെയിൽ നടക്കും. പകലും രാത്രിയുമായി നടക്കുന്ന മത്സരം ഉച്ചയ്ക്ക് 1.30ന് തുടങ്ങും. ഒക്ടോബർ- നവംബർ മാസങ്ങളിൽ ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായി ഇരുടീമുകൾക്കും പടയൊരുക്കം തുടങ്ങാനുള്ള വേദികൂടിയാണ് ഈ പരമ്പര.ബോർഡർ - ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പര തുടർച്ചയായ നാലാം തവണയും സ്വന്തമാക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഏകദിനത്തിനിറങ്ങുന്നത്. മറുവശത്ത് ടെസ്റ്റ് പരമ്പരയിലെ തിരിച്ചടിയ്ക്ക് ഏകദിനത്തിൽ പകരം വീട്ടാനാണ് ഓസ്ട്രേലിയയുടെ പടപുറപ്പാട്.
സ്ഥിരം നായകൻ രോഹിത് ശർമ്മ വ്യക്തിപരമായ കാരണങ്ങളാൽ വിട്ടുനിൽക്കുന്നതിനാൽ ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലാണ് ഇന്ത്യ ഒന്നാം ഏകദിനത്തിനിറങ്ങുന്നത്. ട്വന്റി-20യിൽ ഏറെക്കുറെ ക്യാപ്ടൻ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞ പാണ്ഡ്യ ആദ്യമായാണ് ഏകദിനത്തിൽ ഇന്ത്യയെ നയിക്കുന്നത്. മറുവശത്ത് മാതാവ് മരിച്ചതിനെത്തുടർന്ന് നാട്ടിൽത്തുടരുന്ന പാറ്റ് കമ്മിൻസിന്റെ അഭാവത്തിൽ സ്റ്റീവ് സ്മിത്ത് തന്നെയാണ് ഏകദിനത്തിവലും ഓസീസ് നായകൻ. ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിലും ഓസീസിനെ നയിച്ച സ്മിത്ത് ഒന്നി വീതം ജയവും സമനിലയുമായി ഓസീസിനെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചിരുന്നു.
ആധിപത്യം തുടരാൻ
ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ പോലെ ഏകദിന പരമ്പരയും സ്വന്തമാക്കാനുറച്ചിറങ്ങുന്ന ഇന്ത്യ വാങ്കഡെയിൽ വിജയക്കൊടി നാട്ടാമെന്ന പ്രതീക്ഷയിലാണ്. രോഹിത്തിന്റെ അഭാവത്തിൽ ശുഭ്മാൻ ഗില്ലിനൊപ്പം ഇഷാൻ കിഷൻ ഓപ്പണറാകുമെന്ന് ഇന്നലെ പത്രസമ്മേളനത്തിൽ ഹാർദിക് വ്യക്തമാക്കിയിരുന്നു.
അതേസമയം വിക്കറ്റ് കീപ്പറായി കെ.എൽ രാഹുൽ തന്നെയായിരിക്കുമെന്നാണ് റിപ്പോർട്ട്. ശ്രേയസിന് പകരക്കാരനായി സൂര്യകുമാറൊ, രജത് പട്ടീദാറൊ കളിക്കും.
സാധ്യതാ ടീം: ഗിൽ, ഇഷാൻ, കൊഹ്ലി, സൂര്യകുമാർ/രജത്, രാഹുൽ,ഹാർദിക്, ജഡേജ, അക്ഷർ/സുന്ദർ, ഷർദ്ദുൽ, സിറാജ്,ഷമി/ഉമ്രാൻ.
തിരിച്ചടിക്കാൻ ഓസീസ്
പരിക്കുൾപ്പെടെയുള്ള പ്രശ്നങ്ങളുണ്ടെങ്കിലും ജയിച്ച് തുടങ്ങാനുറച്ചാണ് ഓസ്ട്രേലിയ ഇറങ്ങുന്നത്. കമ്മിൻസ് വിട്ടു നിൽക്കുന്നതും ഹാസൽവുഡ്, റിച്ചാർഡ്സൺ എന്നിവർക്ക് പരിക്കേറ്റതും ഓസ്ട്രേലിയയ്ക്ക് വലിയ തിരിച്ചടിയാണ്. അതേസമയം പരിക്കിൽ നിന്ന് മോചിതരായി വാർണറും മാക്സ്വെല്ലും തിരിച്ചെത്തിയത് അവർക്ക് ആശ്വാസം നൽകുന്നു.
സാധ്യതാ ടീം: വാർണർ, ഹെഡ്, സ്മിത്ത്,ലബുഷെയ്ൻ, മാർഷ്/സ്റ്റോയിനിസ്, മാക്സ്വെൽ, കാരെ,ഗ്രീൻ,സ്റ്റാർക്ക്, സാംപ, എല്ലിസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |