പാലക്കാട്: വേനൽ കനത്തതോടെ മലമ്പുഴ ഡാം റിംഗ് റോഡിലും അകമലവാരം, കവ തുടങ്ങിയ റിസർവോയറിന്റെ ഉൾഭാഗങ്ങളിലേക്കും വിനോദ സഞ്ചാരികളുടെ വരവ് വർദ്ധിച്ചു. ഒപ്പം സാഹസികതയും.
വർഷ കാലത്ത് കരയിലേക്ക് കയറുന്ന മട്ടിൽ വെള്ളം നിറഞ്ഞിരുന്ന ഡാമിന്റെ വൃഷ്ടിപ്രദേശം വേനലായതോടെ പൂർണമായും വരണ്ടുണങ്ങി. ഇതോടെ സഞ്ചാരികൾ പല വഴിയിലൂടെ ഇവിടേക്ക് ഇറങ്ങുന്നുണ്ട്. കുടുംബമായെത്തുന്നവരും കുറവല്ല. പലരും യാതൊരു ശ്രദ്ധയുമില്ലാതെ വെള്ളത്തിലേക്കിറങ്ങി അപകടം വിളിച്ചു വരുത്തുകയാമ്. റിസർവോയറിൽ ചതുപ്പ് നിറഞ്ഞ ഇടങ്ങളും ധാരാളമാണ്. എട്ടടിയിലധികം താഴ്ചയുള്ള കുഴികളുണ്ടെന്ന് മത്സ്യബന്ധന തൊഴിലാളികൾ പറയുന്നു. ഇതിലെല്ലാം വെള്ളം നിറഞ്ഞ് കിടക്കുന്നതിനാൽ പെട്ടെന്ന് ശ്രദ്ധയിൽപെടില്ല. ഇതറിയാതെ ഇറങ്ങുന്നവരാണ് അപകടത്തിൽ ചെന്ന് ചാടുന്നത്.
അതിരുകടന്ന് ഫ്രീക്കന്മാർ
റിംഗ് റോഡിലും റിസർവോയറിന്റെ ഒഴിഞ്ഞ ഭാഗങ്ങളിലും ഫ്രീക്കന്മാരുടെയും റൈഡേഴ്സിന്റെയും വാഹനങ്ങൾക്കൊണ്ടുള്ള സാഹസികത പരിധികൾ ലംഘിക്കുകയാണ്. ബൈക്കുകളും ജീപ്പും കാറുമായി വന്ന് പലരും അപകടകരമാം വിധം വാഹനമോടിക്കുന്നത് പതിവാണ്. പല വാഹനങ്ങളും ചതുപ്പിൽ കുടുങ്ങുന്നുണ്ട്. ഇവ കര കയറ്റാൻ മറ്റു വാഹനങ്ങൾ എത്തിക്കുന്നതും സ്ഥിരം കാഴ്ചയാണ്.
വിലക്കിന് വിലയില്ല
വിലക്കുണ്ടെങ്കിലും മല കയറാനെത്തുന്നവരും കുറവല്ല. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ഇറങ്ങുന്നതിന് ജലസേചന വകുപ്പും മല കയറുന്നതിന് വനംവകുപ്പും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇതു ലംഘിക്കുന്നവർക്ക് പിഴ ഈടാക്കാറുണ്ട്. പക്ഷേ പരിശോധന ഇല്ലാത്തതിനാൽ സന്ദർശകർ വിലക്ക് ലംഘിക്കുകയണ്.
തിരക്കേറിയ ദിവസങ്ങളിൽ റിംഗ് റോഡിൽ പൊലീസ് നിരീക്ഷണമുണ്ടെങ്കിലും വിലക്ക് മറികടന്ന് പലരും ഡാമിലേക്കിറങ്ങുന്നുണ്ട്. പൊലീസ് ഇടയ്ക്ക് പെറ്റി എഴുതി വിടുന്നതല്ലാതെ മറ്റ് പരിശോധനകളൊന്നുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |