കാസർകോട് : ഹാൾ ടിക്കറ്റുമായി ബുള്ളറ്റിൽ പറന്നെത്തിയ ജില്ല പൊലീസ് മേധാവിയുടെ സ്‌ട്രൈക്കർ ഫോഴ്‌സ് രക്ഷിച്ചെടുത്തത് അഞ്ച് വിദ്യാർത്ഥികളുടെ എസ്.എസ്.എൽ.സി പരീക്ഷ എഴുതാനുള്ള അവസരം. ചട്ടഞ്ചാലിലെ എം.ഐ.സി ഹൈസ്‌കൂളിൽ പത്താംതരം കെമിസ്ട്രി പരീക്ഷ എഴുതാൻ പഴയങ്ങാടി മാട്ടൂൽ ഇർഫാനിയ ജൂനിയർ അറബിക് കോളേജിൽ നിന്നെത്തിയ അഞ്ച് വിദ്യാർത്ഥികൾക്കാണ് ജീവിതത്തിൽ മറക്കാൻ കഴിയാത്ത സഹായവുമായി പൊലീസുകാർ എത്തിയത്.
പഴയങ്ങാടിയിൽ നിന്ന് മാവേലി എക്സ്‌പ്രസിന് കാസർകോട് എത്തിയ അഞ്ച് വിദ്യാർത്ഥികളും കാസർകോട് പുതിയ ബസ് സ്റ്റാൻഡിലെ ഹോട്ടലിൽ കയറിയിരുന്നു. ഇവരിൽ ഒരാളുടെ ബാഗിലായിരുന്നു അഞ്ചു പേരുടെയും ഹാൾ ടിക്കറ്റുകൾ വച്ചിരുന്നത്. ഇറങ്ങിയപ്പോൾ ഈ ബാഗ് ഹോട്ടലിൽ മറന്നുവെക്കുകയായിരുന്നു. എം.ഐ.സിയിൽ എത്തിയപ്പോൾ ആണ് ബാഗ് മറന്നുവച്ച വിവരം വിദ്യാർത്ഥികൾക്ക് മനസിലായത്. അപ്പോഴേക്കും ഒൻപത് മണിയായിരുന്നു. ഒമ്പതരയ്ക് പരീക്ഷ തുടങ്ങാനിരിക്കെ വിദ്യാർത്ഥികൾ മേൽപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ ഓടിയെത്തി വിവരം പറഞ്ഞു. സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രദീപൻ, സി.പി.ഒ ശ്രീജിത്ത് എന്നിവർ ഇക്കാര്യം കൺട്രോൾ റൂമിലും അവിടെ നിന്ന് സ്‌ട്രൈക്കർ ഫോഴ്‌സിലെ ഓഫീസർ പി.വി നാരായണനും കൈമാറി. സമയത്തിന്റെ മൂല്യമറിഞ്ഞ് പൊലീസ് ബാഗ് കണ്ടെടുത്തു. തൊട്ടുപിന്നാലെ സ്‌ട്രൈക്കർ ഫോഴ്‌സിലെ സിവിൽ പൊലീസ് ഓഫീസർമാരായ അരുൺ , മുകേഷ് എന്നിവർ ചട്ടഞ്ചാലിലേക്ക് വച്ചുപിടിക്കുകയായിരുന്നു. കുട്ടികളെ മേൽപ്പറമ്പ് സ്റ്റേഷനിൽ നിന്ന് പൊലീസ് വാഹനത്തിൽ സ്കൂളിൽ എത്തിക്കുകയും ചെയ്തു. കരച്ചലിന്റെ വക്കോളമെത്തിയ കുട്ടികൾ പൊലീസുകാർക്ക് നന്ദി പറഞ്ഞ് പരീക്ഷ ഹാളിലേക്ക് പ്രവേശിക്കുകയായിരുന്നു. പരീക്ഷ കഴിഞ്ഞതിന് ശേഷം പൊലീസ് സ്റ്റേഷനിൽ എത്തി മധുരപലഹാരം നൽകിയ ശേഷമാണ് പഴയങ്ങാടിയിലേക്ക് ഈ കുട്ടികൾ മടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |