കോഴിക്കോട്: ശസ്ത്രക്രിയ കഴിഞ്ഞ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയ യുവതിയെ പീഡിപ്പിച്ച കേസിൽ ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ. കോഴിക്കോട് മെഡിക്കൽകോളജിലെ ഗ്രേഡ് വൺ അറ്റൻഡറായ വടകര മയ്യണ്ണൂർ സ്വദേശി ശശീന്ദ്രൻ (55) ആണ് അറസ്റ്റിലായത്. ഇയാളെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു. സംഭവത്തിനുശേഷം വിനോദയാത്രയ്ക്ക് പോയ ശശീന്ദ്രനെ ഇന്നലെ രാവിലെ പത്തോടെ കോഴിക്കോട് മൊഫ്യൂസൽ സ്റ്റാൻഡിൽവെച്ചാണ് മെഡിക്കൽകോളജ് സി.ഐ. എം.എൽ.ബെന്നി ലാലുവും സംഘവും അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് നഗരം സ്വദേശിനിയായ യുവതി തൈറോയ്ഡ് ശസ്ത്രയ്ക്രിയയ്ക്കായി 13നാണ് മെഡിക്കൽകോളജിൽ അഡ്മിറ്റായത്. 18ന് രാവിലെ ആറുമണിക്കാണ് യുവതിയെ ശസ്ത്രക്രിയയ്ക്കായി കൊണ്ടുപോകുന്നത്. ഉച്ചയ്ക്ക് പന്ത്രണ്ടോടെ ശസ്ത്രക്രിയ കഴിഞ്ഞ് തീവ്രപരിചരണവിഭാഗം വാർഡിലേക്ക് മാറ്റി. അർദ്ധബോധാവസ്ഥയിലായിരുന്ന യുവതിയെ വാർഡിലേക്ക് മാറ്റിയത് ശശീന്ദ്രനായിരുന്നു. വാർഡിലെ ബെഡിലേക്ക് മാറ്റിയപ്പോൾ ഇയാൾ യുവതിയുടെ ശരീരഭാഗങ്ങളിലും സ്വാകാര്യ ഭാഗങ്ങളിലും സ്പർശിക്കുകയും ലൈംഗികമായി സമീപിക്കുകയും ചെയ്‌തെന്നാണ് യുവതിയുടെ മൊഴി. ബലാത്സംഗം, പരിചരിക്കാൻ ബാദ്ധ്യതപ്പെട്ട സർക്കാർ ജീവനക്കാരൻ നടത്തിയ ഗുരുതരമായ കൃത്യവിലോപം, രോഗിക്ക് മാനഹാനി ഉണ്ടാക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ഇയാൾക്കുമേൽ ചുമത്തിയിരിക്കുന്നതെന്ന് സി.ഐ പറഞ്ഞു. ഇയാളെ വൈദ്യപരിശോധനയ്ക്ക് ശേഷം കുന്ദമംഗലം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കുന്ദമംഗലം മജിസ്‌ട്രേറ്റ് നേരിട്ടെത്തി യുവതിയിൽ നിന്നും മൊഴിയെടുത്തിട്ടുണ്ട്. സംഭവത്തിൽ ആരോഗ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം അഡീഷണൽ സൂപ്രണ്ട്, ആർ.എം.ഒ, നഴ്‌സിംഗ് ഓഫീസർ തുടങ്ങിയ മൂന്നംഗസമിതി അന്വേഷണം തുടങ്ങിയിട്ടുണ്ട്.
സ്ത്രീകളുടെ വാർഡിൽ കൈകാര്യം പുരുഷൻമാർക്ക്
കോഴിക്കോട്: തീവ്രപരിചരണ വിഭാഗത്തിൽ ശസ്ത്രക്രിയ കഴിഞ്ഞെത്തിയ യുവതി പീഡനത്തിനിരയാവുമ്പോൾ മറുപടി പറയാനില്ലാതെ കോഴിക്കോട് മെഡിക്കൽകോളേജ് അധികൃതർ. സ്ത്രീകളുടെ വാർഡിൽ പരിചരണവും മരുന്നുനൽകലും അടക്കം സാധാരണഗതിയിൽ വനിതാജീവനക്കാരികളാണെന്നിരിക്കെ കോഴിക്കോട് മെഡിക്കൽകോളേജിലെ പല വാർഡുകളിലും എല്ലാ കൈകാര്യങ്ങളും പുരുഷൻമാർക്ക്. 20ാം വാർഡിലാണ് യുവതി ചികിത്സയിലുണ്ടായിരുന്നത്. അവിടെനിന്നാണ് സർജറിക്കായി പുലർച്ചെ ആറിന് കൊണ്ടുപോകുന്നത്. പന്ത്രണ്ടോടെ പുറത്തേക്ക് കൊണ്ടുവരുമ്പോൾ ഭർത്താവും ബന്ധുക്കളുമെല്ലാം കാത്തിരിക്കുന്നു. അവരുടെ മുന്നിലൂടെയാണ് യുവതിയെ തീവ്രപരിചരണ വാർഡിലേക്ക് മാറ്റുന്നത്. വസ്ത്രം മാറ്റിക്കൊടുക്കുന്നതടക്കം അവിടെ പുരുഷൻമാരാണെന്ന് യുവതിയുടെ ഭർത്താവ് പറയുന്നത്. അർദ്ധ ബോധാവസ്ഥയിലും പ്രത്യേകിച്ച് തൈറോയ്ഡ് സർജറിയുമായതിനാൽ തന്റെ ശരീരത്തിൽ അയാൾ ചെയ്യുന്നതിനോടൊന്നും അവർക്ക് പ്രതികരിക്കാനായില്ല. പിന്നീട് ബോധം വന്നപ്പോൾ മറ്റ് രോഗികളുമായും ഇയാൾ വാർഡിലേക്ക് വരുന്നത് കണ്ടപ്പോൾ ഭീതിയോടെ യുവതി നഴ്‌സിനോട് കാര്യങ്ങൾ പറഞ്ഞു. നഴ്‌സാണ് സർജറി ചെയ്ത ഡോക്ടറുടെ ശ്രദ്ധയിൽപെടുത്തിയത്. അദ്ദേഹം നിർദ്ദേശിച്ച പ്രകാരമാണ് സൂപ്രണ്ടിനും പൊലീസിനും പരാതി നൽകിയതെന്ന് ഭർത്താവ് പറഞ്ഞു. യുവതിയെ ഉപദ്രവിക്കുന്ന സമയത്ത് ഇരുപതോളം രോഗികളുള്ള വാർഡിൽ ആരുമുണ്ടായിരുന്നില്ല. അതെക്കുറിച്ച് ചോദിച്ചപ്പോൾ മറ്റൊരു സുപ്രധാനകേസ് ഉണ്ടായതിനാൽ എല്ലാവരും അങ്ങോട്ടേക്ക് മാറിയപ്പോയെന്നാണ് വിശദീകരണം. ദേഹമാസകലം തീപ്പൊള്ളലേറ്റെത്തിയ യുവതിയ പീഡിപ്പിച്ച വാർഡന്റെ ദുരനുഭവമുണ്ടായിട്ടും ഇപ്പോഴും കോഴിക്കോട് മെഡിക്കൽകോളേജിൽ സംഭവങ്ങളെല്ലാം പഴയപടി തന്നെ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |